Azad Mooppan: A Malayali who left his job for the sake of society and built an empire of 20,000 croresAzad Mooppan: A Malayali who left his job for the sake of society and built an empire of 20,000 crores

സമൂഹത്തിനു വേണ്ടി ജോലി ഉപേക്ഷിച്ച് 20,000 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത മലയാളി.. ഇതാണ് കേരള മോഡല്‍

സ്വപ്രയത്നം കൊണ്ട് വിജയത്തിന്റെ കൊടുമുടി കീഴടക്കിയ നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ ഇവരില്‍ എത്രപേര്‍ വിജയശേഷം സമൂഹത്തിനു മുന്‍ഗണന നല്‍കുന്നുവെന്നത് ഒരു ചോദ്യമാണ്. ശത കോടീശ്വരന്‍മാര്‍ ആകാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത, എന്നാല്‍ അത്തരമൊരു നേട്ടം തേടിയെത്തിയ ചിലരും നമ്മുക്ക് ചുറ്റുമുണ്ട്.

കോടിക്കണക്കിന് ഡോളറിന്റെ ബിസിനസ് സാമ്രാജ്യം ഒരിക്കലും സ്വപ്നം കണ്ടിട്ടില്ലാത്ത, എന്നാല്‍ ഇന്ന് 20,000 കോടി രൂപ വിപണി മൂല്യമുള്ള ആരോഗ്യ രംഗത്ത് ഭീമാകാരനായി മാറിയ മലായാളിയായ ബിസിനസ് ഗ്രൂപ്പിന്റെ ഉടമയെ പറ്റിയാണ് പറഞ്ഞു വരുന്നത്. ഇദ്ദേഹം ഒരു മലയാളി ആണെന്നത് ഈ വിജയത്തിന്റെ മാധുര്യം വര്‍ധിപ്പിക്കുന്നതോടൊപ്പം നമ്മുടെ സ്വകാര്യ അഹങ്കാരമായി മാറിയെന്നതുമാണ് ഈ ജീവിത കഥയെ വ്യത്യസ്ഥമാക്കുന്നത്.

സ്വാതന്ത്ര്യ സമര സേനാനിയും, സാമൂഹിക നേതാവുമായ അന്തരിച്ച എംഎ മൂപ്പന്റെ (Mandayapurath Ahmed Unni Moopen) മകന്‍, ഡോക്ടര്‍ ആസാദ് മൂപ്പനെ അറിയാത്ത മലയാളി ഉണ്ടാകില്ല. 70 വയസുകാരനായ മൂപ്പന്‍ മലപ്പുറം ജില്ലയിലെ കല്‍പകഞ്ചേരി എന്ന സ്ഥലത്ത് 1953 ജൂലൈ 28 നാണ് ജനിച്ചത്. എംബിബിഎസ് പഠനകാലത്ത് സ്വര്‍ണ മെഡല്‍ ജേതാവായിരുന്നു ഇദ്ദേഹം. അച്ഛനില്‍ നിന്നു പകര്‍ന്നു കിട്ടിയ സാമൂഹിക സേവനം ഇദ്ദേഹം എന്നും മനസില്‍ സൂക്ഷിച്ചിരുന്നു. പ്രാദേശിക സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസും, എംഡിയും നേടി പുറത്തിറങ്ങിയപ്പോഴും ഈ സ്വപ്‌നത്തിന് കൂടുതല്‍ നിറം പകരാനുള്ള ശ്രമത്തിലായിരുന്നു.

തുടര്‍ന്ന്ഒരു യൂണിവേഴ്സിറ്റി പ്രൊഫസറായി തന്റെ കരിയര്‍ ആരംഭിച്ചു. ഇതിനിടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎഇയിലേക്കുള്ള ഒരു യാദൃശ്ചിക യാത്ര ആസാദ് മൂപ്പന്റെ ജീവിതം മാറ്റിമറിച്ചു. 1980 കളിലാണ് ഡോക്ടര്‍ മൂപ്പന്‍ ആദ്യമായി ഗള്‍ഫില്‍ എത്തുന്നത്. നാട്ടില്‍ ഒരു മസ്ജിദിന്റെ നവീകരണത്തിനായി പണം സ്വരൂപിക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം. ലക്ഷ്യം പൂര്‍ത്തിയായതോടെ ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ മൂപ്പന്റെ ഒരു സുഹൃത്തും, കോളേജിലെ സീനിയറും അവനെ ദുബായില്‍ തന്നെ തുടരാന്‍ നിര്‍ബന്ധിച്ചു. ഇവരുടെ ആവശ്യം തള്ളാന്‍ സാധിക്കാതെ വന്നതോടെ ദുബായില്‍ തങ്ങേണ്ടതായി വന്നു.

