വനിതാ സംരംഭകരും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും
ഭർത്താവിനും മക്കൾക്കും കൊണ്ടുപോകാനുള്ള ചോറ്റുമ്പാത്രം കഴുകി മുഷിഞ്ഞ സാരിയിൽ കൈ തുടച്ച് ചോറ് വിളമ്പുകയാണ്. ആവി പറക്കുന്ന ചോറിന് അവളുടെ ഉറക്കം തൂങ്ങിയ കണ്ണുകളെക്കാൾ ഉണർവ്വുണ്ട്. വിയർത്ത നെറ്റിത്തടം കൈ കൊണ്ട് തുടച്ച് പുകയുന്ന അടുപ്പിൽ ആഞ്ഞൊന്നു ഊതി. ഇന്ത്യൻ കുടുംബങ്ങൾ പൊതുവായി ഈ ക്‌ളീഷേ സീൻ കണ്ടായിരിക്കും ഉണരുക. കാലം പുരോഗമിക്കുന്നതിന് അനുസരിച്ച് ഇപ്പോൾ കുറച്ച് വ്യത്യാസങ്ങൾ വന്നിട്ടുണ്ട്, എന്താണെന്നല്ലേ, ഇപ്പോൾ സ്ത്രീകൾ തങ്ങൾക്ക് കൂടി ടിഫിൻ ഒരുക്കുകയാണ്. ഭർത്താവും മക്കളും ജോലിക്കും പഠിക്കാനും ഇറങ്ങുമ്പോൾ കൂടെ സ്ത്രീകളും ജോലിക്ക് പോയി തുടങ്ങിയിരിക്കുന്നു. ഭർത്താവിനും മക്കൾക്കും വേണ്ടി കഷ്ടപ്പെടുന്ന സ്ത്രീകളുടെ “ടിപിക്കൽ പ്രഭാതങ്ങൾ” ഇന്ന് കുറേ കൂടി പ്രോഡക്റ്റീവ് ഉപയോഗപ്പെടുത്തുന്നുണ്ട്. സ്ത്രീകൾ സ്വയം തൊഴിൽ കണ്ടെത്തി തുടങ്ങിയിരിക്കുന്നു.
പെണ്ണ് ഒരുമ്പെട്ടാൽ!
സ്ത്രീകൾ എന്നും അവരുടെ നേതൃത്വപ്പാടവത്തിന് പേര് കേട്ടവരാണ്. സ്ത്രീകൾക്ക് കാര്യങ്ങൾ പെട്ടെന്ന് പഠിക്കാനും പല മേഖലകളിലും വിജയം കണ്ടെത്താനുമുള്ള വൈഭവം ഉണ്ട്. ഇന്ന് സ്ത്രീകൾ വ്യത്യസ്ത മേഖലകളിൽ തൊഴിൽ സാധ്യത കണ്ടെത്തി അത് കൃത്യമായ രീതിയിൽ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. സംരംഭകർ ഒരു ബിസിനസ്സ് കെട്ടിപ്പടുക്കുക മാത്രമല്ല, ഒരു രാഷ്ട്രം കെട്ടിപ്പടുക്കുകയും ചെയ്യുന്നു. ഒരു യഥാർത്ഥ നേതാവിന്റെ സവിശേഷത എന്താണെന്ന് അറിയാമോ? ഒരു യഥാർത്ഥ നേതാവ് ഒരിക്കലും വെല്ലുവിളികളെ ഭയപ്പെടുന്നില്ല എന്നതാണ്. മുൻപിൽ വരുന്ന എന്ത് തടസ്സങ്ങളെയും കൂൾ ആയി മറികടക്കാൻ ഉള്ള പ്രയോഗികബുദ്ധി സ്ത്രീകളിൽ കൂടുതലാണ്. സ്വന്തമായി ഒരു സംരംഭം എന്ന ആഗ്രഹം മനസ്സിൽ സൂക്ഷിക്കുന്ന സ്ത്രീകൾ നിരവധിയാണ്. മികച്ച വിജയം കൈവരിച്ച വനിതസംരംഭകർ എല്ലാവരും തന്നെ ചെറിയ ചുവടുവയ്പ്പിലൂടെ തന്നെയാണ് മികച്ച വിജയം നേടിയിട്ടുള്ളത്.
