സംരംഭങ്ങൾ തുടങ്ങി വിജയിപ്പിച്ച കുട്ടികളുടെ കഥ

ചെറുപ്പകാലത്ത് കൂട്ടുകാർക്കൊപ്പം പലചരക്ക് കടയും മീൻ ബിസിനസ്സും ഒക്കെ കളിച്ച ഓർമ്മകൾ ചിലർക്കെങ്കിലും ഉണ്ടാകും. വളരെ ചെറിയ പ്രായത്തിൽ തന്നെ നമ്മിൽ പലരുടെയും ഉള്ളിൽ ഒരു കുട്ടി സംരംഭകർ ഉണ്ടായിരുന്നു. ഇതുപോലെ തന്നെയുള്ള ചില കുട്ടി സംരംഭകർ കളി കുറച്ച് കാര്യമാക്കും, അവർ വളരെ ചെറിയ പ്രായത്തിൽ തന്നെ സ്വന്തം ആശയങ്ങളിൽ ആത്മവിശ്വാസമുള്ളവരായിരിക്കും. ആശയങ്ങളെ ബിസിനസ്‌ ആക്കി മാറ്റാനും ഈ കുട്ടി മിടുക്കന്മാർക്ക് കഴിയുന്നുണ്ട് എന്ന് തെളിയിക്കുന്ന ഒട്ടേറെ കുട്ടി സംരംഭകർ ഇന്ത്യയിൽ ഉണ്ട്. “നീ കുട്ടിയല്ലേ, വലുതാകുമ്പോൾ അച്ഛനെ പോലെ വലിയ ബിസിനസുകാരനാകാം” എന്ന വാചകങ്ങൾ കേട്ടുവളർന്ന സ്റ്റീരിയോടൈപ്പ് കുട്ടികളെ മാറ്റിമറിച്ചാണ് അവർ വളരെ ചെറുപ്പത്തിൽ തന്നെ സ്വന്തം സംരംഭം എന്ന സ്വപ്ന തുല്യമായ വിജയം നേടുന്നത്. ഇന്നത്തെ കുട്ടികളാണ് നാളത്തെ ഐക്കൺസ് എന്നല്ല, മറിച്ച് ഇന്നത്തെ കുട്ടികളാണ് ഇന്നത്തെ ഐക്കൺസ് എന്ന് പറയണം. വളരെ ചെറിയ പ്രായത്തിൽ തന്നെ സ്വന്തമായി സംരംഭം തുടങ്ങി വിജയിച്ച ചില കുട്ടി സംരംഭകരെ പരിചയപ്പെടാം.

1. തന്മയ് ബക്ഷി :

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ IBM വാട്‌സൺ ഡെവലപ്പറാണ് തൻമയ് ബക്ഷി. സ്പീക്കറും ഒരു മാധ്യമ വ്യക്തിയും കൂടിയാണ് ഈ മിടുക്കൻ. തൻമയ് 5 വയസ്സുള്ളപ്പോൾ മുതൽ കോഡിംഗ് പഠിച്ച് അത് ചെയ്ത് തുടങ്ങി. ഈ ചെറിയ പ്രായത്തിനുള്ളിൽ കംപ്യൂട്ടേഷണൽ തിങ്കിംഗ്, വ്യാവസായിക വിപ്ലവം, മെഷീൻ ലേണിംഗ്, ഇന്നൊവേഷൻ എന്നിവയെക്കുറിച്ച് അദ്ദേഹം അന്താരാഷ്ട്ര കോൺഫറൻസുകളിൽ 200,000-ത്തിലധികം ആളുകളെ അഭിസംബോധന ചെയ്തിട്ടുണ്ട്. വെറും ഒൻപത് വയസ്സുള്ളപ്പോൾ ആണ് തന്മയ് തന്റെ ആദ്യത്തെ ഐഒഎസ് (IOS) ആപ്പ് പുറത്തിറക്കിയത്. 11 വയസ്സ് മുതൽ മെഷീൻ ലേണിംഗ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുകയും ഓപ്പൺ സോഴ്‌സ് സംരംഭങ്ങളിലും പ്രോജക്റ്റുകളിലും സംഭാവന നൽകുകയും ചെയ്തു. ഗൂഗിൾ സെർച്ച്‌ എഞ്ചിനിൽ നിന്ന് നമ്മുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം കണ്ടെത്താൻ കഴിയുന്ന ഒരു നാച്ചുറൽ ലാംഗ്വേജ് ക്വസ്റ്റ്യൻ ആൻസർ (NLQA) സംവിധാനമായ ആസ്ക്‌ തന്മയ് (Ask Thanmay) എന്ന ML പവർ അപ്ലിക്കേഷനാണ് തന്മയ് ആദ്യമായി വികസിപ്പിച്ചത്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്ക് പ്രയോജനം ചെയ്യുന്ന മെഷീൻ ലേണിംഗ് അധിഷ്ഠിത സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലാണ് തന്മയ് കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നത്. 

