ഇത് ശബരിമലയിലെ മുന്‍ വര്‍ഷങ്ങളിലെ വരുമാനത്തിന്റെ എട്ടിരട്ടി
പുണ്യ പൂങ്കാവനമായ ശബരിമലയിലേക്ക് ഭക്തരുടെ എണ്ണം അനുദിനം ക്രമാതീതമായി വര്‍ധിച്ചു വരികയാണ്. മുന്‍ വര്‍ഷങ്ങളില്‍ കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വന്നതു മൂലം തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ കുറവു വന്നിരുന്നു. 2023 ഡിസംബര്‍ 01 മുതല്‍ 13 വരെ പരിശോധിക്കുമ്പോള്‍ പ്രതിദിനം ഏകദേശം ഒരു ലക്ഷത്തോളം ഭക്തര്‍ മല ചവിട്ടുന്നുവെന്നു വേണം സംസ്ഥാന സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ മനസിലാകുന്നത്.
ശബരിമലയിലെ തിരക്കു നിയന്ത്രിക്കാന്‍ രാപകലില്ലാതെ ദേവസ്വം ജീവനക്കാരും പോലീസും സര്‍ക്കാര്‍ സര്‍ക്കാതിര വകുപ്പുകളും സന്നദ്ധ സംഘടനകളുടെ വാളണ്ടീയര്‍മാരുമടക്കം അശ്രാന്ത പരിശ്രമത്തിലാണ്. ഓരോ വര്‍ഷവും മണ്ഡലകാലമെത്തുന്നതോടെ അയ്യപ്പ ഭക്തരുടെ മനസും ശരീരവും അയ്യനെ കാണാന്‍ ഭക്തി പാരവശ്യത്താല്‍ തുടിക്കുകയാണ്.
എന്നാല്‍ മണ്ഡലകാലമെത്തുന്നതോടെ ഭക്തര്‍ക്കു പുറമെ കേരളത്തിലെ മുഴുവന്‍ വ്യാപാര മേഖലയിലും മുന്നൊരുക്കങ്ങള്‍ നടത്താറുണ്ട്. ഓരോ മണ്ഡലകാലത്തും ശബരിമലയിലേക്ക് തിരിക്കുന്ന ഭക്തരില്‍ നിന്നുള്ള കച്ചവടം ലക്ഷ്യം കണ്ടാണ് ഈ തയ്യാറെടുപ്പുകള്‍. കെഎസ്ആര്‍ടിസി, ഹോട്ടലുകള്‍, ടെക്‌സ്റ്റൈയിലുകള്‍, പലചരക്ക് – സ്റ്റേഷനറി വ്യാപാരികള്‍, പലഹാരക്കടകള്‍ തുടങ്ങി നാനാതുറയിലുള്ള കച്ചവട സ്ഥാപനങ്ങളും പ്രതീക്ഷയിലാണ്.
ഒരു അയ്യപ്പന്‍ മല ചവിട്ടാനായി എറണാകുളത്തു നിന്നും യാത്രയാകുമ്പോള്‍ കുറഞ്ഞത് ഏകദേശം 3116 രൂപ ചിലവഴിക്കുന്നുവെന്നാണ് പുറത്തു വരുന്ന അനൗദ്യോഗിക കണക്കുകള്‍ (പൂര്‍ണമല്ല)
*ചിലവുകള്‍* (11.12.2023-ലെ എറണാകുളം മാര്‍ക്കറ്റിലെ വില അവലംബം)
കോട്ടണ്‍ മുണ്ട് – 180 x 2 = 360 രൂപ
മാല – 75 x 2 = 150 രൂപ
ഇരുമുടിക്കെട്ട് – 40 രൂപ
നെയ്യ് – 1 കിലോ ഗ്രാം – 920 രൂപ
തേങ്ങ – 1 കിലോ ഗ്രാം – 36 രൂപ
വിളക്കെണ്ണ – 1 ലിറ്റര്‍ – 190 രൂപ
ചന്ദനതിരി – 2 പാക്കറ്റ് – 50 രൂപ
കര്‍പ്പൂരം – 2 പാക്കറ്റ് – 120 രൂപ
ശര്‍ക്കര – 500 ഗ്രാം – 60 രൂപ
ഭക്ഷണം – ( പോകുമ്പോഴും തിരികേയും ) 300 x 2 = 600 രൂപ*
കെഎസ്ആര്‍ടിസി – ( എറണാകുളം ടു പമ്പ – തിരിച്ചും) = 295 x 2 = 590 രൂപ**
ആകെ – ചിലവ് (ഏകദേശം) – 3116 രൂപ***
ഈ കണക്കു പ്രകാരം പ്രതിദിനം 1 ലക്ഷം തീര്‍ത്ഥാടകര്‍ കേരളത്തിനുള്ളില്‍ നിന്നും ശബരിമലയിലേക്ക് എത്തിയാല്‍ ചിലവ് 31.16 കോടിയോളം രൂപ വരും.
