പാകിസ്ഥാനിലെ മുകേഷ് അംബാനി’ എന്ന വിശേഷണമുള്ള വ്യക്തിയാണ് മിയാൻ മുഹമ്മദ് മൻഷ. അദ്ദേഹത്തിന്റെ മരുമകളായ ഇഖ്റ ഹസനാണ് പാകിസ്ഥാനിലെ ഏറ്റവും ധനികയായ വനിത. 1 ബില്യൺ ഡോളറാണ് ആസ്തി
സാമ്പത്തികമായും, രാഷ്ട്രീയപരമായും വെല്ലുവിളി നേരിടുന്ന ഒരു സാഹചര്യത്തിലൂടെയാണ് പാകിസ്ഥാൻ ഇപ്പോൾ കടന്നു പോകുന്നത്. സമ്പദ് വ്യവസ്ഥയിലുണ്ടായ തിരിച്ചടികൾ സാമ്പത്തിക മാന്ദ്യം എന്ന അവസ്ഥയിലേക്ക് രാജ്യത്തെ എത്തിച്ചിരിക്കുന്നു. ഇന്ത്യയും-പാകിസ്ഥാനും തമ്മിൽ സാമ്പത്തികമായി വലിയ അന്തരമാണുള്ളത്. ഏഷ്യയിലെ തന്നെ സമ്പന്നൻമാർ ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇന്ത്യയിലെയെന്നല്ല, ഏഷ്യയിലെ തന്നെ ഏറ്റവും ധനികനായ വ്യക്തിയാണ് മുകേഷ് അംബാനി. അദ്ദേഹത്തിന്റെ സമ്പാദ്യം ഏതാണ്ട് 92 ബില്യൺ ഡോളറാണ്. പാകിസ്ഥാനിലും വലിയ ബിസിനസുകാർ ഉണ്ടായിട്ടുണ്ട്. അവരിൽ പ്രധാനിയാണ് ‘പാകിസ്ഥാനിലെ മുകേഷ് അംബാനി’ എന്നു വിശേഷണമുള്ള, രാജ്യത്തെ ധനികരിൽ രണ്ടാം സ്ഥാനമുള്ള മിയാൻ മുഹമ്മദ് മൻഷ . പാകിസ്ഥാനിലെ ആദ്യ ബില്യണയറായ ഇദ്ദേഹത്തിന്റെ മരുമകളാണ് ഇഖ്റ ഹസൻ (Iqraa Hassan). രാജ്യത്തെ ഏറ്റവും ധനികയായ വനിതയാണ് ഇവർ.
പാകിസ്ഥാനിലാണ് വേരുകളുള്ളതെങ്കിലും ഇഖ്റ ഹസൻ ജീവിതത്തിൽ കൂടുതൽ കാലവും ലണ്ടനിലാണ് ചെലവഴിച്ചിട്ടുള്ളത്. അവർ ഉപരി പഠനം നേടിയതെല്ലാം ഇവിടെ വെച്ചാണ്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ഇന്റർനാഷണൽ പൊളിറ്റിക്സിൽ ബിരുദവും, യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ സ്കൂൾ ഓഫ് ഓറിയന്റൽ & ആഫ്രിക്കൻ സ്റ്റഡീസിൽ നിന്ന് ബിരുദാനന്തര ബിരുദവും അവർ നേടിയിട്ടുണ്ട്.
യുകെ വിപണിയെക്കുറിച്ച് മികച്ച ധാരണയുള്ള ഇഖ്റ, നിഷാത് ഹോട്ടൽസ് & പ്രോപർട്ടീസ് സിഇഒ ആയി ചുമതല വഹിക്കുന്നു. പാകിസ്ഥാനിലെ പ്രോപർട്ടികൾ, ലണ്ടനിലെ 5 സ്റ്റാർ ഹോട്ടൽ എന്നിവ മാനേജ് ചെയ്യുന്നു. ഇതു കൂടാതെ ഇഖ്റ, പല കമ്പനികളുടെയും ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ അംഗമാണ്.
ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഇഖ്റ ഹസന്റെ ആസ്തിമൂല്യം 1 ബില്യൺ യുഎസ് ഡോളറാണ്. മിയാൻ മുഹമ്മദ് മൻഷയുടെ പുത്രനായ മിയാൻ ഉമ്മർ മൻഷയെയാണ് ഇഖ്റ വിവാഹം ചെയ്തിരിക്കുന്നത്. മിയാൻ ഉമ്മർ മൻഷ, 2007 സെപ്തംബർ മുതൽ നിഷാത് മിൽസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതല വഹിക്കുന്നു. ആഡംജീ ഇൻഷുറൻസ് കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ എന്ന പദവിയും അദ്ദേഹം വഹിക്കുന്നു.