മെഷീൻ ലേണിംഗ്, അൽഗോരിതം എന്നിവ മുതൽ കോഡിംഗ് വരെയുള്ള മേഖലകളിലെ തന്റെ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാനായി തന്മയ് തുടങ്ങിയ യൂട്യൂബ് ചാനലായ “തന്മയ് ടീച്ചസ്” ആണ് അദ്ദേഹത്തിന്റെ പാഷൻ പ്രോജക്റ്റ് എന്ന് പറയാം. ട്വിലിയോ ഡോയർ അവാർഡ്, നോളജ് അംബാസഡർ അവാർഡ് എന്നിവയുടെ ജേതാവാണ് ഈ കുട്ടി സംരംഭകൻ. കൂടാതെ ലിങ്ക്ഡ്‌ഇന്നിലെ ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ, ക്ലൗഡിനായുള്ള ഐബിഎം ചാമ്പ്യൻ കൂടിയാണ് തന്മയ്. ഒഴിവ് സമയങ്ങളിൽ ടെക്നിക്കൽ ഫാകൾട്ടി ആയും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. ടേബിൾ ടെന്നീസ് ആണ് തന്മയിയുടെ ഇഷ്ട വിനോദം.

2.തിലക് മേത്ത :

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനും, TEDx സ്പീക്കറും, ഏറ്റവും പ്രായം കുറഞ്ഞ ഫോർബ്‌സ് പാനലിസ്റ്റുമാണ് തിലക് മേത്ത. വെറും 25 വയസ്സുള്ളപ്പോൾ തന്നെ പ്രതിവർഷം ഏകദേശം 100 കോടിയികധികം വിറ്റുവരവ് തിലക് നേടിക്കഴിഞ്ഞിരുന്നു. 13 വയസ്സുള്ളപ്പോൾ അദ്ദേഹം തന്റെ ആദ്യ ബിസിനസ്സ് ആരംഭിക്കുകയും തന്റെ ആശയങ്ങൾ സമൂഹവുമായി പങ്ക് വെക്കാനായി ഒരു ഓൺലൈൻ പ്ലാറ്റ്ഫോം തുടങ്ങുകയും ചെയ്തു. എപ്പോഴും പുതിയ അവസരങ്ങൾ തേടുന്ന പ്രകൃതക്കാരനായിരുന്നു തിലക്. ഒരു സംരംഭം എന്നത് ഒരുപാട് വെല്ലുവിളികൾ നിറഞ്ഞ കാര്യാമാണെങ്കിലും തിലക് റിസ്ക് എടുക്കാൻ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജീവിത വിജയം യുവ ജനങ്ങൾക്ക് മികച്ച പ്രചോദനമാണ്. ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തിലക് മേത്തയുടെ സ്റ്റാർട്ടപ്പ് കമ്പനി 2018 ലാണ് സ്ഥാപിതമായത്. കമ്പനിക്ക് “പേപ്പർ എൻ പാഴ്സലുകൾ” എന്ന് അദ്ദേഹം പേരിട്ടു.