കെഎസ്ആര്‍ടിസി തന്നെ മുമ്പന്‍
ഇതില്‍ തന്നെ പൊതുഗതാഗത മാര്‍ഗമായ കെഎസ്ആര്‍ടിസിയില്‍ കഴിഞ്ഞ രണ്ടു ദിവസം ( 11.12.2023, 12.12.2023) യാത്ര എറണാകുളത്തു നിന്നും പമ്പയിലേക്ക് 6120 തീര്‍ത്ഥാടകര്‍ എത്തി. ഇതുവഴി കെഎസ്ആര്‍ടിസിക്ക് ഈ സര്‍വീസില്‍ നിന്നും മാത്രം
12,22,395** രൂപയുടെ വരുമാനം ലഭിച്ചു. ഒരു യാത്രക്കാരനില്‍ നിന്നും 11 രൂപയാണ് സെസ് ഇനത്തില്‍ സര്‍ക്കാര്‍ ഈടാക്കുന്നത്. ഇതിന്‍ പ്രകാരം 6120 യാത്രക്കാരില്‍ നിന്നുമായി 67,320 സര്‍ക്കാര്‍ ഖജനാവിലേക്ക് നേരിട്ടെത്തി. ഇതു എറണാകുളം – പമ്പ സ്‌പെഷ്യല്‍ സര്‍വീസില്‍ നിന്നും മാത്രം ലഭിച്ച വരുമാനമാണ്. ശമ്പള പ്രതിസന്ധിയും മറ്റു പ്രശ്‌നങ്ങളും മൂലം കലുഷിതമായ ഈ മേഖലയില്‍ മണ്ഡല കാലം കെഎസ്ആര്‍ടിസിയ്ക്ക് സമ്പാദിക്കാനും ബാധ്യതകള്‍ തീര്‍ക്കാനുമുള്ള സുവര്‍ണാവസരമാണ് നല്‍കുന്നത്.
സ്വകാര്യ മേഖലയിലെ ഉണര്‍വ്
വെജിറ്റേറിയന്‍ ഭക്ഷണ ശാലകളേയാണ് സാധാരണ നിലയില്‍ അയ്യപ്പന്‍മാര്‍ ആശ്രയിക്കുന്നത്. അംഗീകൃത റെസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കണമെങ്കില്‍ ശരാശരി 18 ശതമാനം നികുതി ഇനത്തില്‍ ജിഎസ്ടി വകുപ്പിന് ഓരോ അയ്യപ്പനും നല്‍കുന്നുണ്ട്. ഈ കണക്കു പ്രകാരം 600 രൂപ ഭക്ഷണത്തിനായി ചിലവഴിച്ചാല്‍ 108 രൂപ സര്‍ക്കാരിലേക്ക് നികുതിയായി ലഭിക്കും. മുകളില്‍ പറഞ്ഞ പ്രകാരം 1 ലക്ഷം തീര്‍ത്ഥാടകര്‍ ഭക്ഷണം കഴിച്ചാല്‍ 1 കോടി എട്ടു ലക്ഷം രൂപ നികുതിയായി ലഭിക്കും. ഇതോടൊപ്പം 100 രൂപയുടെ ഭക്ഷണം കഴിക്കുമ്പോള്‍ ശരാശരി 12 രൂപയുടെ ലാഭം ലഭിക്കുമെന്ന് ഹോട്ടലുടമകള്‍ തന്നെ സമ്മതിക്കുന്നു. പഴം, പച്ചക്കറി മാര്‍ക്കറ്റുകളിലെ ഹോട്ടല്‍ സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നതു വഴി 12 ശതമാനം നികുതി കേരള ജിഎസ്ടി വിഭാഗത്തിന് ലഭിക്കുന്നുണ്ട്. ഈ ഭക്തരുടെ പണം കൈമറിഞ്ഞ് പൊതു വിപണിയിലേക്ക് എത്തുന്നതോടെ ഈ മേഖലയ്ക്കും പുത്തനുണര്‍വാണ് ലഭിക്കുക.
