ഫാം ടൂറിസത്തിന്റെ സാധ്യതകള്‍ തുറക്കുന്നത് അഗ്രാ ടൂറിസത്തിന്റെ പുതിയ ഇടനാഴികളിലേക്ക്
നമ്മുടെ കൃഷിയിടങ്ങളെ ഇനി കാഴ്ചയിടങ്ങൾ ആക്കി മാറ്റിയാലോ .സഞ്ചാരികൾക്ക് മികവാർന്ന ഒരു കാഴ്ചയും അനുഭവവും ആയിരിക്കും അത്. അത്രയേറെ സുന്ദരമാണ് നമ്മുടെ പ്രകൃതിയും, കൃഷിയിടങ്ങളും .
കൃഷി, ടൂറിസം, ഗ്രാമ വികസനം എന്നിവ ചേർന്ന അഗ്രോ ടൂറിസം അത്തരം സാധ്യതാണൊരുക്കുന്നത് . ഫാം ടൂറിസത്തിൽ നിന്നും അഗ്രോ ടൂറിസം വ്യത്യസ്തമാക്കുന്നത് വിവിധ കൃഷികൾ ചെയ്യുന്ന ആ പ്രദേശത്തെ വൻകിട – ചെറുകിട – നാമമാത്ര കൃഷിക്കാർ ഉൾപ്പെടെ എല്ലാ കൃഷിക്കാരും അഗ്രോ ടൂറിസത്തിൻ്റെ പ്രയോജകരായി മാറുന്നു എന്നത് . ഒപ്പം കാർഷിക ഉൽപ്പന്നങ്ങളിൽ നിന്ന് മറ്റ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നവർ ,ഭക്ഷ്യവസ്തുക്കൾ ഉണ്ടാകുന്നവർ മറ്റ് സംരംഭകർ എന്നിവരൊക്കെ ഇതിനൊപ്പം ചേരുന്നു .ഒരു നാട് തന്നെയാണ് ഇതിൻ്റെ ഗുണഭോക്താക്കൾ .
ഒരേ സമയം കൂടുതൽ കർഷകർക്ക് കൃഷിക്കൊപ്പം മറ്റൊരു വരുമാനവും ,അവന്റെ ഉൽപ്പന്നങ്ങൾക്ക് സഞ്ചാരികളിലൂടെ ഉള്ള വിപണന സാധ്യതകളും കൃഷിക്കാരന് അഗ്രോ ടൂറിസം നൽകുന്നു .കൂടാതെ പരസ്പരം ആശയ പങ്കുവെക്കുവാനും ഈ മേഖലയിൽ നിക്ഷേപ പങ്കാളികളാകുവാൻ താൽപ്പര്യമുള്ളരെ കണ്ടെത്തുവാനും കർഷകന് കഴിയുന്നു .
സഞ്ചാരികളെ സംബന്ധിച്ചിടത്തോളം വ്യത്യസ്തങ്ങളായ കാഴ്ചകളും അനുഭവങ്ങളുമാണ് താൽപ്പര്യപ്പെടുന്നത് . അത്തരത്തിൽ വൈവിധ്യങ്ങളുള്ള കൃഷികളെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ഉള്ള അറിവുകളും ,കാഴ്ചകളും അവർക്ക് അഗ്രോ ടൂറിസം വഴി സാധ്യമാവുന്നു . നല്ല ഭക്ഷണം ,കലകൾ ചരിത്രങ്ങൾ, പ്രാദേശിക വൈവിധ്യങ്ങൾ എന്നിവ അറിയുവാനും, ആസ്വദിക്കുവാനും ഉള്ള അവസരവും വന്നു ചേരുന്നു . ഒപ്പം ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കൾ കർഷകരിൽ നിന്നും ഫാം ഫ്രഷ് ഉൽപ്പന്നങ്ങൾ കൃഷിയിടങ്ങളിൽ നിന്നും നേരിട്ട് സംഭരിക്കുവാനുള്ള ഒരു അവസരവും ലഭ്യമാക്കുന്നു . നല്ല കാഴ്ചകളും ,കാർഷിക പ്രവൃത്തികളിൽ കർഷകർക്കൊപ്പം കുറച്ച് സമയം ചിലവഴിക്കുക വഴിയുള്ള കുളിർമ്മയും നൽകുന്ന ഉന്മേഷം സഞ്ചാരികൾക്ക് ഏറെ വലുതാണ് .കൃഷിയിടങ്ങളിലെ താമസവും ,ഭക്ഷണവും ,ആസ്വാദനവും പുതിയ അറിവുകളും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതായി മാറും. കൃഷിയിലേക്കുള്ള സഞ്ചാരികളായ ചിലരുടെ മാറ്റത്തിനും ഇത് സഹായകമാകാം .