തിലക് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ബന്ധുവിന്റെ വീട്ടിൽ തന്റെ പുസ്തകങ്ങൾ മറന്നു വച്ചു. കുറച്ചകലെയാണ് ബന്ധുവിന്റെ വീട്. അത് തിരികെ കിട്ടാൻ ഒരു വഴിയും തെളിയാതെ വന്നതോടെ തിലക് ഗൂഗിളിൽ കൊറിയർ കമ്പനികളുടെ ചാർജസ് തിരഞ്ഞു. അപ്പോഴാണ് പുസ്തകങ്ങളുടെ വിലയെക്കാൾ കൊറിയർ ചാർജ് വരുമെന്ന് അദ്ദേഹം മനസ്സിലാക്കുന്നത്. കൊറിയർ മേഖലയിലെ സാധ്യത മനസിലാക്കിയ തിലക് പേപ്പർ ഇൻ പാർസൽ എന്ന സ്ഥാപനം ആരംഭിക്കുകയും, മുംബൈയിലെ ഡബ്ബാവാലകളുടെ സഹായത്തോടെ ചെറിയ പാർസൽ സേവനങ്ങൾ ഏറ്റെടുത്ത് ചെയ്യാൻ തുടങ്ങി. തിലകിന്റെ അച്ഛനാണ് പ്രാരംഭ നിക്ഷേപം നടത്തിയത്. 24 മണിക്കൂറിനുള്ളിൽ 1000-ത്തിലധികം ആളുകൾക്ക് ചെറിയ കൊറിയറുകൾ എത്തിക്കാൻ തുടങ്ങി, മുംബൈക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് പേപ്പർ ഇൻ പാർസൽ സെർവിസിന് ലഭിച്ചത്. അദ്ദേഹം പ്രതിദിനം 1200 പാഴ്സലുകൾ വിതരണം ചെയ്യാൻ തുടങ്ങി, വരും വർഷങ്ങളിൽ 100 കോടി വിറ്റുവരവാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. തന്റെ കമ്പനിക്കായി ഒരു ആപ്പും തിലക് പുറത്തിറക്കിയിട്ടുണ്ട്. 2020ഓടെ കമ്പനി അന്താരാഷ്ട്ര തലത്തിൽ എത്തുകയും ചെയ്തു.

3.ശ്രാവൺ കുമാരനും സഞ്ജയ്‌ കുമാരനും :

ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ കമ്പനിയായ ഗോഡൈമൻഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രൊമോട്ടർമാരായ ശ്രാവൺ കുമാരനും (14) ഇളയ സഹോദരൻ സഞ്ജയ് (12)യും ആണ് മറ്റു രണ്ട് കുട്ടി സംരംഭകർ. ചെന്നൈയിലെ ഉയർന്ന റേറ്റിംഗുള്ള വെയ്ൽസ് ബില്ലബോംഗ്-ഹൈ ഇന്റർനാഷണൽ സ്കൂളിലെ ഒമ്പത്, ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ് രണ്ട് പേരും. രണ്ട് പേരും ചേർന്ന് ആപ്പിളിനായി ഏഴ് ആപ്ലിക്കേഷനുകളും ഗൂഗിൾ ആൻഡ്രോയിഡ് പ്ലേസ്റ്റോറിനായി മൂന്ന് ആപ്ലിക്കേഷനുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ ആപ്പുകളിൽ Catch Me Cop, Alphabet Board, Prayer Planet, Color Palete, Emergency Booth, Super Hero, Jetpack EI 5, Car Racing എന്നിവ 55 രാജ്യങ്ങളിലായി 48,000 തവണ ഡൗൺലോഡ് ചെയ്തതായി കണക്കാക്കപ്പെടുന്നു. ഐടി പ്രൊഫഷണലായ കുമാരൻ സുരേന്ദ്രന്റെയും പത്രപ്രവർത്തകയായ ജ്യോതിലക്ഷ്മിയുടെയും മക്കളാണ് ഈ സ്മാർട്ട് സഹോദരങ്ങൾ.ശ്രാവൺ അഞ്ചാം വയസ്സ് മുതൽ പെയിന്റ് ആൻഡ് ഗെയിംസിൽ റിസേർച് തുടങ്ങി, കുട്ടി പ്രോഗ്രാമറിന്റെ താൽപ്പര്യവും ജിജ്ഞാസയും പ്രോത്സാഹിപ്പിക്കുന്നതിനായി, ശ്രാവന് ഏഴ് വയസ്സുള്ളപ്പോൾ പിതാവ് പ്രോഗ്രാമിംഗിന്റെ അടിസ്ഥാനകാര്യങ്ങൾ പഠിപ്പിച്ചുകൊടുത്തു. പിന്നീടുള്ള നാല് വർഷത്തിനുള്ളിൽ അവർ ബേസിക്, ജാവ, ഒബ്ജക്റ്റീവ് സി എന്നിവയിൽ പ്രാവീണ്യം നേടി. 150 ഓളം ആപ്പുകൾ പരീക്ഷിച്ച് നോക്കിയതിന് ശേഷമാണ് സ്വന്തമായി ഒരു ഗെയിം ആപ്പ് വികസിപ്പിക്കുക എന്ന സ്വപ്നം നേടാൻ ഈ സഹോദരങ്ങൾക്ക് കഴിഞ്ഞത്. ശ്രദ്ധയും തുടർച്ചയായ ശ്രമവും മാത്രമാണ് തങ്ങളുടെ വിജയ മന്ത്രം എന്ന് വിശ്വസിക്കുന്നവരാണ് ഈ സഹോദരങ്ങൾ.

