പുതിയ വൈദ്യുതി കണക‍്ഷൻ ലഭ്യമാക്കാനുള്ള സമയപരിധി പകുതിയാക്കി കുറയ്ക്കും. മെട്രോ നഗരങ്ങളിൽ 7 ദിവസമാണ് നിലവിലെ സമയപരിധിയെങ്കിൽ ഇത് 3 ദിവസമായി കുറയ്ക്കും. മുനിസിപ്പൽ ഏരിയയിൽ 15 ദിവസമായിരുന്നത് 7 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 30 ദിവസമെന്നത് 15 ദിവസമായും കുറയ്ക്കും. ഇത് പരമാവധി സമയപരിധിയാണ്. ഇതിനകത്തുനിന്നുകൊണ്ട് അതതു സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനുകൾക്കു സമയപരിധി നിശ്ചയിച്ച് ചട്ടം പുറപ്പെടുവിക്കാം.

2020 ലെ വൈദ്യുതി ഉപഭോക്തൃ അവകാശ ചട്ടമാണു കേന്ദ്രം ഭേദഗതി ചെയ്യുന്നത്. കരടുവിജ്ഞാപനത്തിന്മേൽ കേന്ദ്രം ബന്ധപ്പെട്ട വകുപ്പുകളോട് അഭിപ്രായം തേടി.

വ്യക്തികളോ ഹൗസിങ് സൊസൈറ്റികളോ അപേക്ഷ നൽകിയാൽ ഇലക്ട്രിക് വാഹനചാർജിങ്ങിനു പ്രത്യേക കണക‍്ഷൻ നൽകണം. കണക‍്ഷനുകൾ നൽകാനുള്ള പുതിയ സമയക്രമം തന്നെ ഇതിനും ബാധകമാകും.

പരാതിയുണ്ടെങ്കിൽ രണ്ടാം മീറ്റർ

∙ വൈദ്യുതി മീറ്ററിലെ റീഡിങ് സംബന്ധിച്ച് ഉപയോക്താവിനു പരാതിയുണ്ടെങ്കിൽ 3 ദിവസത്തിനകം രണ്ടാമതൊരു മീറ്റർ സ്ഥാപിച്ച് കുറഞ്ഞത് 3 മാസമെങ്കിലും പരിശോധന നടത്തണം.
∙ പുരപ്പുറ സോളർ സ്ഥാപിക്കാൻ അപേക്ഷ നൽകിയാൽ 15 ദിവസത്തിനകം പരിശോധന നടത്തി റിപ്പോർട്ട് നൽകണം. നിലവിൽ 20 ദിവസം. കാലതാമസം വന്നാൽ അപേക്ഷ അംഗീകരിച്ചതായി പരിഗണിക്കും.
∙ 10 കിലോവാട്ട് വരെയുള്ള പുരപ്പുറ സോളർ പദ്ധതികൾക്ക് സാങ്കേതികപരിശോധന ആവശ്യമില്ല.
∙ പുരപ്പുറ സോളർ സ്ഥാപിച്ച് ഇൻസ്റ്റലേഷൻ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ വിതരണക്കമ്പനി 15 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കി പദ്ധതി കമ്മിഷൻ ചെയ്യണം.
∙ സിംഗിൾ പോയിന്റ് കണക‍്ഷനുള്ള ഹൗസിങ് സൊസൈറ്റി, റസിഡൻഷ്യൽ കോളനികൾ എന്നിവയിലെ വൈദ്യുതി നിരക്ക് റെഗുലേറ്ററി കമ്മിഷൻ നിശ്ചയിക്കുന്ന നിരക്കിനു മുകളിലാകാൻ പാടില്ല. അപ്പാർട്മെന്റ് സമുച്ചയത്തിനു മൊത്തമായി ഒരു കണക‍്ഷൻ എടുത്ത ശേഷം പ്രീപെയ്ഡ് മീറ്ററുകൾ വച്ച് ഓരോ അപ്പാർട്മെന്റിനും വൈദ്യുതി നൽകുന്നതാണ് സിംഗിൾ പോയിന്റ് കണക‍്ഷൻ.
∙ സിംഗിൾ പോയിന്റ് കണക‍്ഷനുകളുള്ള സൊസൈറ്റികളിലും ആരെങ്കിലും വ്യക്തിഗത കണക‍്ഷൻ ആവശ്യപ്പെട്ടാൽ നൽകണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!