എലോൺ മസ്ക്, സാങ്കേതിക വിദ്യയിയിലും ഊർജ വ്യവസായത്തിലും താല്പര്യമുള്ളവരുടെ തലൈവർ ആണ് അദ്ദേഹം. കോടികൾ ആസ്തിയുള്ള ഈ ബിസിനസ് മഗ്‌നറ്റ് ബഹിരാകാശ പര്യവേക്ഷണത്തിലും ചൊവ്വയുടെ കോളനിവൽക്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച കമ്പനിയായ സ്‌പേസ് എക്‌സിന്റെ സിഇഒയാണ്. ഇലക്ട്രിക് വാഹനങ്ങളും പുനരുപയോഗ ഊർജ ഉൽപന്നങ്ങളും നിർമ്മിക്കുന്ന ടെസ്‌ലയുടെ സിഇഒ കൂടിയാണ് അദ്ദേഹം. ടെസ്‌ലയുടെ ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററി ഉൽപന്നങ്ങൾ, സൗരോർജ്ജ ഉൽപന്നങ്ങൾ എന്നിവയുടെ എല്ലാ ഉൽപ്പന്ന ആസൂത്രണം, എഞ്ചിനീയറിംഗ്, ആഗോള ഉൽപ്പാദനം എന്നിവയ്ക്കും എലോൺ നേതൃത്വം നൽകുന്നു. ടെസ്ലയോളം വാഹനപ്രേമികളെ ആകർശിച്ച കമ്പനികൾ ഭൂലോകത്ത് കുറവാണ്. കൂടാതെ, ഭൂഗർഭ ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദി ബോറിംഗ് കമ്പനിയുടെയും മനുഷ്യ മസ്തിഷ്കത്തെ കമ്പ്യൂട്ടറുകളുമായി സംയോജിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ന്യൂറലിങ്കിന്റെ കമ്പനിയുടെയും സ്ഥാപകനാണ് അദ്ദേഹം. മാനവികതയെ ഒരു “മൾട്ടി പ്ലാനറ്ററി സ്പീഷീസ്” ആയി മറ്റുന്നതിലും സോഷ്യൽ മീഡിയയിലെ വിവാദ പ്രസ്താവനകളും പോസ്റ്റുകളും കൊണ്ട് മസ്ക് ശ്രദ്ധേയനാണ്. സാങ്കേതികവിദ്യ, സംരംഭകത്വം എന്നീ മേഖലകളിലെ സംഭാവനകൾക്ക് അദ്ദേഹം ഏറെ അംഗീകാരം നേടിയിട്ടുണ്ട്, കൂടാതെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള ആളുകളുടെ നിരവധി പട്ടികകളിൽ ഇടം നേടിയിട്ടുണ്ട് മസ്ക്.
1.വളർച്ചയുടെ വഴി :
2020 ന്റെ തുടക്കത്തിൽ, മൊത്തത്തിലുള്ള വരുമാനം, വിൽപ്പനയുടെ വളർച്ച, ദീർഘകാല ഓഹരി ഉടമകളുടെ മൂല്യം എന്നിവയുടെ കാര്യത്തിൽ ഏറ്റവും ഉയർന്ന പ്രകടനം കാഴ്ചവച്ച വാഹന നിർമ്മാതാവായിരുന്നു ടെസ്‌ല. 2003ലാണ് ടെസ്‌ല ആരംഭിക്കുന്നത്. അന്ന് മുതൽ സുസ്ഥിരഊർജത്തിലേക്കുള്ള ലോകത്തിന്റെ ട്രാൻസിഷൻ ആയിരുന്നു ടെസ്ലയുടെ ലക്ഷ്യം. 2008-ൽ സിഇഒ സ്ഥാനം ഏറ്റെടുത്ത് അദ്ദേഹം ടെസ്‌ലയുടെ ചെയർമാനും പ്രൊഡക്റ്റ് ആർക്കിടെക്റ്റുമായി. ടെസ്‌ലയുടെ ആദ്യ ഉൽപ്പന്നമായ റോഡ്‌സ്റ്റർ സ്‌പോർട്‌സ് കാർ അരങ്ങേറ്റം കുറിച്ചത് അതേ വർഷം തന്നെയാണ്. തുടർന്ന് 2012-ൽ അവതരിപ്പിച്ച മോഡൽ എസ് സെഡാനും വലിയ നിലക്ക് തന്നെ അംഗീകരിക്കപ്പെട്ടു. 