4.ആദിത്യൻ രാജേഷ് :

ആദിത്യൻ രാജേഷ് ഒരു എൻ ആർ ഐ ഇന്ത്യൻ കൗമാരക്കാരനാണ്. കേരളത്തിലെ തിരുവല്ല സ്വദേശിയാണ് ആദിത്യൻ. ഇപ്പോൾ 18 വയസ്സുള്ള ഈ കുഞ്ഞു സംരംഭകൻ തന്റെ പതിമൂന്നാം വയസ്സിലാണ് ഒരു സോഫ്റ്റ്‌വെയർ കമ്പനി ആരംഭിക്കുന്നത്. തന്റെ ബോറടി മാറ്റാനായി മൊബൈൽ അപ്ലിക്കേഷൻ വികസിപ്പിച്ചെടുക്കുമ്പോൾ ആദിത്യന് വെറും ഒൻപത് വയസായിരുന്നു പ്രായം. മൊബൈൽ അപ്ലിക്കേഷൻ വികസിപ്പിക്കുന്നതോടൊപ്പം തന്റെ ക്ലൈന്റുകൾക്ക് വേണ്ടി ലോഗോയും വെബ്സൈറ്റും ഡിസൈൻ ചെയ്തിരുന്നത് ആദിത്യനാണ്. ഗെയിമുകൾ കോഡിംഗ് ചെയ്യാനും വികസിപ്പിക്കാനും തുടങ്ങിയ ആദിത്യൻ ഗൂഗിൾ ക്രോമിന് സമാനമായ വെബ് ബ്രൗസറായ ‘ആശിർവാദ്’ എന്ന തന്റെ ആദ്യ ആപ്പ് വികസിപ്പിച്ചെടുത്തു. ആൻഡ്രോയിഡ് സ്റ്റുഡിയോ ഉപയോഗിച്ച് വികസിപ്പിച്ച ആപ്പ് അപ്‌ടോയിഡ് മാർക്കറ്റിൽ അപ്‌ലോഡ് ചെയ്തു. അഞ്ച് വയസ്സുള്ളപ്പോൾ കമ്പ്യൂട്ടർ ഉപയോഗിക്കാൻ തുടങ്ങിയ ഈ കൊച്ചു ടെക്കി ഒടുവിൽ പതിമൂന്നാം വയസ്സിൽ ‘ട്രൈനെറ്റ് സൊല്യൂഷൻസ്’ എന്ന പേരിൽ സ്വന്തമായി ഒരു സോഫ്റ്റ്‌വെയർ കമ്പനി തന്നെ സ്ഥാപിച്ചു. കുട്ടികൾക്ക് ടൈപ്പിംഗ്‌ പഠിക്കാൻ കഴിയുന്ന ബിബിസി ടൈപ്പിംഗ്‌ ആയിരുന്നു ആദിത്യന്റെ അച്ഛൻ കൊച്ചു ആദിത്യന് ആദ്യമായി പരിചയപ്പെടുത്തിയ വെബ്സൈറ്റ്. സ്കൂളിൽ തന്നെ പഠിക്കുന്ന മൂന്ന് സുഹൃത്തുക്കളായിരുന്നു ആദിത്യന്റെ കമ്പനിയിലെ ആദ്യകാല ജീവനക്കാർ. ഇതിന് പുറമെ “എ ക്രെസ്” എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ഉണ്ട് ആദിത്യന്. സാങ്കേതികവിദ്യ, കോഡിംഗ്, ഗെയിമിംഗ്, വെബ് ഡിസൈനിംഗ് എന്നിങ്ങനെയുള്ള കോൺടെന്റുകൾ ആണ് അതിൽ അപ്‌ലോഡ് ചെയ്യുക. തന്റെ സ്കൂൾ അധ്യാപകർക്കായി ഒരു ക്ലാസ് മാനേജ്മെന്റ് ആപ്പും ആദിത്യൻ രൂപകൽപ്പന ചെയ്തുകൊടുത്തിട്ടുണ്ട്. 

