ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തിക്കാൻ പ്രമുഖ ഫിൻടെക് സ്ഥാപനമായ റേഡിയന്റ് എയ്സ്മണി. ഇതിന്റെ ഭാഗമായി തൃശൂർ ആസ്ഥാനമായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കുമായി റേഡിയന്റ്റ് എയ്സ്മണി കരാർ ഒപ്പുവച്ചു. കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ ഇസാഫ് ബാങ്കിന്റെ ബിസിനസ് കറസ്പോണ്ടന്റ്റ് സേവനദാതാക്കളായാണ് റേഡിയന്റ് എയ്സ്മണി പ്രവർത്തിക്കുക. ഗ്രാമീണ മേഖലകളിലും ചെറുകിടക്കാരിലും ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് റേഡിയന്റ് എയ്സ്മണി. ചെറുകിട വ്യാപാരികൾ വഴിയാണ് പ്രധാനമായും എയ്സ്മണി സേവനങ്ങൾ ലഭ്യമാക്കുന്നത്.


കേരളത്തിലും തമിഴ്‌നാട്ടിലും ഇസാഫ് ബാങ്കിന്റെ സേവനങ്ങൾ എയ്സ്മണി ചെറുകിട വ്യാപാരികളിലൂടെ ഉപയോക്താക്കളിലേക്ക് എത്തിക്കും. വ്യാപാരികളെ സമീപിച്ച് ഉപയോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാം. ഏത് ബാങ്കിന്റെയും ഡെബിറ്റ് കാർഡ്, ആധാർ കാർഡ് എന്നിവ ഉപയോഗിച്ച് വ്യാപാരികളുടെ പക്കലുള്ള പേയ്മെന്റ്റ് മെഷീനുകൾ വഴി പണം പിൻവലിക്കാം. അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനും സേവനം പ്രയോജപ്പെടുത്താം.

ഏതൊരു യു.പി.ഐ ആപ്പ് വഴിയും അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാവുന്ന ക്യു.ആർ കോഡ് അധിഷ്‌ഠിത സേവനവും എയ്സ്മണി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചു. ഉപയോക്താവിന് എയ്സ്മണിയുടെ ബിസിനസ് കറസ്പോണ്ടന്റ് ആയ വ്യാപാരിയെ സമീപിച്ച് ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് എ.ടി.എമ്മിൽ നിന്ന് എന്ന പോലെ പണം പിൻവലിക്കാം. ഒറ്റത്തവണ പരമാവധി 1,000 രൂപയും ഒരു ദിവസം പരമാവധി 3,000 രൂപയുമാണ് പിൻവലിക്കാൻ സാധിക്കുക.

നിലവിൽ 4,600 ചെറുകിട വ്യാപാരികളാണ് എയ്സ്മണിയുടെ ബിസിനസ് കറസ്പോണ്ടൻറുമാരാണുള്ളത്. കേരളത്തിൽ 2,300 പേരും, തമിഴ്‌നാട്ടിൽ 600 പേരും. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ, ഉത്തർപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിലും പരിശീലനം നൽകി വ്യാപാരികളെ ചേർത്തിട്ടുണ്ട്. ഇടുക്കി സ്വദേശി ജിമ്മിൻ ജെ. കുറിച്ചിയിലും ഭാര്യ നിമിഷ ജെ. വടക്കനും ചേർന്ന് 2020ൽ കൊച്ചിയിൽ തുടക്കമിട്ട ഫിൻടെക് സ്റ്റാർട്ടപ്പാണ് എയ്സ്മണി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!