അടുക്കളയിൽ നിന്നും വ്യവസായത്തിലേക്ക്!
സ്ത്രീകളെ ഒരു “മാര്യേജ് പീസ്” ആയി മാത്രം കണ്ടിരുന്ന ഒരു സമൂഹം ഇന്ന് അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്നല്ല വ്യവസായത്തിലേക്ക് തന്നെ എത്തിയിരിക്കുകയാണ്. കാലം മാറുന്നതിനനുസരിച്ച്, ഇന്ത്യയിലെ സ്ത്രീ സംരംഭകരുടെ ഉയർച്ച കാണിക്കുന്നതെന്തെന്നാൽ ബിസിനസ് മേഖലയിലെ സ്ത്രീകൾക്ക് പുരുഷ എതിരാളികളുടെ വിജയത്തിന്റെ ഒരു പടി മുകളിൽ എത്താൻ കഴിയുമെന്നാണ്. പ്രത്യേകിച്ചും പല മേഖലകളിലും പുരുഷാധിപത്യം നിലനിൽക്കുന്ന രാജ്യത്ത് ഒരു സംരംഭം എന്നത് സ്ത്രീകൾക്ക് ബുദ്ധിമുട്ടുള്ള ടാസ്ക്ക് അല്ല, മറിച്ച് ഒരു വെല്ലുവിളിയാണ്. ഇന്ത്യൻ സ്ത്രീകൾ പൊതുവെ ഇമോഷണലും, അഭിലാഷങ്ങൾ കുറഞ്ഞവരും ആത്മവിശ്വാസം ഇല്ലാത്തവരുമായിരുന്നു. എന്നാൽ ഇപ്പോൾ കഥ മാറി. ഇന്ന് സ്ത്രീകൾക്ക് അവരുടെ സ്പാർക്ക് അറിയാം, കുടുംബവും ജോലിയും കൈകാര്യം ചെയ്യാനറിയാം, വൈകാരികമായ വെല്ലുവിളികളെ നേരിടാനറിയാം. മുൻദ്ധാരണകളാൽ ബന്ധിക്കപ്പെടാതെ സ്ത്രീകൾ ഇന്ന് മുൻപന്തിയിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യയിലെ വനിതാ സംരംഭകരും വ്യവസായ മേഖലയിലെ അവരുടെ സാന്നിധ്യവും രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ അന്തരീക്ഷത്തെ അനുകൂലമായി സ്വാധീനിച്ചിട്ടുണ്ട്. തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിച്ച് ആഗോള ജിഡിപിയിലേക്ക് 700 ബില്യൺ യുഎസ് ഡോളർ ചേർക്കാൻ ഇന്ത്യക്ക് കഴിയുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഈ മേഖലയിൽ സ്ത്രീകളുടെ സംഭാവന നിരവധി കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കര കയറ്റുകയും ഇന്ത്യയിലെ കുടുംബങ്ങളുടെ ജീവിതരീതി കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 2021 സാമ്പത്തിക വർഷത്തിൽ നടന്ന സർവേയിൽ സ്ത്രീകൾക്കിടയിലെ സാക്ഷരതാ നിരക്ക് 8.8% ആയി ഉയർന്നതായി കണ്ടെത്തിയിരുന്നു. ഇത് രാജ്യത്തിന്റെ ശോഭനമായ സാധ്യതകളെയാണ് തുറന്നുകാണിക്കുന്നത്. സ്ത്രീകൾ സ്ഥാപിച്ചതോ സഹസ്ഥാപിക്കുന്നതോ ആയ സ്റ്റാർട്ടപ്പുകൾ അഞ്ച് വർഷ കാലയളവിൽ 10%ത്തിൽ കൂടുതൽ സഞ്ചിത വരുമാനം ഉണ്ടാക്കുന്നുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സ്ത്രീകൾ നയിക്കുന്ന ബിസിനസുകൾ 90% വളരുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് വലിയ പ്രതീക്ഷയാണ് രാജ്യത്തിന് നൽകുന്നത്.