5.അദ്വൈത് താകുർ :

ഇന്ത്യൻ കമ്പ്യൂട്ടർ പ്രോഗ്രാമെറും സംരംഭകനും എന്ന നിലയിൽ ശ്രദ്ധേയനാണ് അദ്വൈത് താകുർ. ടെക്‌നോളജി കമ്പനിയായ അപെക്‌സ് ഇൻഫോസിസ് ഇന്ത്യയുടെ സ്ഥാപകനാണ് അദ്വൈത്. അപെക്‌സ് ഇൻഫോസിസിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ അദ്ദേഹം തന്റെ ആറാം വയസ്സിലാണ് കമ്പ്യൂട്ടർ ഉപയോഗിക്കാൻ തുടങ്ങിയത്. തന്റെ ഒൻപതാം വയസ്സിലാണ് ആദ്യമായി വെബ്സൈറ്റ് ഡിസൈന്‍ ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒമാരിൽ ഒരാളായി അദ്വൈതിനെ വ്യത്യസ്തനാക്കുന്നു. ഗൂഗിളിന്റെ AI, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് API-കൾക്കൊപ്പവും അദ്വൈത് പ്രവർത്തിക്കുന്നുണ്ട്. ഗൂഗിൾ സർട്ടിഫൈഡ് ആഡ്‌വേഡ്‌സ്, അനലിറ്റിക്‌സ്, ഡിജിറ്റൽ സെയിൽസ്, മൊബൈൽ സൈറ്റുകൾ എന്നിവയുടെ പ്രൊഫഷണൽ കൂടിയാണ് അദ്വൈത് താകൂർ. 

6.വിനുഷ എ കെ :

ഒമ്പത് വയസ്സുള്ള വിനുഷ എ കെ ബേക്കിങ്ങിൽ വലിയ അഭിനിവേഷം ഉള്ള കുട്ടിയായിരുന്നു. ബേക്കിംഗിൽ ഇന്റേൺഷിപ്പ് തേടി പല ഹോട്ടലുകളിലും ബേക്കറികളിലും എത്തിയപ്പോൾ പ്രായത്തിന്റെയും അനുഭവക്കുറവിന്റെയും പേരിൽ എല്ലാവരും അവളെ മടക്കിയയച്ചു. എന്നാൽ ചെന്നൈയിലെ പഴയ ഫോർ സ്റ്റാർ ഹോട്ടലായ സവേര ഹോട്ടലിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടർ നീന റെഡ്ഡിയാണ് കുട്ടിയുടെ അഭിനിവേശവും കഴിവും തിരിച്ചറിയുകയും അവളുടെ അഭ്യർത്ഥന അംഗീകരിക്കുകയും ചെയ്തത്.  

ഇപ്പോൾ 12 വയസ്സുള്ള വിനുഷ കഴിഞ്ഞ മൂന്ന് വർഷമായി ഒരു സംരംഭകയാണ്. തന്റെ ബിസിനസ്സ് സംരംഭമായ “ഫോർ സീസൺസ് പേസ്ട്രി” ലാഭകരമായി നടത്തുകയാണ് ഇപ്പോൾ. 2019ലാണ് സ്ഥാപനം നിലവിൽ വരുന്നത്. 5000+ കപ്പ്‌കേക്കുകളും മറ്റ് പലഹാരങ്ങളും ഉണ്ടാക്കി വിൽക്കുന്ന വിനുഷ എല്ലാവർക്കും ഒരു പ്രചോദനമാണ്. ഒറ്റക്ക് ചോറ് വിളമ്പി കഴിക്കാൻ പോലും മടിക്കുന്ന കുട്ടികൾക്കിടയിൽ വിനുഷയുടെ കഥ പറഞ്ഞാൽ ലഭിക്കുന്ന മോട്ടിവേഷൻ വേറെ ലെവൽ തന്നെ ആയിരിക്കും.

