ഒരു സിനിമയ്ക്ക് ടിക്ക്റ്റ് ബുക്ക് ചെയ്യുമ്പോഴോ, അല്ലെങ്കില്‍ ഒരു ബസില്‍ യാത്രയ്ക്ക് സീറ്റ് ബുക്ക് ചെയ്യുമ്പോഴോ ഇഷ്ടപ്പെട്ട സീറ്റ ലഭ്യമാണോ എന്നാകും ആദ്യം ആളുകള്‍ തെരയുക. തങ്ങളുടെ ഇഷ്ട സീറ്റ് ലഭിക്കാത്തതു കൊണ്ട് യാത്രകള്‍ പോലും റദ്ദാക്കുന്ന ആളുകളും ഉണ്ട്. എന്നാല്‍ ട്രെയിനില്‍ എത്ര രൂപ നല്‍കിയാലും ഇഷ്ട സീറ്റ് എന്നൊന്നില്ല. അധികൃതര്‍ നല്‍കുന്ന സീറ്റ് കൊണ്ട് യാത്രക്കാര്‍ തൃപ്തരാകേണ്ടി വരും. ഇത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഇല്ലെങ്കില്‍ നിങ്ങള്‍ക്കുള്ള ഉത്തരം ഭൗതികശാസ്ത്രത്തിലാണ് (ഫിസിക്‌സ്). തിയേറ്റര്‍ ഹാള്‍ എന്നത് ഒരു നിശചലാവസ്ഥയിലുള്ള നിര്‍മ്മിതിയാണ്. എന്നാല്‍ ട്രെയിന്‍ അങ്ങനെ അല്ല. ഇവിടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നത് അപ്പോള്‍ ബസോ എന്നാകും. ബസ് എന്നത് ചലിക്കുന്ന വസ്തു തന്നെ. പക്ഷെ ഇവിടെ സീറ്റുകള്‍ പരിമിതമാണ്. പക്ഷെ ട്രെയിന്‍ അങ്ങനെയല്ല. യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് ചിലപ്പോള്‍ അധികം ബോഗികള്‍ പോലും കൂട്ടിച്ചേര്‍ക്കപ്പെടുന്നു.
ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം ഒരു അദ്വിതീയ തത്ത്വത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. സുരക്ഷയും സ്ഥിരതയും വര്‍ദ്ധിപ്പിക്കുന്നതിനായി യാത്രക്കാരുടെ ഭാരം അതിന്റെ കോച്ചുകളിലുടനീളം തുല്യമായി വിതരണം ചെയ്യേണ്ടതുണ്ട്. ഉദാഹരണത്തിന്, ഒന്നിലധികം കോച്ചുകളുള്ള, ഓരോന്നിനും 72 സീറ്റുകളുള്ള ഒരു ട്രെയിന്‍ സങ്കല്‍പ്പിക്കുക. നിങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍, ട്രെയിനിലുടനീളം സമതുലിതമായ വിതരണം നേടുന്നതിന് സിസ്റ്റത്തിന്റെ അല്‍ഗരിതം തന്ത്രപരമായി സീറ്റുകള്‍ അനുവദിക്കുന്നു.
സാധാരണയായി സിസ്റ്റത്തിന്റെ അല്‍ഗരിതം ട്രെയിനിന്റെ മധ്യത്തില്‍ നിന്ന് അറ്റത്തേക്ക് സീറ്റുകള്‍ നിറയ്ക്കാന്‍ തുടങ്ങുന്നു. ഇത് എല്ലാ കോച്ചുകള്‍ക്കിടയിലും തുല്യ ഭാര വിതരണം ഉറപ്പാക്കുന്നു. എന്തുകൊണ്ടാണ് ഇത്രയും സൂക്ഷ്മമായ ആസൂത്രണം എന്നാണ് നിങ്ങള്‍ ചിന്തി ക്കുന്നതെങ്കില്‍, ഉത്തരം ലളിതമാണ്. തുല്യമായി വിതരണം ചെയ്യപ്പെട്ട ലോഡ് പാളം തെറ്റാനുള്ള സാധ്യത കുറയ്ക്കും. കൂടാതെ വളവുകളിലും, ബ്രേക്കുകള്‍ പ്രയോഗിക്കുമ്പോഴും സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കും.
ഭാരം കൃത്യമായി വിതരണം ചെയ്യപ്പെട്ടില്ലെങ്കില്‍, ചലന സമയത്ത് ട്രെയിനിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ശക്തി അനുഭവപ്പെടും. ഇതു തീവണ്ടിയുടെ സ്ഥിരത ഇല്ലാതാക്കും. ചിലപ്പോഴെങ്കിയും നിങ്ങള്‍ ചില കോച്ചുകളില്‍ സീറ്റുകള്‍ കാലിയായി കിടക്കുന്നതു കാണാനുള്ള കാരണവും ഇതുതന്നെ. യാത്രാ തീയതിക്ക് അടുത്ത് നിങ്ങള്‍ ഒരു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍, മുകളിലെ ബെര്‍ത്തിലോ, കോച്ചിന്റെ അറ്റത്തിനടുത്തുള്ള ഒരു സീറ്റിലോ ടിക്കറ്റ് ലഭിക്കാനുള്ള കാരണവും ഈ അല്‍ഗരിതം തന്നെ.