അയോധ്യയില്‍ ക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരി 22 ന് നടക്കുകയാണ്. അയോധ്യ കേന്ദ്രീകരിച്ചുള്ള പുതിയ തീര്‍ഥാടന മേഖലയുടെ വളര്‍ച്ചയും ഈ പ്രദേശം അടിസ്ഥാനമായുള്ള നിക്ഷേപ താല്‍പര്യം ഓഹരി വിപണിയില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്ഷേത്രം തുറക്കുന്നതോടെ പ്രതിദിനം ശരാശരി മൂന്നു ലക്ഷത്തിലധികം പേരെയാണ് തീര്‍ത്ഥാടകരായി പ്രതീക്ഷിക്കുന്നത്. ഇത് അയോധ്യയിലെ ഹോട്ടല്‍, ലോഡ്ജിംഗ്, ഹോസ്പിറ്റാലിറ്റി ഓഹരികളില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നു. രാമക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ട് നേട്ടമുണ്ടാക്കുന്നതും ഭാവി വളര്‍ച്ച സാധ്യതയുള്ളതുമായ ഓഹരികള്‍ ഏതൊക്കെയെന്ന് നോക്കാം.
ഇന്ത്യന്‍ ഹോട്ടല്‍സ്
ടാറ്റാ ഗ്രൂപ്പിന്റെ ആഡംബര ഹോട്ടല്‍ ബ്രാന്‍ഡുകള്‍ ഉള്‍കൊള്ളുന്ന ഇന്ത്യ ഹോട്ടല്‍സ് വരും കാലങ്ങളില്‍ അയോധ്യയില്‍ ബിസിനസ് വളര്‍ത്താനുള്ള പദ്ധതിയുണ്ട്. 2027ല്‍ അയോധ്യയില്‍ ഇന്ത്യന്‍ ഹോട്ടല്‍സ് വിവാന്ത, ജിഞ്ചര്‍ ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള രണ്ട് ഗ്രീന്‍ ഫീല്‍ഡ് ഹോട്ടലുകള്‍ തുറക്കാനാണ് പദ്ധതി. 73,000 കോടി രൂപയില്‍ കൂടുതലുള്ള വിപണി മൂലധനമുള്ള ഇന്ത്യന്‍ ഹോട്ടല്‍സ് നിലവില്‍ കാര്യമായ നേട്ടം ഉണ്ടാക്കിയിട്ടില്ല. 459 രൂപയാണ് വിപണി വില.
ഐടിസി ലിമിറ്റഡ്
ആഡംബര ഹോട്ടല്‍ ശൃംഖലകളായ ഐടിസി ലിമിറ്റഡ്, ഇഐഎച്ച് ലിമിറ്റഡ് എന്നിവയും അയോധ്യയില്‍ ഹോട്ടല്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്. ക്ഷേത്രത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ ഒരു സെവന്‍ സ്റ്റാര്‍ ഹോട്ടലാണ് ഐടിസിയുടേതായി വരുന്നത്. ഓഹരി വില 463 രൂപ.
അപ്പോളോ സിന്ദൂരി ഹോട്ടല്‍സ്
ക്ഷേത്രം തുറക്കുന്നതും ഭാവിയിലെ നിക്ഷേപങ്ങളും അയോധ്യയിലെയും പരിസരങ്ങളിലെയും ഹോസ്പിറ്റാലിറ്റി മേഖലയുടെ വളര്‍ച്ചയില്‍ നേട്ടമുണ്ടാക്കുമെന്നു പ്രതീക്ഷിക്കുന്ന ഒരു കമ്പനിയാണ് ചെന്നൈ ആസ്ഥാനമായുള്ള അപ്പോളോ സിന്ദൂരി ഹോട്ടല്‍സ്. ഒരാഴ്ചയ്ക്കിടെ 64 ശതമാനത്തിന്റെ മുന്നേറ്റമാണ് ഓഹരി വിലയിലുണ്ടായിരിക്കുന്നത്.
