1,499 രൂപ ഇനി മുടക്കേണ്ട. 799 രൂപയ്ക്ക് ആമസോൺ പ്രൈം ലൈറ്റ് മതി. വാർഷിക പ്ലാനിന്റെ നിരക്ക് കുറച്ച് കമ്പനി.

കൂടുതൽ ആകർഷകമായി ആമസോൺ പ്രൈം. പ്രൈം ലൈറ്റ് അംഗത്വ പദ്ധതിക്കു കീഴിൽ ഇ- കൊമേഴ്സ് ഭീമനായ ആമസോൺ, ഇന്ത്യയിലെ പ്രൈം അംഗത്വത്തിന്റെ നിരക്ക് കുറച്ചു. തുടക്കത്തിൽ 999 രൂപയ്ക്കു വാഗ്ദാനം ചെയ്തിരുന്ന പ്രൈം ലൈറ്റ് വാർഷിക പ്ലാൻ നിലവിൽ 799 രൂപയ്ക്കു ലഭിക്കും. അതായത് പ്രൈം ലൈറ്റ് അംഗത്വ നിരക്കിൽ 200 രൂപയുടെ കിഴിവാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്.
ആമസോൺ പ്രൈം അംഗത്വ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ പ്രൈം ലൈറ്റ് കൂടുതൽ ആകർഷകമാകുകയാണ്. നിലവിൽ ഉപയോക്താക്കൾക്കു ആമസോൺ പ്രൈം അംഗത്വം വ്യത്യസ്ത ഓപ്ഷനുകളിൽ ലഭ്യമാണെങ്കിലും നിരക്ക് കൂടുതലാണ്. ഉയർന്ന നിരക്ക് മൂലമുള്ള ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് വർധിച്ചതോടെയാണ് ജൂണിൽ പ്രൈം ലൈറ്റ് കമ്പനി അവതരിപ്പിച്ചത്.

ആമസോൺ പ്രൈമിന്റെ ഒരു മാസത്തേയ്ക്കുള്ള സബ്സ്‌ക്രിപ്ഷന് 299 രൂപയാണ്. മൂന്ന് മാസംത്തേയ്ക്ക് 599 രൂപയും, വാർഷിക പ്ലാനിന് 1,499 രൂപയും നൽകേണ്ടതുണ്ട്. ഇവിടെയാണ് 799 രൂപയ്ക്ക് പ്രൈം ലൈറ്റ് വാർഷിക പ്ലാൻ ശ്രദ്ധ നേടുന്നത്. നിരക്ക് കുറയ്ക്കലിന് പുറമേ പ്രൈം ലൈറ്റ് അംഗത്വത്തിനൊപ്പം നൽകുന്ന ആനുകൂല്യങ്ങളിലും കമ്പനി ഇടപെടൽ നടത്തിയിട്ടുണ്ട്.

മുമ്പ് ആമസോൺ പ്രൈം ലൈറ്റ് മെമ്പേഴ്‌സിന് സാധാനങ്ങൾ ഓർഡർ ചെയ്താൽ 2 ദിവസത്തിനുള്ളിലായിരുന്നു ഡെലിവറി. പുതിയ പരിഷ്‌കരണത്തോടെ വൺ ഡേ ഡെലിവറി, 2 ഡേ ഡെലിവറി, ഷെഡ്യൂൾഡ് ഡെലിവറി, വാങ്ങുന്ന ദിവസം തന്നെ ഡെലിവറി ഓപ്ഷനുകൾ ലഭ്യമാണ്. അതേസമയം പ്രൈം ലൈറ്റിൽ ഇപ്പോഴും പ്രൈം മ്യൂസിക് പടിക്കു പുറത്താണ്. പ്രൈം വിഡിയോ എച്ച്ഡി സേവനം വരെ ലഭ്യമാകൂ.

മുമ്പ് സബ്‌സ്‌ക്രിപ്ഷൻ 2 ഡിവൈസുകളിൽ ഒരേസമയം ഉപയോഗിക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇനി മുതൽ ഒരൊറ്റ ഡിവൈസിൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. പ്രൈം ലൈറ്റിന്റെ മറ്റു അനുകൂല്യങ്ങൾ അതുപോലെ തന്നെ തുടരും. അതായത് അതിരാവിലെ ഉള്ള ഡെലിവറി (ഐറ്റത്തിന് 175 രൂപ), നോ കോസ്റ്റ് ഇഎംഐ, സ്‌ക്രീൻ റീപ്ലേസ്‌മെന്റ് (ആറു മാസം) എന്നിങ്ങനെ നീളുന്നു ആനുകൂല്യങ്ങൾ.

സാധാരണ പ്രൈം അംഗത്വവുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രൈം ലൈറ്റ് പ്ലാനിന് ചില പരിമിതികളുണ്ട്. 1 ഡേ ഡെലിവറി, 50 രൂപ നിരക്കിലുള്ള രാവിലത്തെ ഡെലിവറി, അൺലിമിറ്റഡ് പ്രൈം വീഡിയോ ഉപകരണ പിന്തുണ, 4കെ റെസല്യൂഷൻ പിന്തുണ എന്നിവ പ്രൈം ലൈറ്റിൽ ലഭിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!