പുതിയ സംരംഭത്തിന് സ്ത്രീകളെ ആകർഷിക്കുന്നതെന്ത്?
1.അംഗീകാരം :
സ്ത്രീകൾ പൊതുവെ അംഗീകരിക്കപ്പെടാൻ ഇഷ്ടപ്പെടുന്നവരാണ്. കുടുംബത്തിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ അവർക്ക് അംഗീകാരം ലഭിച്ചില്ലെങ്കിൽ, അവർക്ക് കടുത്ത നിരാശയാണ്. അത് നേടാനായി അവർ പ്രയത്നിക്കുകതന്നെ ചെയ്യും. ബെയിൻ ആൻഡ് കമ്പനിയുടെ ഒരു സർവേ പ്രകാരം, ഗ്രാമീണ മേഖലയിലെ 45% ഇന്ത്യൻ സ്ത്രീകളും അംഗീകാരം നേടുന്നതിനായി ബിസിനസ്സ് ആരംഭിക്കാൻ തയ്യാറാകുന്നുണ്ട്.
റിസൾട്ട് നൽകുന്ന പ്രചോദനം
സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പുകൾ പുരുഷന്മാർ നയിക്കുന്നതിനെ അപേക്ഷിച്ച് 35% ഉയർന്ന വരുമാനം നൽകുന്നുണ്ട്. കൂടുതൽ വരുമാനം ഉണ്ടാക്കാനുള്ള സ്ത്രീകളുടെ ഈ കഴിവ് അവർക്ക് കൂടുതൽ പ്രചോദനം നൽകുകയും പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അവർക്ക് കൂടുതൽ ആത്മവിശ്വാസവും നൽകുന്നു. അവർക്കും ഇതിന് കഴിയുമെന്നുള്ള തിരിച്ചറിവ് കൂടിയാകുകയാണ് അത്.
2.വിദ്യാധനം സർവ്വധനാൽ പ്രധാനം :
സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് (STEM) മേഖലകളിലെ വ്യവസായത്തിൽ വനിതാ ബിരുദധാരികളെ നിയമിക്കുന്നതിൽ ലോകത്ത് തന്നെ ഏറ്റവും മികച്ച റാങ്കിലാണ് ഇന്ത്യ. 40% സ്ത്രീകളും ഈ മേഖലയിൽ നിന്ന് ബിരുദം നേടിയവരാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. ശാസ്ത്ര സാങ്കേതിക മേഖലകളിൽ അത്ഭുതകരമായ വളർച്ച നേടുന്നവരാണ് ഇന്ത്യൻ സ്ത്രീകൾ. അത് ആവശ്യമായ രീതിയിൽ ഉപയോഗിക്കാനും അവർ ശ്രമിക്കുന്നുണ്ട്.
3.ഇന്ത്യയിലെ സ്ത്രീ സംരംഭകർ പൊളിയാണ് :
ഇന്ത്യയിൽ, 45% സ്റ്റാർട്ടപ്പുകളും സ്ത്രീകളാണ് നടത്തുന്നത്. അതിൽ 50,000 ത്തിലധികവും സർക്കാർ അംഗീകൃതമാണ്. 2021ൽ ഇന്ത്യൻ ഗവൺമെന്റ് സ്ത്രീകൾക്കും ശിശു വികസനത്തിനും വേണ്ടിയുള്ള ബജറ്റിൽ 14% വർദ്ധനവ് വരുത്തിയിട്ടുണ്ട്. 30,000 കോടി (3.97 ബില്യൺ യുഎസ് ഡോളർ) രൂപയാണ് ബജറ്റ് വിഹിതമായി മാറ്റി വച്ചത്. നിലവിൽ 15.7 ദശലക്ഷത്തിലധികം സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള സംരംഭങ്ങളുണ്ട്. വ്യവസായ ഇക്കോസിസ്റ്റത്തിൽ സ്ത്രീകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്.