2015-ൽ പുറത്തിറക്കിയ മോഡൽ എക്‌സ് ( Model X) എസ്‌യുവി ഉപഭോക്തൃ റിപ്പോർട്ടുകളിൽ മികച്ച മോഡൽ എന്ന നിലയിൽ അറിയപ്പെട്ടു. മോട്ടോർ ട്രെൻഡ് പ്രകാരം മോഡൽ എക്‌സിന് അൾട്ടിമേറ്റ് കാർ ഓഫ് ദി ഇയർ എന്ന പേര് ലഭിച്ചു. നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്റെ ടെസ്റ്റുകളിൽ എല്ലാ വിഭാഗത്തിലും ഉപവിഭാഗത്തിലും 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ ആദ്യത്തെ എസ്‌യുവിയാണ് മോഡൽ എക്സ് എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. 2017ൽ ടെസ്‌ല ഒരു മാസ്സ് മാർക്കറ്റ് ഇലക്ട്രിക് കാർ ആയ മോഡൽ 3 വിപണിയിലിറക്കി. 320 മൈലിലധികം റെഞ്ച് ഉണ്ട് മോഡൽ 3ക്ക്. ഉപഭോക്താക്കൾക്ക് 10 ലക്ഷം മൈലുകൾക്ക് കുറഞ്ഞത് രണ്ട് ലക്ഷം ഡോളർസ് ലാഭിക്കാം എന്ന ലക്ഷ്യത്തോടെയായിരുന്നു മോഡൽ 3യുടെ രൂപകല്പന. അദ്ദേഹം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ കമ്പനിയായ ഓപ്പൺഎഐയുടെ സഹസ്ഥാപകനായത് 2015ലാണ്. 2006-ൽ സോളാർസിറ്റി എന്ന സോളാർ എനർജി കമ്പനി സ്ഥാപിക്കാൻ അദ്ദേഹം സഹായിച്ചു. പിന്നീട് 2016ൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ സൗരോർജ്ജ സംവിധാനങ്ങളുടെ മുൻനിര ദാതാക്കൾ കൂടിയായ സോളാർസിറ്റി ഏറ്റെടുക്കുന്നതോടെ ലോകത്തിലെ ആദ്യത്തെ സുസ്ഥിര ഊർജ്ജ കമ്പനിയായി ടെസ്‌ല മാറി.
വിവാദ പ്രസ്താവനകൾ!
മസ്ക് രാഷ്ട്രീയത്തിലും സാങ്കേതിക വിദ്യയിലും ട്വിറ്റെർ വഴി വിവാദ പ്രസ്താവനകൾ നടത്തിയ പേരിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. കോവിഡ് 19 കാലഘട്ടത്തിൽ അശാസ്ത്രീയവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകൾ നടത്തിയതിന് മസ്ക് പരക്കെ വിമർശിക്കപ്പെട്ടിരുന്നു. 2018ൽ ടെസ്ലയെ ഏറ്റെടുക്കുന്നതിൽ താൻ ഫണ്ടിങ്ങ് കൈപ്പറ്റിയെന്ന തെറ്റായ വിവരം ട്വീറ്റ് ചെയ്തതിന് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ (എസ്‌ഇസി) മസ്കിന്റെ പേരിൽ കേസെടുത്തിരുന്നു. മസ്‌ക് ടെസ്‌ലയുടെ ചെയർമാൻ സ്ഥാനം ഒഴിയുകയും SEC-യുമായുള്ള ഒത്തുതീർപ്പ് കരാറിന്റെ ഭാഗമായി 20 ദശലക്ഷം ഡോളർ പിഴ നൽകേണ്ടതായും വന്നു.
