കൊച്ചി: സ്രാവുകളുടെ സംരക്ഷണവും കൈകാര്യവും ലക്ഷ്യമിട്ടുള്ള ദേശീയ സ്രാവ് സംരക്ഷണ കർമപദ്ധതി (എൻപിഒഎ) നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഫിഷറീസ് മന്ത്രാലയം ബേ ഓഫ് ബംഗാൾ പ്രോഗ്രാം ഇന്റർ ഗവൺമെന്റൽ ഓർഗനൈസേഷനുമായി (ബിഒബിപി) ചേർന്ന് കൊച്ചിയിൽ സംഘടിപ്പിച്ച ശിൽപശാലയിൽ കർമപദ്ധതിയുടെ കരടിൻമേലുള്ള ചർച്ച നടന്നു. ഇന്ത്യൻ സമുദ്രാതിർത്തിയിലെ സ്രാവ് സമ്പത്ത് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനും പ്രധാന മുൻഗണന നൽകുന്നതാണ് കരട് സ്രാവ് സംരക്ഷണ കർമപദ്ധതി. നിയമപരിരക്ഷ, മാനവവിഭവശേഷി വികസനം, വിവഹരസമാഹരണം, സ്രാവ് പിടുത്ത നിയന്ത്രണം, ജൈവവൈവിധ്യ-പാരിസ്ഥിതിക മുൻകരുതലുകൾ തുടങ്ങിയ നിർദേശങ്ങളാണ് കർമപദ്ധതിയിൽ പരാമർശിക്കുന്നത്.
കടലിൽ 12 മുതൽ 200 നോട്ടിക്കൽ മൈൽ വരെയുള്ള പ്രദേശത്ത് നിയമനിർമ്മാണം, ലോഗ് ബുക്ക് സംവിധാനം നടപ്പിലാക്കൽ, മത്സ്യത്തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണം, മത്സ്യബന്ധനരീതികളിൽ നിയന്ത്രണങ്ങൾ പാലിക്കാൻ മത്സ്യത്തൊഴിലാളികളെ പ്രോത്സാഹിപ്പിക്കൽ തുടങ്ങി നിരവധി നിർദേശങ്ങളടങ്ങുന്നതാണ് ദേശീയ സ്രാവ് സംരക്ഷണ കർമപദ്ധതി. സമുദ്രമത്സ്യമേഖലയിലെ ശാസ്ത്രജ്ഞർ, പരിസ്ഥിതി പ്രവർത്തകർ, കേന്ദ്ര-സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ, വിവിധ എൻജിഒ പ്രതിനിധികൾ എന്നിവർ ശിൽപശാലയിൽ പങ്കെടുത്തു.
സ്രാവ്ബന്ധനമേഖലയിൽ സുസ്ഥിരത കൈവരിക്കുന്നതിന് ഈ കർമപദ്ധതി ഗുണംചെയ്യുമെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറി നീതുകുമാരി പ്രസാദ് പറഞ്ഞു. ഇത് തയ്യാറാക്കുന്നതിന് മത്സ്യത്തൊഴിലാളി സംഘടനകൾ, ഗവേഷണ സ്ഥാപനങ്ങൾ, എൻജിഒകൾ എന്നിവരുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
സുസ്ഥിര മത്സ്യബന്ധന രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്രാവുകളുടെയും മത്സ്യബന്ധന മേഖലയുടെയും ദീർഘകാല ആരോഗ്യം ഉറപ്പുവരുത്തുന്നതിനും കർമപദ്ധതി സഹായകരമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. കൂടാതെ, തീരദേശ സമൂഹങ്ങളുടെ ഉപജീവനമാർഗം ശക്തിപ്പെടുത്താനും ഇത് സഹായകരമാകും. ഇന്ത്യയിൽ രണ്ട് ലക്ഷത്തിലധികം ആളുകൾ അവരുടെ ഉപജീവനമാർഗത്തിൻ്റെ 50% സ്രാവ് മത്സ്യബന്ധനത്തിൽ നിന്ന് സമ്പാദിക്കുന്നുണ്ടെന്നും ശിൽപശാല ചൂണ്ടിക്കാട്ടി. പല സ്രാവ് ഇനങ്ങളുടെയും നിലനിൽപ് അപകടത്തിലാകുന്ന അവസ്ഥ കൂടിവരികയാണെന്നും അതിനാൽ ഇത്തരത്തിലുള്ള സംരക്ഷണ പദ്ധതികൾ ഏറെ അനിവാര്യമാണെന്നും ലോക ഭക്ഷ്യകാർഷിക സംഘടനയിലെ (എഫ്എഒ) സീനിയർ ഫിഷറി റിസോഴ്സ് ഓഫീസർ ഡോ കിം ഫ്രീഡ്മാൻ പറഞ്ഞു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ, ബിഒബിപി ഡയറക്ടർ ഡോ പി കൃഷ്ണൻ, ഡോ ഇ വിവേകാനന്ദൻ, ഡോ ശോഭ ജോ കിഴക്കൂടൻ, സഞ്ജയ് പാണ്ടെ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.