” ഒരു രാജ്യത്തിന്റെ സ്ത്രീകളുടെ അവസ്ഥ നോക്കിയാൽ അവിടുത്തെ അവസ്ഥ പറയാം ” – ജവഹർലാൽ നെഹ്‌റു.
ജവഹാർലാൽ നെഹ്‌റുവിന്റെ ഈ വാചകങ്ങളുടെ പൊരുൾ ഇന്ത്യയുടെ ഓരോ വളർച്ചാഘട്ടത്തിലും വ്യക്തമാണ്. ഒരുകാലത്ത് സ്ത്രീകൾക്ക് വീടിന്റെ ഉമ്മറത്തേക്ക് പ്രവേശനം ഇല്ലാതിരുന്നിടത്ത് നിന്നും ഇന്ന് സ്ത്രീകൾ ഒരു രാജ്യത്തിന്റെ തന്നെ സമ്പദ്വ്യവസ്ഥയിൽ തങ്ങളുൾക്കുള്ള സാന്നിധ്യം അറിയിക്കുകയാണ്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി വനിതാ സംരംഭകർ ജോലി നേടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും സമൂഹത്തിന് അതുവഴി ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ചും നമുക്ക് വലിയ പാഠങ്ങൾ നൽകുന്നുണ്ട്. ഇന്ന്, സ്ത്രീകൾ അവരുടെ മൾട്ടിടാസ്കിംഗ് കഴിവ് തെളിയിച്ചിട്ടുണ്ട്. വനിതാ സംരംഭകർക്ക് അവരുടെ ചെറുകിട- ഇടത്തരം സംരംഭങ്ങൾ കാര്യക്ഷമമായി ആരംഭിക്കാനും പ്ലാൻ ചെയ്ത് പ്രവർത്തിപ്പിക്കാനും കഴിയുമെന്ന് തെളിയിച്ചിരിക്കുന്ന കാര്യമാണ്.
4.വനിത സംരംഭകരുടെ പോസിറ്റീവ് വശങ്ങൾ :
1. ഇമോഷണൽ ഇന്റലിജൻസ്
സ്ത്രീകൾക്ക് പുരുഷനേക്കാൾ ഒരു പടി കൂടുതൽ പ്രായോഗികതയും ബുദ്ധിശക്തിയും കഴിവുകളും ഉണ്ട്. അവ ഓരോ മേഖലകളിലും തന്ത്രങ്ങൾ മെനയാനും വ്യക്തി വികാസത്തിനും രാജ്യത്തെ പിന്തുണക്കാനുമാണ് സ്ത്രീകൾ പ്രയോജനപ്പെടുത്തുന്നത്.