2.പ്രഗത്ഭരായ മാതാപിതാക്കളുടെ മിടുക്കനായ മകൻ :
ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ 1971 ജൂൺ 28 നാണ് എലോൺ റീവ് മസ്‌ക് ജനിച്ചത്. മസ്കിന്റെ അമ്മ മോഡലും ഡയറ്റിഷ്യനും ആയിരുന്നു. പിതാവ് എറോൾ മസ്‌ക് , ഒരു ദക്ഷിണാഫ്രിക്കൻ ഇലക്‌ട്രോ മെക്കാനിക്കൽ എഞ്ചിനീയറും, പൈലറ്റും, നാവികനും, കൺസൾട്ടന്റും, പ്രോപ്പർട്ടി ഡെവലപ്പറുമായിരുന്നു. സമ്പന്ന കുടുംബമായിരുന്നു മസ്കിന്റേത്. കുഞ്ഞു മസ്ക് ഒരു അന്തർമുഖനായ കുട്ടിയായിരുന്നു. പത്താം വയസ്സിൽ തന്നെ മസ്ക് എങ്ങനെ പ്രോഗ്രാം ചെയ്യാമെന്ന് കണ്ടെത്തി കമ്പ്യൂട്ടിംഗിലും വീഡിയോ ഗെയിമുകളിലും താൽപ്പര്യം വളർത്തി. പന്ത്രണ്ടാം വയസ്സിൽ, അദ്ദേഹം തന്റെ ബേസിക് ഗെയിമായ “ബ്ലാസ്റ്റാർ” പിസിക്കും ഓഫീസ് ടെക്നോളജി മാസികയ്ക്കും വേണ്ടി ഏകദേശം $500-ന് വിറ്റു. ചെറുപ്പം മുതലേ കൊച്ചു മസ്ക് സാങ്കേതിക – വിനോദ മേഖലകളിൽ വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്നു.
3.കരിയർ കെട്ടിപ്പടുത്തതെങ്ങനെ?
പഠനത്തിന് ശേഷം മസ്ക് കനേഡിയൻ പാസ്സ്പോർട്ടിന് അപേക്ഷിച്ചു. മസ്കിന്റെ അമ്മ ഒരു കനേഡിയൻ വംശജയായിരുന്നു. അമേരിക്കയിലേക്ക് കുടിയേറുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പാസ്സ്പോർട്ട് ലഭിക്കുന്ന വരെ മസ്ക് വെറുതെ ഇരുന്നില്ല, ഉപരിപഠനത്തിനായി ചേർന്നു. 1989 ജൂണിൽ മസ്ക് കാനഡയിലെത്തി, ഒരു വർഷത്തോളം സസ്‌കാച്ചെവാനിലെ ഒരു ബന്ധുവിനോടൊപ്പം താമസിച്ചു.
ഒരു ഫാമിലും തടി മില്ലിലുമായി ചെറിയ ജോലികൾ ചെയ്താണ് മസ്ക് ഉപജീവനം കണ്ടെത്തിയത്. 1990-ൽ അദ്ദേഹം ഒന്റാറിയോയിലെ കിംഗ്സ്റ്റണിലുള്ള ക്വീൻസ് യൂണിവേഴ്സിറ്റിയിൽ ചേർന്നു. രണ്ട് വർഷത്തിന് ശേഷം, അദ്ദേഹം പെൻസിൽവാനിയ സർവകലാശാലയിലേക്ക് (യുപിഎൻ) സ്ഥലം മാറുകയായിരുന്നു. അവിടെ അദ്ദേഹം വാർട്ടൺ സ്കൂളിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ആർട്സ് ബിരുദവും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. ട്യൂഷൻ ഫീസ് നൽകാനായി മസ്ക് വലിയ പാർട്ടികൾ നടത്തിയാണ് പണം കണ്ടെത്തിയത്. കൂടാതെ ഗൂഗിളിന് സമാനമായ ഒരു ഇലക്ട്രോണിക് ബുക്ക് സ്‌കാനിംഗ് സെർവിസിന് ബിസിനസ് പ്ലാൻ തയ്യാറാക്കിയും മസ്ക് പണം കണ്ടെത്തി. സ്റ്റോറേജ് സ്റ്റാർട്ടപ്പായ പിനാക്കിൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും പാലോ ആൾട്ടോ അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പ് റോക്കറ്റ് സയൻസ് ഗെയിംസിലും മസ്ക് ഇന്റേൺഷിപ്പ് പൂർത്തിയാക്കി.
4.ബിസിനസ് കരിയറിലെ മസ്കിന്റെ ബൂം!
