പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലെ മൂന്ന് കൂട്ടുകാര്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നേരില്‍ കാണാന്‍ ചെന്നു. ചാന്‍സ് ചോദിക്കലല്ല, ഓട്ടോഗ്രാഫ് അല്ല, ഫോട്ടോ എടുക്കലുമല്ലായിരുന്നു ഉദ്ദേശം. അവര്‍ മൂന്നു പേരും ചേര്‍ന്ന് തുടങ്ങിയ ബിസിനസില്‍ നിക്ഷേപകന്‍ ആകാന്‍ ക്ഷണിക്കുന്നതിനായിരുന്നു ഷൂട്ടിംഗ് സെറ്റിലേക്കുള്ള വരവ്.
കാര്യങ്ങള്‍ കേട്ട മമ്മൂട്ടി അവരെ തന്റെ സാമ്പത്തിക ഉപദേഷ്ടാവിന്റെ അടുത്തേക്ക് അയച്ചു. അവിടെ നിന്നും ഒരു നിക്ഷേപകനിലേക്കും അവര്‍ എത്തി. ഇതായിരുന്നു കേരളത്തിലെ ആദ്യ സ്റ്റാര്‍ട്ടപ്പിന്റെ വഴിത്തിരിവ്. മോബ്മി എന്ന സ്റ്റാര്‍ട്ട് അപ്പ് ഇന്ന് ഇന്ത്യ മുഴുവന്‍ വേരുകള്‍ ഉള്ള ടെക്‌നോളജി സംരംഭമായി വളര്‍ന്നിരിക്കുന്നു. അന്ന് തിരുവനന്തപുരത്ത് സ്വന്തം ഓഫീസ് തുറന്നു ഇപ്പോള്‍ കൊച്ചി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലും സാന്നിധ്യം ഉണ്ട്.
സഞ്ജയ് വിജയകുമാര്‍, സോണി ജോയ്, വിവേക് സ്റ്റീവ് ഫ്രാന്‍സിസ് എന്നിവരായിരുന്നു മമ്മൂട്ടിക്ക് മുന്നില്‍ എത്തിയ ആ മൂന്നു കൂട്ടുകാര്‍.ഇവര്‍ ബിസിനസിലേക്ക് എത്തിയത് എഞ്ചിനീയറിങ്ങ് നാലാം സെമസ്റ്റര്‍ ആയിരുന്നു. കൂട്ടത്തില്‍ ഒരാളുടെ തലയില്‍ ഒരു ഐഡിയ കത്തി. കൂട്ടുകാര്‍ക്കിടയില്‍ മൊബൈല്‍ സിം കാര്‍ഡുകളുടെ വില്‍പ്പന. കൂട്ടുകാര്‍ക്ക് തമ്മില്‍ കുറഞ്ഞ നിരക്കില്‍ സംസാരിക്കാവുന്ന ഒരു സിം ആകുമ്പോള്‍ കോളേജില്‍ തന്നെ അത് വന്‍ ഹിറ്റ് ആകും. അതില്‍ സൗജന്യ എസ്എംഎസ് കള്‍ കൂടിയുണ്ടെങ്കില്‍ പറയുകയും വേണ്ട. ഫുള്‍ ടോക്ക് ടൈം, പെര്‍ സെക്കന്‍ഡ് ബില്ലിംഗ് എന്നീ ആശയങ്ങളും ഒരുക്കി. ചങ്ങാതിക്കൂട്ടം ബിപിഎല്‍ മൊബൈലിനെ സമീപിച്ചു അവര്‍ക്കും സംഗതി ഇഷ്ടപ്പെട്ടു. മൂന്ന് മാസം കൊണ്ട് ഇവര്‍ വിറ്റത് 14,000 സിം കാര്‍ഡുകള്‍ പോക്കറ്റില്‍ നിറഞ്ഞത് 8 ലക്ഷം രൂപ.
ബിപിഎല്ലില്‍ നിന്നു തന്നെ മറ്റു വലിയ പ്രോജക്ടുകള്‍ കിട്ടി. അങ്ങനെ 2006 ഡിസംബറില്‍ മോബ്മി വയര്‍ലെസ് സൊല്യൂഷന്‍സ് എന്ന പേരില്‍ ടെക്‌നോപാര്‍ക്കിലെ ടെക്‌നോളജി ഇന്‍കുബേഷനില്‍ ഇന്ത്യയിലെ ആദ്യത്തെ വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പ് പിറവിയെടുത്തു. ഇതിനുശേഷമായിരുന്നു മമ്മൂട്ടിയെ കാണാനുള്ള പോക്ക്.