2. മൾട്ടിടാസ്ക് ഓറിയന്റേഷൻ
കുഞ്ഞിനേയും കൈയിലെടുത്ത് പത്രസമ്മേളനം നടത്തിയ വനിത കളക്ടർ അടുത്തിടെ ട്രെൻഡിംഗ് ആയിരുന്നു. പാചകം ചെയ്യുമ്പോൾ ഫോണിൽ സംസാരിക്കുക, മെയിലുകൾ വായിക്കുക, വരും ദിവസങ്ങളിലേക്കുള്ള കാര്യങ്ങൾ ഷെഡ്യൂൾ ചെയ്യുക, കുട്ടികളുടെ പഠനം, മറ്റ് ടാസ്കുകൾ എല്ലാം ഒരുപോലെ മാനേജ് ചെയ്യാനുള്ള മൾട്ടിടാസ്കിങ് കഴിവ് സ്ത്രീകൾക്കുണ്ട്. ജോലികൾ ഒരേ സമയം കൈകാര്യം ചെയ്യുന്ന ഇന്നത്തെ സ്ത്രീകൾ വേറെ ലെവൽ ആണ്. കുടുംബത്തെയും കരിയറിനെയും ഫലപ്രദമായി ബാലൻസ് സ്ത്രീകൾക്ക് കഴിയുന്നു. ഒന്നോ രണ്ടോ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുരുഷന്മാർക്ക് മൾട്ടിടാസ്കിങ് പ്രോസസ്സ് കൂടുതൽ പ്രശ്‌നമുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
3. സ്വന്തം ബ്രാൻഡിംഗ്
സ്ത്രീ സംരംഭകർ അങ്ങേയറ്റം അഭിനിവേശമുള്ളവരും ആവേശഭരിതരുമാണ്. അവരുടെ വിജയ കഥകൾ സംസാരിക്കാനും ചിന്തകൾ പങ്കിടാനും അവർക്ക് ഉത്സാഹമാണ്. ഇത് ആത്മവിശ്വാസം ഉയർത്തുന്നുണ്ട്. ക്ലയന്റുകളോട് തങ്ങളുടെ പോസിറ്റീവ് വശങ്ങൾ കൃത്യമായി പഞ്ച് ചെയ്യാൻ സ്ത്രീകൾക്ക് അറിയാം. സ്വന്തം സംരംഭത്തിന്റെ ബ്രാൻഡ് ഐക്കൺ ആയി പ്രവർത്തിക്കാൻ അവർക്ക് കഴിയും.
4. വെയിറ്റ് ആൻഡ് സീ മനോഭാവം
സ്ത്രീകൾ വളരെ റിസൾട്ട് ഓറിയന്റഡ് ആണ്. അത്കൊണ്ട് തന്നെ തങ്ങൾ നടത്തുന്ന അധ്വാനത്തിന്റെ ഫലം അനുഭവിച്ചറിയാൻ സ്ത്രീകൾ ക്ഷമയോടെ കാത്തിരിക്കും. ആദ്യകാലങ്ങളിൽ പരാജയം നേരിട്ടാലും കൂടുതൽ ഊർജത്തോടെ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയും വിജയം ആസ്വദിക്കാൻ എത്ര നാൾ കാത്തിരിക്കാനും അവർ തയ്യാറാണ്.
5. പ്രചോദനം
സ്ത്രീ സംരംഭകർക്ക് ശുഭാപ്തി വിശ്വാസവും സമൂഹത്തോട് പ്രതിബദ്ധതയുമുണ്ട്. സംരംഭകത്വം മുന്നോട്ട് കൊണ്ടുപോകാൻ എന്ത് റിസ്ക് എടുക്കാനും അവർ തയ്യാറാണ്. അവർക്ക് വലിയ ആന്തരിക ശക്തിയുണ്ട്, അവരുടെ ബിസിനസ്സ് ആശയങ്ങൾ വിജയിപ്പിക്കാനും അവർ പ്രാപ്തരാണ്.
സ്ത്രീ സംരംഭങ്ങൾക്ക് സമൂഹത്തിൽ തുല്യത പ്രോത്സാഹിപ്പിക്കാനാകും. മൂല്യവത്തായ മനുഷ്യ മൂലധനത്തിന്റെ പ്രയോജനം മെച്ചപ്പെടുത്തുന്നതിനും അവർ സഹായിക്കുന്നു. സ്ത്രീ സ്വഭാവങ്ങളും കഴിവുകളും സംരംഭകത്വത്തിന് വലിയ നേട്ടങ്ങൾ നൽകുന്നുണ്ട്. സമീപഭാവിയിൽ തന്നെ സ്ത്രീകളുടെ പ്രയാണങ്ങൾ വെഞ്ച്വർ ക്യാപിറ്റലിന്റെ ലിംഗ വ്യത്യാസം ഇല്ലാതാക്കിയേക്കാം.