മസ്‌കും സഹോദരൻ കിംബാലും ഗ്രെഗ് കൂരിയും ചേർന്ന് Zip2 സ്ഥാപിച്ചത് 1995ലാണ്. കമ്പനി മാപ്‌സ്, ദിശകൾ, യെല്ലോ പേജുകൾ എന്നിവയുള്ള ഒരു ഇന്റർനെറ്റ് സിറ്റി ഗൈഡ് വികസിപ്പിച്ചെടുത്ത അവർ, അത് പത്രങ്ങൾക്ക് വിറ്റു. പാലോ ആൾട്ടോയിലെ ഒരു ചെറിയ കെട്ടിടത്തിലാണ് മസ്ക് ഓഫീസ് സ്ഥാപിച്ച് ജോലി ചെയ്തത്. രാത്രി വൈകി ഇരുന്നും മസ്ക് വെബ്സൈറ്റ് കോഡിങ് ജോലികൾ ചെയ്തു. മസ്കിന്റെ കഠിനാധ്വാനം കൊണ്ട് ചുരുങ്ങിയ കാലയളവ് കൊണ്ടുതന്നെ Zip2 ന്യൂയോർക്ക് ടൈംസ് , ചിക്കാഗോ ട്രിബ്യൂൺ തുടങ്ങിയ മുന്തിയ കമ്പനികളുമായി കരാർ ഒപ്പിട്ടു. പിന്നീട് 1999ൽ കോംപാക്ക് എന്ന കമ്പനിക്ക് zip2 307 മില്യൺ ഡോളറിന് വിൽക്കുകയായിരുന്നു. അതിൽ മസ്കിന്റെ വിഹിതമായ 22 മില്യൺ ഡോളർ അദ്ദേഹത്തിന് ലഭിച്ചു.
X.com, Paypal സ്ഥാപിച്ചപ്പോൾ!
zip2ൽ നിന്നും ഒഴിഞ്ഞതിന് ശേഷം മസ്ക് 1999-ൽ ഒരു ഓൺലൈൻ സാമ്പത്തിക സേവനങ്ങളുടെയും ഇ-മെയിൽ പേയ്‌മെന്റ് കമ്പനിയുമായ X.com- ന്റെ സഹസ്ഥാപകനായി. ഫെഡറൽ ഇൻഷുർ ചെയ്ത ആദ്യത്തെ ഓൺലൈൻ ബാങ്കുകളിൽ ഒന്നാണ് x.com. ആരംഭത്തിൽ തന്നെ വലിയ സ്വീകാര്യതയാണ് x. com ന് ഉപഭോക്താക്കൾ നൽകിയത്. രണ്ട് ലക്ഷത്തിലധികം പേർ ആദ്യനാളുകളിൽ തന്നെ ചേർന്നു. കമ്പനി സ്ഥാപിച്ചത് മസ്ക് ആണെങ്കിലും അദ്ദേഹത്തെ ആളുകൾ പരിചയസമ്പത്ത് ഇല്ലാത്തയാൾ എന്ന് വിലയിരുത്തി. തുടർന്ന് അദ്ദേഹത്തെ സിഇഒ സ്ഥാനത്ത് നിന്നും മാറ്റുകയായിരുന്നു.
2000ൽ ഓൺലൈൻ ബാങ്കിംഗ് മേഖലയിലെ മത്സരം ഒഴിവാക്കാനായി X. com മറ്റൊരു ഓൺലൈൻ ബാങ്കിംഗ് സ്ഥാപനമായ കോൺഫിനിറ്റിയുമായി ലയിച്ചു. X. com ന്റെ മണി ട്രാൻസ്ഫർ സേവനങ്ങളെക്കാൾ കോൺഫിനിറ്റിയുടെ പേപാൽ(Paypal) മണി ട്രാൻസ്ഫർ സേവനം കൂടുതൽ ജനപ്രിയമായതാണ് അത്തരത്തിൽ ഒരു ലയനത്തിന് കാരണം. ലയനത്തിന് ശേഷം ഒരിക്കൽ സിഇഒ സ്ഥാനത്ത് നിന്നും മാറ്റപ്പെട്ട മസ്ക് സിഇഒ ആയി തന്നെ അധികാരമേറ്റ് തിരിച്ചുവന്നു.
2002ൽ 1.5 ബില്യൺ ഡോളറിന് പേപാൽ(Paypal) ഇ-ബേ (e-bay) ഏറ്റെടുത്തു. പേപാലിന്റെ ഏറ്റവും വലിയ ഓഹരി ഉടമയായ മസ്കിന് 175.8 മില്യൺ ഡോളർ ലഭിച്ചു. തന്റെ ആദ്യ സ്ഥാപനമായ X. com നോടുള്ള വൈകാരിക താല്പര്യം മൂലം X. com എന്ന ഡോമെയിൻ പേര് മസ്ക് വാങ്ങുകയായിരുന്നു.