പലചരക്ക് പൂജാ സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും കച്ചവടം ഉഷാറാകുന്നതായി എറണാകുളം പൊതു മാര്‍ക്കറ്റിലേയും ബ്രോഡ് വേയിലേയും സ്ഥാപന ഉടമകള്‍ വ്യക്തമാക്കി. ക്രിസ്തുമത വിശ്വാസികള്‍ 25 ദിവസത്തെ വൃതത്തിലേക്ക് മാറിയതും മണ്ഡല കാലവും തിരക്ക് വര്‍ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. ശര്‍ക്കര, ചന്ദനത്തിരി, എണ്ണ, നെയ്യ്, കര്‍പ്പൂരം, മാല, കോട്ടണ്‍ മുണ്ടുകള്‍, തോര്‍ത്ത് തുടങ്ങിയ വസ്തുക്കളുടെ വില്‍പന റെക്കോര്‍ഡ് നിലയിലാണ്. ശരാശരി 18 ശതമാനം ജിഎസ്ടി ചുമത്തപ്പെടുന്നവയാണ് ഇവയില്‍ ഭൂരിഭാഗവും.
ഇതോടൊപ്പം തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നും തീര്‍ത്ഥാടകര്‍ ഏറ്റവും കൂടുതല്‍ എത്തുന്നത് കുമളി, കമ്പംമെട്ട് ചെക്ക് പോസ്റ്റ് , പുല്ലുമേട് കാനന പാത എന്നീ മാര്‍ഗങ്ങളിലൂടേയാണ്. ഈ തീര്‍ത്ഥാടകരെ ലക്ഷ്യം വച്ച് അടിമാലി -കുമളി ദേശീയപാത 185, കൊട്ടാരക്കര-തേനി ദേശീയപാതയുടെ ഇരു വശങ്ങളിലും വലിയ ചിപ്‌സ് സെന്ററുകളും പലഹാരക്കടകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥിതിയിലേക്ക് മാറിയിട്ടുണ്ട്. തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചതാണ് പ്രവര്‍ത്തന സമയം കൂട്ടുന്നതിന് പല വ്യാപാരികളും തയ്യാറാകാന്‍ കാരണം. പ്രതിദിനം തമിഴ്‌നാട്ടില്‍ നിന്നും 50 ലോഡിലേറെ പച്ച നേന്ത്രക്കായയാണ് ചിപ്‌സ് സെന്ററുകളിലേക്ക് വറുക്കുന്നതിനായി എത്തുന്നത്. ഇതു വലിയതോതിലുള്ള ധന വിനിമയത്തിന് കാരണമാകുന്നുണ്ട്.
ഇതിനെല്ലാം പുറമെ ടൂറിസ്റ്റ് ടാക്‌സി വാഹനങ്ങള്‍ ഇടവേളകളില്ലാതെയാണ് ഭക്തരേയുമായി ശബരി മലയിലേക്ക് നീങ്ങുന്നത്.
എറണാകുളത്തു നിന്നും പമ്പയിലേക്ക് യൂബര്‍ പോലുള്ള കമ്പനികള്‍ 4500 മുതല്‍ 5200 രൂപ വരേയാണ് ഈടാക്കുന്നത്. എന്നാല്‍ പ്രാദേശിക ഡ്രൈവര്‍മാര്‍ ട്രിപ്പിന് 4800 മുതല്‍ 5600 രൂപ വരെ ഈടാക്കുന്നുണ്ട്. വാഹനങ്ങള്‍ ഉപയോഗിക്കുന്നതു വഴി പെട്രോള്‍ പമ്പുകളിലും വലിയ തിരക്കാണുള്ളത്. ഒരു ഭക്തന്റെ വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നതു വഴി ഏകദേശം 20 രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുന്നുണ്ട്. ഇതോടൊപ്പം പമ്പുടമയ്ക്ക് ലിറ്ററിന് 3.66 രൂപ കമ്മീഷനായും ലഭിക്കുന്നുണ്ട്.