സ്വന്തം ബിസിനസ്സ് നടത്തുന്ന സ്ത്രീ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യുന്ന സ്ത്രീകളെക്കാൾ സന്തോഷവതിയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം കൊണ്ട് സ്ത്രീകൾക്ക് അവരുടെ വീട്ടിലിരുന്ന് പോലും ബിസിനസ്സ് ആരംഭിക്കാനും നിയന്ത്രിക്കാനും ഒരു സംരംഭകയാകാനും അവസരം നൽകുന്നു. അത് വഴി അവർ നേടുന്നത് അവരുടെ സ്വപ്നം കൂടിയാണ്. വീട്ടിൽ ഇരുന്നുകൊണ്ട് സമ്പാദിക്കുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട്. അവർക്ക് എവിടെയും എപ്പോൾ വേണമെങ്കിലും ജോലി ചെയ്യാം. അവരുടെ വ്യക്തിജീവിതവും തൊഴിൽ ജീവിതവും തമ്മിൽ ബാലൻസ് നിലനിർത്താൻ കഴിയുന്നത് സ്ത്രീ സംരംഭകത്വത്തിന്റെ ഒരു പോസിറ്റീവ് വശമാണ്.
അടുക്കളയിൽ അരി ആട്ടി സൈക്കിളിൽ കൊണ്ടുനടന്ന് വിൽക്കുന്ന പാലക്കാട് സ്വദേശി ഹാജറാത്ത, സ്വന്തം പ്രയത്നം കൊണ്ട് ഗുഡ്സ് വണ്ടിയിൽ ഇന്റർലോക്ക് ടൈൽസ് ലോഡ് ചെയ്ത് കരാർ സ്ഥലങ്ങളിൽ എത്തിച്ച് കോൺട്രാക്ട് പണികൾ ചെയ്യുന്ന തുറവൂർ സ്വദേശിയായ വനിത കരാറുകരി നിഷ എന്നിങ്ങനെ ചെറുകിട സംരംഭങ്ങൾ നടത്തുന്ന “സൂപ്പർ വുമൺ” ഏറെയുണ്ട്. വനിത സംരംഭകയായ കല്പന സരോജ് സ്ത്രീ സംരംഭകർക്ക് എന്നും പ്രചോദനമാണ്. ദളിത് കുടുംബത്തിൽ ജനിച്ച് വളർന്ന കല്പന ഭർത്താവ് മരിച്ചതിന് ശേഷം കോടി കണക്കിന് ആസ്തിയുള്ള കമനി ട്യൂബ്സിന്റെ സ്ഥാപകയാണ്. സ്വന്തം പ്രയത്നം കൊണ്ട് വിജയം നേടിയ ഈ “ലേഡി മില്യൺയർ” ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സംരംഭക എന്ന സ്ഥാനം നേടി.
വൈകിയാണെങ്കിലും സ്വന്തം സ്വത്വം കണ്ടെത്താൻ തയ്യാറാകുന്ന സ്ത്രീകൾ ഇന്ന് രാജ്യത്തിന് ഒരുപാട് പ്രതീക്ഷകൾ നൽകുന്നുണ്ട്. പണ്ട് കാലം മുതൽക്കേ സ്ത്രീകളിലെ സംരംഭകയെ നമ്മൾ പലയിടങ്ങളിൽ പല രൂപങ്ങളിൽ കണ്ടു മുട്ടാറുണ്ട്.. സ്ത്രീ ദുർബലയാണ് എന്ന നിർവചനം ഇപ്പോൾ ഔട്ട്ഡേറ്റഡ് ആയി. സ്ത്രീ മാസ്സ് ആണ്, തഗ് സ്ത്രീകളുടെ കാലമാണ്. നിങ്ങളുടെ ജീവിതത്തിലെ “ബോസ്” ഇനി നിങ്ങൾ തന്നെയാണ്.