വാടകയ്ക്ക് എടുത്ത രണ്ട് ബെഡ്‌റൂം ഉള്‍ക്കൊള്ളുന്ന ഒരു ഫ്‌ളാറ്റില്‍ ജനറല്‍ ഫിസിഷ്യന്‍ ആയി ജോലി ആരംഭിച്ചു. ഒരു കൊച്ചു ഹെല്‍ത്തി ക്ലിനിക്ക്. ഗള്‍ഫിലെ ആരോഗ്യ സംരക്ഷണ ശൂന്യത നികത്താന്‍ ദിവസവും 12 മണിക്കൂറിലധികം അദ്ദേഹത്തിനു ഫിസിഷ്യനായി ജോലി ചെയ്യേണ്ടി വന്നു. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ ഈ ക്ലിനിക്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ വികസിപ്പിക്കാന്‍ മൂപ്പനെ നിര്‍ബന്ധിതനാക്കി.

സമൂഹത്തോടുള്ള തന്റെ കടമയെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്ന ആസാദ് മൂപ്പന്‍ ഇതോടെ നിരവധി ക്ലിനിക്കുകളും ഫാര്‍മസികളും ആശുപത്രികളും ഒന്നൊന്നായി തുറന്നു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം, അതായത് രണ്ടായിരത്തിന്റെ തുടക്കത്തില്‍, ഒരു ഡോക്ടര്‍ എന്ന നിലയില്‍ തന്റെ ചുമതലകള്‍ തുടരാന്‍ കഴിയാത്തത്ര വലുതാക്കാന്‍ ഇദ്ദേഹത്തിനു സാധിച്ചു.

2008, മൂപ്പന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു. തന്റെ സാമ്രാജ്യത്തിന്റെ വ്യാപ്തി അദ്ദേഹം പൂര്‍ണതോതില്‍ മനസിലാക്കിയ സമയമായിരുന്നു ഈ കാലഘട്ടം. ഒരു സ്വകാര്യ ഇക്വിറ്റി സ്ഥാപനം അദ്ദേഹത്തിന്റെ കമ്പനിയുടെ മൂല്യം 100 മില്യണ്‍ ഡോളറാണെന്ന് കണക്കാക്കി. പിന്നീടു വന്ന നാലു വര്‍ഷം കൊണ്ട് ഈ ആസ്തിയുടെ മൂല്യം 400 മില്യണ്‍ ഡോളറായി കുതിച്ചു. ഇതോടൊപ്പം ഇന്ത്യയിലെയും, ഗള്‍ഫിലെയും ബിസിനസുകളെ വേറിട്ടു നിര്‍ത്താനും അദ്ദേഹത്തിനു സാധിച്ചു.

നിലവില്‍ 20 ആശുപത്രികളും, 90 ക്ലിനിക്കുകളും, 200 ഫാര്‍മസികളും അദ്ദേഹത്തിന്റെ സാമ്രാജ്യത്തില്‍ ഉള്‍പ്പെടുന്നു. പ്രതിവര്‍ഷം രണ്ടു കോടിയില്‍ പരം രോഗികളെ ഇദ്ദേഹത്തിന്റെ സ്ഥാപനം വഴി പരിചരിക്കപ്പെടുന്നു. 9,000 കോടിയിലധികം (1.1 ബില്യണ്‍ ഡോളര്‍) ആസ്തിയുള്ള ഡോ. മൂപ്പന്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളാണ്. അസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ (Aster DM Healthcare). എന്ന ലോകം വാഴ്ത്തുന്ന അസ്റ്റര്‍ ഹോസ്പിറ്റലുകളുടെ ഉടമയായ ഈ മലയാളി കേരള ജനത നെഞ്ചോടു ചേര്‍ക്കുന്ന സ്വകാര്യ അഹങ്കാരമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!