മോട്ടോര്‍ വാഹന വകുപ്പിനും മണ്ഡല കാലം ചാകരയാണ്. സംസ്ഥാന അതിര്‍ത്തി കടന്നെത്തുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ഓരോ സീറ്റിനും ആനുപാതികമായി പെര്‍മിറ്റ് നല്‍കേണ്ടതുണ്ട്. കര്‍ണാടകയില്‍ നിന്നും എത്തുന്ന വാഹനങ്ങളാണ് ഇവരുടെ പ്രധാന വരുമാന സ്രോതസ്. തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളുമായി കേരളത്തിന് ഉഭയ കക്ഷി കരാര്‍ ഉള്ളതിനാല്‍ ഇവിടെ നിന്നുള്ള വാഹനങ്ങള്‍ക്ക് പെര്‍മിറ്റ്, ടാക്‌സ് എന്നീ ഇനങ്ങളിലായി ഈടാക്കാനാവില്ല. കര്‍ണാടക വാഹനങ്ങള്‍ക്ക് സീറ്റൊന്നിന് 510 മുതല്‍ 1000 രൂപ വരേയാണ് ഓരോ കാറ്റഗറികളിലായി ഈടാക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലാ അതിര്‍ത്തികളിലൂടേയാണ് കര്‍ണാടയിലെ തീര്‍ത്ഥാടകര്‍ കൂടുതലായും എത്തുന്നത്. ഇതുവഴി എത്തുന്ന ഭക്തരുടെ സ്ഥിര സന്ദര്‍ശന കേന്ദ്രങ്ങളാണ് കോഴിക്കോട് മിഠായി തെരുവും പരിസര പ്രദേശങ്ങളും.
ഈ കണക്കുകളുടെ വെളിച്ചത്തില്‍ മണ്ഡല കാലമായ 41 ദിവസം (മണ്ഡല പൂജ) പിന്നിടുമ്പോള്‍ ഏകദേശം 2000 കോടിയിലേറെ രൂപയുടെ വിപണിയാണ് കേരളത്തിലെ വിപണികളിലൂടെ ക്രയ വിക്രയം ചെയ്യപ്പെടുന്നതെന്നുള്ള വസ്തുത വിസ്മരിക്കാനാവില്ല. ഇതാകട്ടെ ദേവസ്വത്തിന് ശബരിമലയില്‍ കാണിക്കയായും അരവണ, അപ്പം അടക്കമുള്ളവയുടെ വില്‍പനയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ അഞ്ചിരട്ടിയിലധികമാണ്. 2023 ജനുവരിയില്‍ ദേവസ്വം പുറത്തു വിട്ട കണക്കു പ്രകാരം 351 കോടിയുടെ വരുമാനമാണ് ലഭിച്ചത്. 2022ല്‍ ഇത് 360 കോടിയുമായിരുന്നു. ഇതൊന്നും മൂന്നക്കം പിന്നിട്ടിട്ടില്ല.
കെഎസ്ആര്‍ടിസിയുടേയും വരുമാനം മാത്രമാണ് ചര്‍ച്ച ചെയ്യപ്പെടുന്നുള്ളു. എന്നാല്‍ പത്തനംതിട്ട ജില്ലയ്ക്ക് പുറത്തു മണ്ഡല കാലത്തു നടക്കുന്ന ബിസിനസ് ബൂമിംഗ് വേണ്ടത്ര ചര്‍ച്ചയാവുകയോ ഇവയെ പരിപോഷിപ്പിക്കാനും കുറ്റമറ്റതാക്കാനും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ യാതൊരു പദ്ധതികളും ആവിഷ്‌കരിക്കപ്പെടുന്നില്ലായെന്നത് ശ്രദ്ധേയമാണ്.
അവലംബം
1. കെഎസ്ആര്‍ടിസി (ശബരിമല ഓപ്പറേഷന്‍സ് വിഭാഗം)**
2. ജിഎസ്ടി – (ടാക്‌സ് ഇന്റലിജന്‍സ്)***
3. ശ്രീ ദുര്‍ഗ പൂജാ സ്റ്റോര്‍, കൊച്ചി****
4. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ റേറ്റ് ചാര്‍ട്ട്
5. മോട്ടോര്‍ വാഹന വകുപ്പ് ( കാസര്‍ഗോഡ്)***