ന്യൂഡൽഹി: രാജ്യത്ത് 2023 മേയ് 19ന് നിരോധിച്ച 2000 രൂപ നോട്ടുകളില്‍ 98.47 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. പിൻവലിക്കുന്പോൾ 3.56 ലക്ഷം കോടിയുടെ നോട്ടുകളായിരുന്നു വിപണിയിലുണ്ടായിരുന്നത്. നിലവില്‍ ബാങ്ക് ശാഖകള്‍ വഴി നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിയില്ല. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ രാജ്യത്തെ 19 ഇഷ്യൂ ഓഫീസുകള്‍ വഴി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നോട്ടുകള്‍ മാറാനോ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനോ സാധിക്കും.
ആര്‍ബിഐ ഓഫീസുകളില്‍ നേരിട്ട് എത്താന്‍ കഴിയാത്തവര്‍ക്ക് രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും ഇന്‍ഷ്വർ ചെയ്ത പോസ്റ്റ് വഴി നോട്ടുകള്‍ റിസര്‍വ് ബാങ്കിലേക്ക് അയയ്ക്കാം. ഇത് ഉടമയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം റിസര്‍വ് ബാങ്ക് ഒരുക്കിയിട്ടുണ്ട്.