കേരളത്തിൽ നിന്ന് കഴിഞ്ഞ മാസം ചരക്ക് സേവന നികുതിയായി (GST) പിരിച്ചെടുത്തത് 2,515 കോടി രൂപ. 2022 നവംബറിലെ 2,094 കോടി രൂപയേക്കാൾ 20 ശതമാനം അധികമാണിത്. അതേസമയം, നടപ്പു വർഷം ഏപ്രിൽ-നവംബർ കാലയളവിലെ ജി.എസ്.ടി വിഹിതമായി കേരളത്തിന് കേന്ദ്രം അനുവദിച്ചത് 20,623 കോടി രൂപയാണ്. മുൻവർഷത്തെ സമാന കാലയളവിലെ 19,657 കോടി രൂപയേക്കാൾ 5 ശതമാനം അധികമാണിത്.
1.67 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ മാസം ദേശീയതലത്തിൽ ജി.എസ്.ടിയായി പിരിച്ചെടുത്തത്. 2022 നവംബറിലെ 1.45 ലക്ഷം കോടി രൂപയേക്കാൾ 15 ശതമാനം വർധനയാണുണ്ടായത്. ഒക്ടോബറിൽ ഇത് 1.72 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ മാസത്തെ ജി.എസ്.ടി പിരിവിൽ 30,420 കോടി രൂപയാണ് കേന്ദ്ര ജി.എസ്.ടി (CGST). 38,226 കോടി രൂപയാണ് സംസ്ഥാന ജി.എസ്.ടിയായി (SGST) ലഭിച്ചത്. സംയോജിത ജി.എസ്.ടിയായി (IGST) 87,009 കോടി രൂപയും സെസ് ഇനത്തിൽ 12,274 കോടി രൂപയും പിരിച്ചെടുത്തു.
മഹാരാഷ്ട്രയാണ് ഏറ്റവുമധികം ജി.എസ്.ടി പിരിച്ചെടുക്കുന്ന സംസ്ഥാനം. 18 ശതമാനം വർധനയോടെ 25,585 കോടി രൂപയാണ് കഴിഞ്ഞമാസം മഹാരാഷ്ട്രയിൽ നിന്ന് പിരിച്ചെടുത്തത്. കർണാടക (11, 970 കോടി രൂപ), ഗുജാറാത്ത് (10,853 കോടി രൂപ), തമിഴ്നാട് (10,022 കോടി രൂപ) എന്നിവയാണ് പിന്നാലെയുള്ളത്. 31 കോടി രൂപയുമായി ആൻഡമാൻ ആൻഡ് നിക്കോബർ ഐലൻഡാണ് ഏറ്റവും പിന്നിൽ.