2 ദിവസത്തെ വർധന 480 രൂപ
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 200 രൂപ കൂടി 46,400 രൂപയിലും, ഗ്രാമിന് 25 രൂപ വർധിച്ച 5,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസം കൊണ്ട് പവന് 480 രൂപയുടെ കയറ്റമാണ് രേഖപ്പെടുത്തിയത്. ഇന്നലെ പവന് 46,200 രൂപയും, ഗ്രാമിന് 4,775 രൂപയുമായിരുന്നു നിരക്ക്. നിലവിലെ വില വർധനയോടെ സ്വർനണം വീണ്ടും റെക്കോഡിലേയ്ക്കു നീങ്ങുമെന്ന വാദങ്ങൾക്ക് മൂർച്ഛ കൂടി.
ക്രിസ്മസിന് ശേഷം വിവാഹ സീസൺ വാരാനിരിക്കേ സ്വർണത്തിലെ പ്രതീക്ഷകൾ വാനോളമാണ്. ജുവലറികളിൽ നിലവിൽ ക്രിസ്മസ്- പുതുവത്സര ഉത്സവങ്ങളുടെ തിരക്കാണ്. ഇതിനു പിന്നാലെ വിവാഹ സീസൺ എത്തുന്നത് വിലയിൽ വലിയ സ്വാധിനത്തിനു വഴിവയ്ക്കും. ആഗോള വിപണികളിലെ മുന്നേറ്റങ്ങളും പ്രാദേശിക വില വർധിക്കാൻ കാരണമായി.
ആഗോള വിപണിയിൽ 24 മണിക്കൂറിനിടെ സ്വർണം ഔൺസിന് 0.85 ശതമാനം (17.36 ഡോളർ) വില വർധിച്ചു. ആഗോള വിപണികളിലെ വില മാറ്റങ്ങൾ ഡോളറിൽ ആയതുകൊണ്ടു തന്നെ നേരിയ ചലനങ്ങൾ പോലും പ്രാദേശിക വിലയിൽ വലിയ മാറ്റത്തിനു വഴിവയ്ക്കും. ഒരു മാസത്തിനിടെ ആഗോള സ്വർണവിലയിൽ 2.09 ശതമാനം (41.66 ഡോളർ) വർധനയുണ്ടായിട്ടുണ്ട്. ആറു മാസത്തെ കുതിപ്പ് 6.15 ശതമാനമാണ് (117.68 ഡോളർ).
ഡോളർ- രൂപ വിനിമയ നിരക്കും സ്വർണവില നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. അടുത്ത വർഷം യുഎസ് ഫെഡ് നിരക്കുകൾ മൂന്നു തവണ കുറയ്ക്കുമെന്നു വ്യക്തമാക്കിയത് സ്വർണത്തിന് ബൂസ്റ്റ് ആയിട്ടുണ്ട്. നിരക്കുകൾ കുറയുന്നത് പലിശ വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങൾക്കു മേൽ സ്വർണത്തിന് ആധിപത്യം നൽകും. 2024 ൽ സ്വർണത്തിന്റെ നിക്ഷേപ ആവശ്യകത വർധിക്കുമെന്നാണ് വിലയിരുത്തൽ.
ആഭരണപ്രിയരെ സംബന്ധിച്ചു ഇപ്പോൾ ബുക്കിംഗുകൾ പരിഗണിക്കാവുന്നതാണ്. വരും ദിവസങ്ങളിൽ വില വർധിക്കാനുള്ള സാധ്യത കൂടുതലവാണ്. ബുക്കിംഗുകൾ വഴി വില കുതിച്ചാൽ ബുക്കിംഗ് നിരക്കിലും, വില കുറഞ്ഞാൽ വിപണി വിലയിലും സ്വർണം സ്വന്തമാക്കാം. നിക്ഷേപകർ തിരുത്തലുകൾ വരെ കാത്തിരിക്കുന്നതാകും നല്ലത്. വില കുറയുമ്പോൾ ആവറേജിംഗും പരിഗണിക്കാവുന്നതാണ്.
സംസ്ഥാനത്ത് വെള്ളി വിലയിൽ നിലവിൽ മാറ്റമില്ല. സ്വർണവില കുതിച്ച സാഹചര്യത്തിൽ വരും മണിക്കൂറുകളിൽ വെള്ളി വിലയും കൂടാം. നിലവിൽ വെള്ളി ഗ്രാമിന് 80.70 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 645.60 രൂപയും, 10 ഗ്രാം വെള്ളിക്ക് 807 രൂപയുമാണ്. വെള്ളി കിലോയ്ക്ക് 80,700 രൂപയാണ്.