CMFRI Open House

ഓപ്പൺ ഹൗസ് പ്രദർശനം കാണാനെത്തിയത് ആയിരങ്ങൾ

കൊച്ചി: കടലറിവുകളുടെ കൗതുകക്കാഴ്ചകൾ സമ്മാനിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ഓപ്പൺ ഹൗസ് പ്രദർശനം. ഭീമൻ മത്സ്യമായ ഹംപ്‌ഹെഡ് റാസ്, ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ്, വിലകൂടിയ മുത്തുകൾ തുടങ്ങി ആഴക്കടലിന്റെ അറിയാകാഴ്ചകൾ കാണാൻ ആയിരങ്ങളാണെത്തിയത്. 77ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് സിഎംഎഫ്ആർഐ പൊതുജനങ്ങൾക്കായി തുറന്നിട്ടത്.

മ്യൂസിയം, വിവിധ പരീക്ഷണശാലകൾ, മറൈൻ അക്വേറിയം, ലൈബ്രറി, ഹാച്ചറികൾ, കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രം എന്നിവ കാണാനെത്തിയവരിൽ ഭൂരിപക്ഷവും വിദ്യാർത്ഥികളായിരുന്നു.

ത്രിമാന ചിത്രങ്ങളും ശാസ്ത്രീയവിവരണങ്ങളും ചേർത്ത് കടൽ ജൈവവൈവിധ്യങ്ങളെ പരിചയപ്പെടുത്തിയ മ്യൂസിയത്തിലെ ഇന്ററാട്കീവ് ഡിസ്‌പ്ലേ ബോർഡ് ഏറെ വിജ്ഞാനപ്രദമായി.

ചുറ്റികതലയൻ സ്രാവ്, പുലി സ്രാവ്, പേപ്പർ സ്രാവ്, കാക്ക തിരണ്ടി, മൂക്കൻ തിരണ്ടി, ഗിത്താർ മത്സ്യം, കല്ലൻ വറ്റ തുടങ്ങിയ മത്സ്യയിനങ്ങളും വിവിധയിനം ചെ്മ്മീൻ, ഞണ്ട്, കണവ, കൂന്തൽ, നീരാളി, കക്കവർഗയിനങ്ങളും വിവിധ ലാബുകളിൽ പ്രദർശിപ്പിച്ചു.

മീനുകളുടെ ജനിതകരഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഗവേഷണപ്രവർത്തനങ്ങൾ, സമുദ്രജൈവവൈവിധ്യ-പാരിസ്ഥിതിക പഠനങ്ങൾ, പ്ലാസ്റ്റിക് മാലിന്യം മീനുകളുടെ ജീവന് ഭീഷണിയാകുന്നതിന്റെ നേർചിത്രങ്ങൾ, മീനുകളുടെ ചെവിക്കല്ല് ഉപയോഗിച്ച നിർമിച്ച ആഭരണങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ടായിരുന്നു. കൂടുമത്സ്യകൃഷി, സംയോജിതജലകൃഷിരീതിയായ ഇംറ്റ തുടങ്ങി വിവിധ സമുദ്രജലകൃഷികളുടെ മാതൃകകളും സന്ദർശകർക്കായി ഒരുക്കിയിരുന്നു. സമുദ്രമത്സ്യ മേഖയിലെ ഗവേഷണ പഠനങ്ങളെ കുറിച്ച് വിദഗ്ധരുമായി ആശയവിനിമയത്തിനും അവസരമുണ്ടായിരുന്നു.

ശ്രദ്ധേയമായി ബോധവൽകരണ ബാഡ്ജുകൾ

വംശനാശ ഭീഷണി നേരിടുന്നവ ഉൾപ്പെടെയുള്ള കടൽസമ്പത്തിന്റെ സംരക്ഷണ സന്ദേശം പകർന്നു നൽകുന്ന ചിത്രസഹിതമുള്ള ബാഡ്ജുകളുടെ വിതരണം പ്രദർശനത്തിൽ ശ്രദ്ധ പിടിച്ചുപറ്റി. വിദ്യാർത്ഥികൾ ഈ ബാഡ്ജുകൾ ധരിച്ച് പുതുമയുണർത്തുന്ന ബോധവൽകരണരീതിയുടെ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!