കർഷകരുടെയും ഒപ്പം തൽപ്പരരായ ആളുകളുടെയും കൂട്ടായ്മകൾ ഓരോ പ്രദേശത്തും ഉണ്ടാക്കി അഗ്രോ ടൂറിസം വില്ലേജുകൾ ഉണ്ടാക്കുക എന്നതാണ് ആദ്യഘട്ടം .പ്രദേശത്തെ അവസ്ഥയനുസരിച്ച് അർബൺ വില്ലേജ് ,റൂറൽ വില്ലേജ് എന്നിങ്ങനെ തരം തിരിക്കാം . പിന്നെ പ്രദേശത്തെയും സമീപ പ്രദേശങ്ങളിലെയും പ്രധാന കാഴ്ചകളെയും (വെള്ളച്ചാട്ടങ്ങൾ ,ചരിത്ര സ്മാരകങ്ങൾ ,പാർക്കുകൾ മുതലായവ ) പ്രാദേശിക ഭക്ഷണങ്ങൾ ,കൃഷി ഉൽപ്പന്നങ്ങൾ ,മറ്റു ഉൽപ്പന്നങ്ങൾ ,കായിക – കല വിനോദങ്ങൾ, ഉത്സവങ്ങൾ ഒപ്പം സഞ്ചാരികളുടെ താമസത്തിന് സുരക്ഷിതവും ,സുഖപ്രദവും ആയ ഇടങ്ങൾ ,സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് ധാരണ ഉണ്ടാക്കുക .അവ വരുന്ന സഞ്ചാരികൾക്ക് നൽകുക എന്നിവ ഈ കൂട്ടായ്മയുടെ ചുമതലയാണ് .നടീൽ സീസൺ ,വിളവെടുപ്പിന് തയ്യാറായ സീസൺ ,വിളവെടുപ്പ് സീസൺ എന്നിങ്ങനെ കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ സഞ്ചാരികൾക്ക് കാഴ്ചയൊരുക്കാം .പ്രാദേശിക ഭരണ സംവിധാനങ്ങൾ നേതൃത്വം നൽകി ഇത്തരം കർഷക കൂട്ടായ്മകൾ രൂപീകരിക്കുക വഴി പഞ്ചായത്തുകൾക്ക് പുതിയ വരുമാന ശ്രോതസ്സ് സാധ്യമാക്കാവുന്നത് . ഇവിടങ്ങളിലേക്ക് വിദേശ ആഭ്യന്തര സഞ്ചാരികളെ – എത്തിക്കുന്നതിന് ടൂറിസം വകുപ്പിൻ്റെയും സ്വകാര്യ ടൂർ ഓപ്പറേറ്റർമാരുടെയും സഹായം തേടാം ഒപ്പം പ്രാദേശിക ആളുകൾ, സംരംഭകർ എന്നിവർ മുഖാന്തിരം പാക്കേജ് ടൂർ സംഘടിപ്പിക്കാം ഒപ്പം സോഷ്യൽ പ്രധാന മാർക്കറ്റിംഗ് ഏജൻസിയാണ് . നമ്മുടെ കാർഷിക മേഖലയുടെ വീണ്ടെടുപ്പിനും ,പുതിയ തൊഴിൽ അവസരങ്ങൾക്കും തികച്ചും പരിസ്ഥിതി സൗഹാർദ്ദമായ അഗ്രോ ടൂറിസം എന്ന വലിയ ബിസിനസ്സ് സാധ്യതയെ സജീവമാക്കുവാനുള്ള പ്രവർത്തനങ്ങൾക്കായി നമുക്ക് ഒത്തൊരുമിക്കാം .
സിബിൻ ഹരിദാസ് , ( അധ്യാപകനും കോളമിസ്റ്റുമാണ് ലേഖകന്‍ )
Good effort