ചെന്നൈ മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി ഈ വർഷം തമിഴ്നാട് നീക്കിവക്കുന്നത് 12,000 കോടി രൂപ. തമിഴ്നാടിൻെറ സംസ്ഥാന ബജറ്റിലാണ് ശ്രദ്ധേയമായ പ്രഖ്യാപനം. അടിസ്ഥാന സൗകര്യ വികസന രംഗത്ത് വൻ തുക ചെലവഴിക്കുകയാണ് തമിഴ്നാട്. നഗരപ്രദേശങ്ങളിലെ 4,457 കിലോമീറ്റർ റോഡ് നവീകരിക്കുന്നതിന് 2,500 കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ റോഡ് വികസനത്തിനായി 1,000 കോടി രൂപ വകയിരുത്തി. ഉൾനാടൻ ഗ്രാമങ്ങളിലെ റോഡുകൾ വികസിപ്പിക്കും. 2,000 കിലോമീറ്റർ ദൂരത്തിലാണ് ഗ്രാമീണ മേഖലയിലെ റോഡുകൾ മെച്ചപ്പെടുത്തുന്നത്. ധനമന്ത്രി തങ്കം തെന്നരസുവിൻെറ ഇത്തവണത്തെ ബജറ്റിൽ കോയമ്പത്തൂരിലെയും മധുരയിലെയും പുതിയ മെട്രോ പദ്ധതികൾക്ക് സംസ്ഥാനം അനുമതി തേടുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാൽ പുതിയ മെട്രോ പദ്ധതികളുമായി മുന്നോട്ട് പോകും. മെട്രോ പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് നീട്ടുന്നതിനും മധുര, കോയമ്പത്തൂർ മെട്രോ പദ്ധതികൾക്കുമായി സർക്കാർ വിശദമായ പ്രോജക്ട് റിപ്പോർട്ട് കേന്ദ്രസർക്കാരിന് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട് . ചെന്നൈ എയർപോർട്ട് നവീകരിക്കുന്നതിനും ഡിപിആർ നൽകിയിട്ടുണ്ട്. ആവഡി-കോയമ്പേട്, പൂനമല്ലി-പറന്തൂർ സെക്ഷനുകളിൽ പുതിയ മെട്രോ ലൈനുകൾ സ്ഥാപിക്കാനാണ് നീക്കം. ഇതുൾപ്പെടെ ചെന്നൈ മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ട പദ്ധതികൾക്കായി മാത്രമാണ് ബജറ്റിൽ 12,000 കോടി രൂപ വകയിരുത്തിയിരിക്കുന്നത്. പോരൂർ മുതൽ പൂനമല്ലി വരെയുള്ള ഭാഗം 2025 ഡിസംബറോടെ പൂർത്തിയാകുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
കോയമ്പത്തൂരിൽ പുതിയ ഐടി പാർക്ക്
കൂടാതെ, ചെന്നൈ മെട്രോ സെൻട്രൽ സ്ക്വയറിൽ 27 നിലകളുള്ള പുതിയ കൊമേഴ്സ്യൽ ഓഫീസ് പാർക്ക് വികസിപ്പിക്കും. 600 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. കോയമ്പത്തൂരിൽ 20 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വലിയ ഐടി പാർക്ക് സ്ഥാപിക്കുമെന്നതാണ് ശ്രദ്ധേമായ മറ്റൊരു പ്രഖ്യാപനം. 1,100 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കും.