സ്പേസ് എക്സ് (SpaceX)
2001ൽ മസ്ക് മാർസ് സൊസൈറ്റിയുമായി ചേർന്നു. തുടർന്ന് ചൊവ്വയിൽ സസ്യങ്ങൾക്കായി ഒരു വളർച്ചാ മുറി സ്ഥാപിക്കുന്നതിനുള്ള ഫണ്ടിംഗ് പദ്ധതികളെക്കുറിച്ച് ചർച്ച ആരംഭിച്ചു. 2001 ഒക്ടോബറിൽ, ഹരിതഗൃഹ പേലോഡുകൾ ബഹിരാകാശത്തേക്ക് അയയ്ക്കാൻ കഴിയുന്ന ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകൾ (ICBMs) വാങ്ങുന്നതിനായി അദ്ദേഹം മോസ്കോയിലേക്ക് പോയി. എന്നാൽ അവർ മസ്‌കിനെ ഒരു തുടക്കക്കാരനായി കാണുകയും മസ്കും സംഘവും വെറുംകൈയോടെ അമേരിക്കയിലേക്ക് മടങ്ങുകയും ചെയ്തു. മസ്കിന്റെയും സംഘത്തിന്റെയും തുടരേയുള്ള പരിശ്രമങ്ങൾക്കൊടുവിൽ 2015-ൽ SpaceX ഒരു ഉൾനാടൻ പ്ലാറ്റ്‌ഫോമിൽ ഒരു ഫാൽക്കൺ 9 ന്റെ ആദ്യ ഘട്ടം വിജയകരമായി ഇറക്കി. പുനരുപയോഗിക്കാവുന്ന റോക്കറ്റുകൾ എന്നതായിരുന്നു ലക്ഷ്യം. 2019 മുതൽ സ്‌പേസ് എക്‌സ് പൂർണ്ണമായും പുനരുപയോഗിക്കാവുന്ന, സൂപ്പർ-ഹെവി-ലിഫ്റ്റ് ലോഞ്ച് വെഹിക്കിളായ സ്റ്റാർഷിപ്പ് വികസിപ്പിക്കുന്നു. സ്പേസ് എക്‌സിന്റെ ആദ്യ ക്രൂഡ് ഫ്ലൈറ്റായ ഡെമോ 2 വിക്ഷേപിച്ചത് 2020ലാണ്. ബഹിരാകാശയാത്രികരെ ഭ്രമണപഥത്തിൽ എത്തിക്കുന്ന ആദ്യത്തെ സ്വകാര്യ കമ്പനിയായി സ്പേസ് എക്സ് അറിയപ്പെട്ടു.
ടെസ്‌ല
മസ്കിന്റെ പങ്കാളിത്തത്തിന് മുമ്പ് ടെസ്‌ലയുടെ ആദ്യകാല വളർച്ചക്കും വികസനത്തിനും സജീവ പങ്ക് വഹിച്ചത് മാർട്ടിൻ എബർഹാർഡും മാർക്ക് ടാർപെനിംഗും ചേർന്നാണ്. ടെസ്‌ലയിൽ 6.5 മില്യൺ ഡോളർ നിക്ഷേപിച്ച് മസ്ക് മുഖ്യ ഓഹരിയുടമയും ഡയറക്ടർ ബോർഡിലെ ചെയർമാനും ആയി അധികാരമേറ്റു. കമ്പനിയിലെ സാധാരണ പ്രവർത്തനങ്ങളിൽ മസ്ക് വലിയ പങ്ക് വഹിച്ചിരുന്നില്ല. റോഡ്‌സ്റ്റർ ഉൽപ്പന്ന രൂപകൽപ്പനയ്ക്ക് മേൽനോട്ടം വഹിച്ചത് മസ്ക് ആണ്. അദ്ദേഹം കമ്പനിയിലെ മർമപ്രധാനമായ കാര്യങ്ങളിൽ മാത്രം സജീവമായി ഇടപെട്ടു. 2008-ൽ മസ്‌ക് സിഇഒയും പ്രൊഡക്‌ട് ആർക്കിടെക്‌റ്റുമായി കമ്പനിയുടെ നേതൃത്വം ഏറ്റെടുത്തു. ഏതൊരു വാഹന നിർമ്മാതാക്കളുടെയും ഇടയിൽ ഏറ്റവും കൂടുതൽ കാലം സിഇഒ ആയി പ്രവർത്തിച്ച വ്യക്തി എന്ന നിലയിലും മസ്ക് ശ്രദ്ധേയനായി. റോഡ്സ്റ്റർ നിർമിച്ചാണ് ടെസ്‌ല അതിന്റെ ആദ്യത്തെ ഇലക്ട്രിക് സ്പോർട്സ് കാർ സീരീസ് ആരംഭിച്ചത്. 