നമ്മുടെ പോക്കറ്റ് മണിക്കായി രക്ഷിതാക്കളുടെ പുറകെ നടക്കുന്ന നമുക്ക് ഈ കുട്ടികൾ ഒരു പ്രചോദനമാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ എന്ത് ചെയ്യണമെന്ന കൃത്യമായ പ്ലാനിങ്ങുകൾ ഈ കുട്ടികൾക്കുണ്ട്. അത് കൃത്യമായി പ്രവർത്തികമാക്കാനും അവർ മിടുക്കർ തന്നെ. ഇത് പോലെ ഒരുപാട് കുട്ടി സംരംഭകർ ഇന്ന് ഇന്ത്യയിൽ ഉണ്ട്. ഓരോരുത്തരും ഓരോ മേഖലയിലും മികവ് പുലർത്തുന്നവർ.

യുവാക്കളും കഴിവുറ്റവരും ഉത്സാഹഭരിതരുമായ സംരംഭകരുടെ കുതിപ്പിന് രാജ്യം സാക്ഷ്യം വഹിക്കുന്നതിനാൽ കുട്ടികളുടെ സംരംഭകത്വം ഇന്ത്യക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. യുവതലമുറ ക്രിയാത്മകവും നൂതനവുമായ ആശയങ്ങൾ ഉള്ളവരാണ്. കുട്ടികളുടെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും മുൻകൈയെടുക്കുന്നുണ്ട്.

സമീപ വർഷങ്ങളിൽ, സ്വന്തമായി ബിസിനസ്സ് ആരംഭിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. കൂടാതെ ടെക് സ്റ്റാർട്ടപ്പുകൾ, ഓൺലൈൻ മാർക്കറ്റിംഗ്, കരകൗശലവസ്തുക്കൾ എന്നിവ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ അവർ സജീവമാണ്. ‘ദ ടേബിൾ വെയർ കമ്പനി’ സ്ഥാപിച്ച അദിതി പൈ, കുട്ടികൾക്കിടയിൽ നവീകരണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി ‘ഇന്നോവേറ്റേഴ്‌സ്’ ഹബ് ആരംഭിച്ച റോഷ്‌നി മുഖർജി എന്നിവരും ഇന്ത്യയിലെ വിജയിച്ച ചില യുവ സംരംഭകരാണ്.

കുട്ടികളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള നടപടികൾ ഇന്ത്യൻ ഗവൺമെന്റ് സ്വീകരിക്കുന്നുണ്ട്. 6 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്കിടയിൽ നവീകരണവും സംരംഭകത്വവും വളർത്താൻ ലക്ഷ്യമിട്ടുള്ള അടൽ ഇന്നൊവേഷൻ മിഷൻ അത്തരത്തിലുള്ള ഒരു സംരംഭമാണ്. കൂടാതെ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും യുവ സംരംഭകർക്ക് മാർഗനിർദേശവും ധനസഹായവും നെറ്റ്‌വർക്കിംഗ് അവസരങ്ങളും നൽകുന്നുണ്ട്.

കുട്ടികളുടെ സംരംഭകത്വം യുവ പ്രതിഭകൾക്ക് അവരുടെ കഴിവുകളും ആശയങ്ങളും പ്രദർശിപ്പിക്കാനുള്ള ഒരു വേദി മാത്രമല്ല, തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുകയും ചെയ്യുന്നു. ഇന്ത്യയിലെ സംരംഭക ആവാസവ്യവസ്ഥ വളരുകയും വികസിക്കുകയും ചെയ്യുന്നതിനാൽ, സംരംഭകത്വ ലോകത്ത് തങ്ങളുടെ മുദ്ര പതിപ്പിക്കാൻ കൂടുതൽ യുവമനസ്സുകൾ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!