A high angle shot of a glass of coffee next to a laptop

റിപ്പയറിംഗ് ചെലവിന് ഉപഭോക്താവിന് അവകാശമില്ലേ

ചെറുതാണെങ്കിലും വലുതാണെങ്കിലും പണം നല്‍കി വാങ്ങിയ സാധനത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ നമ്മള്‍ അടങ്ങിയൊതുങ്ങിയിരിക്കാറില്ല. എത്ര റിസ്‌കെടുത്താണെങ്കിലും നമ്മള്‍ കമ്പനിക്കാരില്‍ നിന്നും നഷ്ട പരിഹാരം വാങ്ങിയെടുക്കും. അല്ലെങ്കില്‍ സാധനമെങ്കിലും മാറ്റി വാങ്ങും. ചിലരാകട്ടെ തന്റെ കുഴപ്പം മൂലമോ കൈയ്യിലിരിപ്പ് കൊണ്ടോ സംഭവിച്ചതല്ലേ… പോകട്ടേയെന്ന് വയ്ക്കും.

പലപ്പോഴും ലക്ഷക്കണക്കിനു രൂപ മുടക്കി വാങ്ങിയ എയര്‍ കണ്ടീഷണര്‍, വാഷിംഗ് മെഷീന്‍, റെഫ്രിജറേറ്റര്‍, കമ്പ്യൂട്ടര്‍, ലാപ്‌ടോപ് തുടങ്ങിയവ വാങ്ങിയ ശേഷം വില്‍പനക്കാരന്‍ ശരിയായ സര്‍വീസ് പോലും നല്‍കാതെ ഉപഭോക്താവിനെ വഞ്ചിക്കാറുണ്ട്. തുടര്‍ച്ചയായി വില്‍പനക്കാരനെ ബന്ധപ്പെട്ടിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ വന്നാല്‍ ഉടന്‍ നിയമ നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇത്തരം സമയത്ത് കസ്റ്റമര്‍ പ്രാദേശിക പോലീസ് സ്റ്റേഷനില്‍ രേഖാ മൂലം ഒരു പരാതി നല്‍കിയാല്‍ പോലും പ്രശ്‌നം പരിഹരിക്കപ്പെടും. ഇതിന് ചിലവാകുന്നത് വെറും ഒരു രൂപയുടെ വെള്ളപേപ്പര്‍ മാത്രം.

എന്നാല്‍ ബംഗളൂരുവിലെ ഒരു ഉപഭോക്താവ് തന്റെ മാക്ബുക്കില്‍ അബദ്ധത്തില്‍ കാപ്പി വീണതിനെ തുടര്‍ന്ന് ടെക് ഭീമനായ ആപ്പിളിനെതിരെ കേസ് ഫയല്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് 1.74 ലക്ഷം രൂപയ്ക്ക് മാക്ബുക്ക് പ്രോ 13 ഇഞ്ച് ലാപ്ടോപ്പ് വാങ്ങിയത്. കൂടാതെ, AppleCare+ സേവന കവറേജിനായി 22,900 രൂപ കൂടുതലായി വാങ്ങിയ സമയത്ത് നല്‍കിയിരുന്നു. ലാപ്‌ടോപിന് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ശരിയാക്കി തരുന്നതിനായിരുന്നു അധിക തുക കൊടുത്തിരുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, അബദ്ധത്തില്‍ മാക്ബുക്കിന്റെ കീബോര്‍ഡില്‍ കോഫി വീണു. തുടര്‍ന്ന് ലാപ്ടോപ്പ് പ്രവര്‍ത്തിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി. അതിനെ തുടര്‍ന്ന് കടയില്‍ പോയി ലാപ്‌ടോപ്പ് ശരിയാക്കാന്‍ കൊടുത്തു. എന്നാല്‍ കമ്പനി ലാപ്ടോപ്പ് നന്നാക്കാതെ തിരികെ നല്‍കി. ഒരു ദ്രാവകം വീണ് മാക്ബുക്കിന് സംഭവിക്കുന്ന കേടുപാടുകള്‍ AppleCare+ന് കീഴില്‍ വരില്ല എന്നതായിരുന്നു കാരണം.

ഇത് ന്യായമല്ലെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ആപ്പിളിനെതിരെ പരാതിപ്പെട്ടു.എന്നാല്‍ ഉപഭോക്തൃ കോടതിയും കേസ് തള്ളി. ഏതെങ്കിലും ദ്രാവകങ്ങള്‍ വീണ് ആന്തരിക ഭാഗങ്ങള്‍ക്ക് അറിയാതെ ഉണ്ടാകുന്ന കേടുപാടുകള്‍ AppleCare+ന് കീഴില്‍ വരില്ലെന്ന ആപ്പിള്‍ ഇന്ത്യ വാദിച്ചതിനാല്‍ ഉപഭോക്തൃ ഫോറത്തില്‍ കേസ് തള്ളി പോയി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!