2500 കാറുകളുടെ വില്പന നടത്തിയ ടെസ്‌ല ലിഥിയം-അയൺ ബാറ്ററി സെല്ലുകൾ ഉപയോഗിക്കുന്ന ആദ്യത്തെ സീരിയൽ പ്രൊഡക്ഷനായ ഓൾ-ഇലക്‌ട്രിക് കാറുകളുടെ നിർമ്മതാവായി. 2006ൽ സോളാർസിറ്റിയുടെ ആശയവും മൂലധനവും നൽകിയത് മസ്കാണ്. 2013 ആയപ്പോഴേക്കും സോളാർ സിറ്റി യുണൈറ്റഡ് സ്റ്റേറ്റ്സിലെ സൗരോർജ്ജ സംവിധാനങ്ങളുടെ രണ്ടാമത്തെ വലിയ ദാതാവായി. ടെസ്‌ല എനർജി എന്ന സ്ഥാപനം ആരംഭിക്കുന്നതിനായി ടെസ്‌ല 2016ൽ സോളാർസിറ്റിയെ രണ്ട് ബില്യൺ ഡോളറിന് വിലക്ക് വാങ്ങി. തുടർന്ന് സോളാർസിറ്റിയുടെ ഓഹരി ഉടമകൾ മാസ്കിനെതിരെ മസ്ക് സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയാണ് സോളാർസിറ്റി വാങ്ങിയതെന്ന് ആരോപിച്ച് കേസ് ഫയൽ ചെയ്തു. എന്നാൽ 2020ൽ കോടതി മസ്കിന് അനുകൂലമായാണ് വിധി പ്രഖ്യാപിച്ചത്.
ട്വിറ്റെർ.
ട്വിറ്റെർ വാങ്ങുന്നതിനായി 2017ൽ തന്നെ മസ്ക് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 2022 ജനുവരിയിൽ, ട്വിറ്റർ ഓഹരികൾ വാങ്ങാൻ തുടങ്ങിയ മസ്ക് ഏപ്രിലോടെ ട്വിറ്ററിന്റെ 9.2% ഓഹരി സ്വന്തമാക്കി. തുടർന്ന് ട്വിറ്ററിന്റെ ബോർഡ് ഓഫ് ഡയറക്ടർസിലേക്ക് മസ്കിനെ നിയമിച്ചു. എന്നാൽ കമ്പനിയുടെ 14.9% ത്തിൽ കൂടുതൽ ഓഹരി ഏറ്റെടുക്കുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കുന്ന കരാർ മുന്നോട്ട് വച്ചു. കരാറിന് മസ്‌ക് സമ്മതിച്ചു.
മസ്‌കിന്റെ സംരംഭങ്ങൾ അദ്ദേഹത്തിന്റെ സ്വന്തം വ്യവസായങ്ങളിൽ സ്വാധീനം ചെലുത്തിയിരുന്നെങ്കിലും, 2010-ന്റെ തുടക്കത്തിൽ മാത്രമാണ് മസ്‌ക് ഒരു സെലിബ്രിറ്റിയായി മാറിയത്. ഏകാന്തത ഇഷ്ടപ്പെടുന്ന കോടീശ്വരന്മാർക്കിടയിൽ സ്വതസിദ്ധവും വിവാദപരവുമായ പ്രസ്താവനകൾ നടത്തുന്ന മസ്ക് ഒരു വിചിത്രമായ സ്വഭാവക്കാരനാണ്. ഒരേ സമയം ആരാധകരാൽ ആഘോഷിക്കപ്പെടുകയും വിമർശകരാൽ ട്രോൾ ചെയ്യപ്പെടുകയും ചെയ്ത എലോൺ മസ്ക് ഇപ്പോൾ ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു…
സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…
സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…