കൊച്ചി: പാക്കേജ്‍ഡ് കുടിവെള്ള കമ്പനിയായ ബിസ്‍ലേരി ഇന്‍റർനാഷണൽ കേവലം 12 മണിക്കൂറിൽ 79.73 ടൺ പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ച് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടി. ‘ഗ്രീനർ പ്രോമിസ്’ എന്ന സംരംഭത്തിലൂടെ പരിസ്ഥിതി സുസ്ഥിരതയിൽ ബിസ്‌ലേരി പുലർത്തുന്ന പ്രതിബദ്ധതയാണ് നേട്ടത്തിന് വഴിയൊരുക്കിയത്.
കോയമ്പത്തൂർ പി എസ് ജി കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിന്റെ സഹകരണത്തോടെയാണ് മെഗാ ശേഖരണ യജ്‌ഞം റെക്കോർഡിലെത്തിച്ചത്.33.35 ടൺ പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ച്, 2018-ൽ ബൃഹത് ബെംഗളൂരു മഹാനഗര പാലികയുടെ റെക്കോർഡാണ് ബിസ്‌ലേരി പി എസ് ജി കോളേജിന്റെ പിന്തുണയോടെ മറികടന്നത്.
പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് നേടുക മാത്രമല്ല, പ്ലാസ്റ്റിക് റീസൈക്ലിംഗിനെക്കുറിച്ച് വ്യാപകമായി അവബോധം സൃഷ്‍ടിക്കുകയുമാണ് ലക്ഷ്യമിട്ടതെന്നു ബിസ്‌ലേരി ഇന്‍റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കോർപ്പറേറ്റ് അഫയേഴ്‌സ് സീനിയർ ജനറൽ മാനേജരും ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസറുമായ കെ ഗണേഷ് പറഞ്ഞു. കൂടുതൽ ഹരിതാഭമായ രാജ്യം കെട്ടിപ്പടുക്കുന്നതിനു കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് സംരംഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. 8 മണിക്കൂറിൽ 23.53 ടൺ പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ച് 2015 ലും ബിസ്‍ലേരി റെക്കോർഡിട്ടിരുന്നു.