ഇന്ത്യയില്‍ മൊബൈല്‍ ഫോണിന് ഒപ്പം മോബ്മിയും വളര്‍ന്നു. സിം വിറ്റ് തുടങ്ങിയ ഇവര്‍ പിന്നീട് മൊബൈല്‍ സേവനദാതാക്കള്‍ക്ക് സോഫ്റ്റ് വെയറും മാനേജ്‌മെന്റ് സര്‍വീസസും ഒരുക്കി. എയര്‍ടെല്ലും എയര്‍സെല്ലും വോഡഫോണും ഒക്കെ ഈ ചെറുപ്പക്കാരെ തേടിയെത്തി. 2011 -12 ഓടെ ജീവനക്കാരുടെ എണ്ണം 180 ലേക്ക് എത്തി.
ടെലികോം രംഗത്ത് മത്സരം ശക്തമായതോടെ കമ്പനികള്‍ ചെലവ് ചുരുക്കലിലേക്ക് നീങ്ങി. ഇതോടെ ലഭിച്ചിരുന്ന കരാറുകളുടെ തുകയും കുറഞ്ഞു. കമ്പനി പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന ഘട്ടം വന്നതോടെ ജീവനക്കാരുടെ എണ്ണം കുറച്ചു കൊണ്ടായിരുന്നു അവര്‍ അതിനെ നേരിട്ടത്. വീണ്ടും ഇതു പോലെയുള്ള പ്രതിസന്ധികളില്‍ പെടാതിരിക്കാന്‍ അവര്‍ കൂടുതല്‍ മേഖലയിലേക്ക് സാന്നിധ്യം വ്യാപിപ്പിച്ചു. ഈ കോമേഴ്‌സ്, വ്യോമയാനം, ബാങ്കിംഗ്, ധനകാര്യ സേവനം, ചില്ലറ വ്യാപാരം എന്നീ മേഖലകള്‍ക്ക് ആവശ്യമായ സോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കുന്നത് അങ്ങനെയാണ്.
പ്രവര്‍ത്തനം തുടങ്ങി 10 വര്‍ഷം പിന്നിട്ടതോടെ നൂതനമായ അനലിറ്റിക് മേഖലയിലേക്കും സാന്നിധ്യം വ്യാപിപ്പിച്ചു. ‘ചില്ലര്‍ ‘എന്ന പേരില്‍ മള്‍ട്ടി ബാങ്ക് മൊബൈല്‍ ബാങ്കിംഗ് ആപ്പ് വികസിപ്പിച്ച ഫിനാന്‍ഷ്യല്‍ ടെക്‌നോളജി രംഗത്തും ശക്തമായ സാന്നിധ്യമായി. ചില്ലറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പിന്നീട് മുംബൈ ആസ്ഥാനമാക്കി ബാക്ക് വാട്ടര്‍ ടെക്‌നോളജി എന്ന കമ്പനി രൂപീകരിച്ചു.
ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭം കെട്ടിപ്പടുക്കുന്നതിനിടയില്‍ തന്നെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നല്ല ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ കൂടി ശ്രമിക്കുന്നവരാണ് സഞ്ജയ് വിജയകുമാറും കൂട്ടരും. സഞ്ജയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് കൊച്ചിയില്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജിന് തുടക്കം കുറിച്ചത് അങ്ങനെയാണ്. സ്റ്റാര്‍ട്ട് അപ്പ് വില്ലേജിന്റെ ഡിജിറ്റല്‍ പതിപ്പായ എസ് വി ഡോട്ട് കോം(SV. COM) രാജ്യമൊട്ടാകെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്നു.
മാറ്റങ്ങള്‍ വളരെ വേഗത്തിലാണ് സംഭവിക്കുന്നത്. ആ മാറ്റങ്ങള്‍ ഉള്‍കൊണ്ട് ലാഭകരമായ ബിസിനസ് മോഡലുകള്‍ ആക്കി മാറ്റുവാന്‍ കഴിഞ്ഞാല്‍ സംരംഭക രംഗത്ത് വിജയിക്കാന്‍ സാധിക്കും. മാറ്റങ്ങള്‍ക്ക് അനുസരിച്ച് മടിച്ചു നില്‍ക്കാതെ സ്വയം മാറുകയല്ലാതെ മറ്റു വഴികളില്ലെന്നും ഈ മൂന്നു കൂട്ടുകാര്‍ ഒരേ സ്വരത്തില്‍ പറയുന്നു.
മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു…
സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…
സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…