അയോധ്യയിലെ തേധി ബസാറില്‍ 3,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സൗകര്യം കമ്പനി നിര്‍മിക്കുന്നുണ്ട്. അതോടൊപ്പം ആയിരത്തിലധികം ഭക്തരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു റൂഫ്ടോപ്പ് റെസ്റ്റോറന്റ് സംവിധാനവും കമ്പനി അയോധ്യയില്‍ ഒരുക്കുന്നു. ഇതാണ് അപ്പോളോ സിന്ദൂരി ഹോട്ടല്‍സ് ഓഹരികളെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. നിലവിലെ ഓഹരി വില 2,536 രൂപ.
പ്രവേഗ് ലിമിറ്റഡ്
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ആഡംബര ടെന്റുകള്‍ക്ക് പേരുകേട്ട കമ്പനിയാണ് അഹമ്മദാബാദ് ആസ്ഥാനമായുള്ള പ്രവേഗ് ലിമിറ്റഡ്. കഴിഞ്ഞ നവംബറില്‍ അയോധ്യയിലെ ബ്രഹ്മകുണ്ഡിനോട് ചേര്‍ന്ന് 30 ടെന്റുകളും ഒരു റെസ്റ്റോറന്റുമുള്ള ആഡംബര റിസോര്‍ട്ട് കമ്പനി ആരംഭിച്ചിട്ടുണ്ട്.
ഇതില്‍ 75 ശതമാനം ടെന്റുകളും പ്രീ ബുക്ക് ചെയ്‌തെന്നാണ് പുറത്തു വരുന്ന വാര്‍ത്ത. കൂടാതെ ലക്ഷദ്വീപില്‍ ടെന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാറും പ്രവേഗ് നേടിയിട്ടുണ്ട്. ഈ രണ്ട് സംഭവ വികാസങ്ങളിലും നേട്ടമുണ്ടാക്കുന്ന ഓഹരി ഒരാഴ്ചയ്ക്കിടെ 43 ശതമാനം വളര്‍ന്നു. നിലവിലെ ഓഹരി വില 1,189 രൂപ.
ഐആര്‍സിടിസി
ക്ഷേത്ര ഉദ്ഘാടനത്തിനായി അയോധ്യയിലേക്ക് വിവിധ നഗരങ്ങളില്‍ നിന്നായി ആയിരത്തോളം ട്രെയിനുകള്‍ ഓടിക്കാനാണ് ഇന്ത്യന്‍ റെയില്‍വെ പദ്ധതിയിടുന്നത്. ഇതില്‍ നിന്ന് നേട്ടമുണ്ടാക്കുന്നത് ഓണ്‍ലൈന്‍ ട്രെയിന്‍ ബുക്കിംഗ് രംഗത്തെ കുത്തകയായ ഐആര്‍സിടിസിയാണ്. ഒരാഴ്ചയായി 5 ശതമാനം മുന്നേറിയ ഓഹരി 945 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ടൂര്‍ ഓപ്പറേറ്റര്‍, ട്രാവല്‍ അഗ്രഗേറ്റര്‍ കമ്പനികളായ തോമസ് കുക്ക് (ഇന്ത്യ) ലിമിറ്റഡ്, ഈസി മൈട്രിപ്പ്, റേറ്റ്ഗെയിന്‍ ട്രാവല്‍ ടെക്നോളജീസ് ലിമിറ്റഡ് എന്നി കമ്പനികള്‍ക്കും അയോധ്യ, ലഖ്‌നൗ എന്നിവിടങ്ങളിലേക്കുള്ള അന്വേഷണങ്ങളിലും ബുക്കിംഗുകളിലും വര്‍ധനവുണ്ടായതായി കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ഇന്‍ഡിഗോ
അയോധ്യയില്‍ പുതുതായി ആരംഭിച്ച അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജനുവരി 10 മുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്. ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡിന്റെ ഇന്‍ഡിഗോ ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദില്‍ നിന്നും അയോധ്യയിലേക്ക് സര്‍വീസ് നടത്തും. ഡിമാന്‍ഡ് വര്‍ധിച്ചതിനെ തുടര്‍ന്ന് അയോധ്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ നിന്നും ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് ഓഹരികള്‍ക്കാണ് നേട്ടം ലഭിക്കുക. ഓഹരി വില 3,040 രൂപ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ബ്രൈറ്റ് ബിസിനസ് കേരളയോ ലേഖകനോ ഉത്തരവാദികളല്ല.