കമ്പനിക്ക് ഒരു അബദ്ധം പറ്റി. വൺപ്ലസ് 12 ആർ വാങ്ങിയവർക്ക് മോഡൽ ഇഷ്ടമായില്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് കമ്പനി അധികൃതർ. തെറ്റായ ഫീച്ചർ ഫോണിനുണ്ടെന്ന് വാർത്തകളിൽ പ്രത്യക്ഷപ്പെട്ടതാണ് കമ്പനയെ വെട്ടിലാക്കിയത്. ഫോൺ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഫീച്ചർ ലോഞ്ചിങ് സമയത്ത് കമ്പനി അവകാശപ്പെട്ടിരുന്നെങ്കിലും ഇത് ഫോണിന് ഇല്ലാത്തതിനാലാണ് റീഫണ്ട് നൽകുന്നത്. 12R വേരിയൻ്റ് 4.0 സ്റ്റാൻഡ് ഫ്ലാഷ് സ്റ്റോറേജുള്ളതാണെന്നായിരുന്നു അവകാശ വാദം എങ്കിലും യുഎഫ്എസ് 3.1 സ്റ്റോറേജ് കപ്പാസിറ്റിയാണുള്ളത്. വൺപ്ലസ് 12ആർ സ്റ്റോറേജ് സാങ്കേതികവിദ്യയെക്കുറിച്ച് വൺപ്ലസ് സിഒഒയും പ്രസിഡൻ്റുമായ കിൻഡർ ലിയു തന്നെയാണ് ആദ്യ അവകാശ വാദം ഉന്നയിച്ചത്. ലോഞ്ച് സമയത്ത് മാത്രമല്ല വെബ്‌സൈറ്റിലും കമ്പനി ഇത് പരാമർശിച്ചു. പിന്നീട് പിഴവ് വരുത്തിയതായി അംഗീകരിക്കുകയും തുക തിരികെ നൽകുമെന്ന് അറിയിക്കുകയുമായിരുന്നു. സ്‌റ്റോറേജിലെ ഈ വ്യത്യാസം മൂലം ഫോൺ തിരികെ നൽകാൻ ആഗ്രഹിക്കുന്നവർക്കാണ് റീഫണ്ട് തുക ലഭിക്കുന്നത്. വഞ്ചിക്കപ്പെട്ടുവെന്ന് തോന്നുന്നവർക്ക് കസ്റ്റമർ സർവീസ് ടീമുമായി ബന്ധപ്പെടാം. മുഴുവൻ തുകയും റീഫണ്ട് നൽകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കസ്റ്റമർ കെയർ വിഭാഗത്തെയാണ് ഇതിനായി സമീപിക്കേണ്ടത്.
എല്ലാ ഫോണിനും റീഫണ്ട് ഉണ്ടോ?
വൺ പ്ലസ് 12ആറിൻ്റെ 256ജിബി വേരിയൻ്റ് വാങ്ങിയവർക്ക് മാത്രമേ വൺപ്ലസ് ഈ ആനുകൂല്യം നൽകൂ . 2024 മാർച്ച് 16 വരെ മാത്രമാണ് റീഫണ്ട് ലഭിക്കൂ എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഫോൺ വാങ്ങിയവർക്ക് ഉപയോഗിച്ച് നോക്കിയ ശേഷം സ്റ്റോറേജ് കപ്പാസിറ്റി പോരെന്ന് തോന്നിയാൽ തിരികെ നൽകാം.
ഏറ്റവും പുതിയ സ്റ്റോറേജ് സ്റ്റാൻഡേർഡ് ഉപയോഗിക്കുന്നു എന്ന വ്യാജവാഗ്ദാനം മെമ്മറിയും സ്റ്റോറേജ് പ്രകടനവും വർദ്ധിക്കുമെന്ന് ഉപഭോക്താക്കൾ തെറ്റിദ്ധരിച്ചിരിക്കാൻ ഇടയുള്ളതിനാൽ ആണ് തുക തിരികെ നൽകുന്നത്.. വൺപ്ലസ് 12ആർ വേരിയെന്റുകൾ 39,999 രൂപ മുതൽ വിലയിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. മികച്ച ഫീച്ചറുകൾ ഉള്ള ഫോണുകളിൽ ഒന്നാണിത്.