ചെറുതും, വലുതുമായ നികുതി ദായകരുടെ വിവരങ്ങള്‍ സൂക്ഷ്മപരിശോധന നടത്തുന്ന പ്രക്രിയ ആദായ നികുതി വകുപ്പ് ശക്തമാക്കുന്ന സമയാണിത്. ചില വിനിമയങ്ങള്‍, അവ ഓണ്‍ലൈനായാലും, ഓഫ് ലൈനായാലും ആദായ നികുതി നോട്ടീസ് ലഭിക്കാന്‍ കാരണമായേക്കാം. ഇവിടെ, വിവിധ വിനിമയങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പരിധി സംബന്ധിച്ച ചില വിവരങ്ങളാണ് നല്‍കിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുമ്പോഴും, ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്‌മെന്റുകളില്‍ പോലും ആദായ നികുതി വകുപ്പിന്റെ ശ്രദ്ധ പതിയാന്‍ സാധ്യതയുണ്ടെന്നത് ഓര്‍ത്തിരിക്കേണ്ടതാണ്.
- ബാങ്ക് അക്കൗണ്ടിലേക്കുള്ള പണം നിക്ഷേപിക്കല്‍
ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു വ്യക്തി 10 ലക്ഷം രൂപയോ, അതിലധികമോ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ആ വിവരങ്ങള്‍ ആദായ നികുതി വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യപ്പെടും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് നിയമങ്ങള്‍ പ്രകാരം ഇത് നിര്‍ബന്ധമാണ്. ഒന്നോ, അതിലധികമോ അക്കൗണ്ടുകളിലായിട്ടാണ് പണം നിക്ഷേപിച്ചതെങ്കിലും ആ വിവരങ്ങള്‍ ആദായ നികുതി വകുപ്പിന് ലഭിക്കും. ഈ പരിധി മറികടന്നുള്ള നിക്ഷേപങ്ങള്‍ ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിലേക്ക് വഴി തുറക്കാം. സ്ഥിര നിക്ഷേപമാണെങ്കില്‍ പോലും, ഡപ്പോസിറ്റ് ചെയ്ത തുകയുടെ ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ നല്‍കേണ്ടതായി വരും.
- ഓഹരികള്‍ മ്യൂച്വല്‍ ഫണ്ടുകള്‍, കടപ്പത്രങ്ങള്‍, ബോണ്ടുകള്‍ എന്നിവയുടെ വാങ്ങല്‍
ഓഹരികള്‍ മ്യൂച്വല്‍ ഫണ്ടുകള്‍, കടപ്പത്രങ്ങള്‍, ബോണ്ടുകള്‍ എന്നിങ്ങനെയുള്ള ഫിനാന്‍ഷ്യല്‍ ഇന്‍സ്ട്രുമെന്റ്‌സിലുള്ള നിക്ഷേപങ്ങള്‍ സാധാരണമാണ്. എന്നാല്‍ ഇത്തരം നിക്ഷേപങ്ങളില്‍ 10 ലക്ഷം രൂപയില്‍ കൂടുതലുള്ള വിനിമയങ്ങള്‍ ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയില്‍ പതിയുന്ന കാര്യമാണ്. ഇവിടെയും ഫണ്ടിന്റെ ഉറവിടം സംബന്ധിച്ച് വിവരങ്ങള്‍ നല്‍കേണ്ടതായി വന്നേക്കാം.
- വസ്തു സംബന്ധമായ വിനിമയങ്ങള്‍
റിയല്‍ എസ്റ്റേറ്റിലുള്ള വലിയ വിനിമയങ്ങള്‍, പ്രത്യേകിച്ച് 30 ലക്ഷം രൂപയോ, അതിലധികമോ ഉള്ള ആദായ നികുതി വകുപ്പ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാം. ഇത്തരം വിനിമയങ്ങള്‍, പ്രോപര്‍ട്ടി രജിസ്റ്റാര്‍ ആദായ നികുതി വകുപ്പിനെ അറിയിച്ചതിനു ശേഷം കൂടുതല്‍ അന്വേഷണങ്ങളും നടക്കാം. ഇവിടെയും ഫണ്ടിന്റെ ഉറവിടമാണ്, ആവശ്യപ്പെടുന്ന പക്ഷം വെളിപ്പെടുത്തേണ്ടി വരിക.
- ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്‌മെന്റ്
രാജ്യത്തെങ്ങും ഇന്ന് ക്രെഡിറ്റ് കാര്‍ഡ് വിനിമയങ്ങള്‍ വ്യാപകമാണ്. എന്നാല്‍ പ്രതിമാസ ക്രെഡിറ്റ് കാര്‍ഡ് ബില്‍ 1 ലക്ഷം രൂപയിലധികമാവുകയാണെങ്കില്‍ ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിന് വിധേയമാവേണ്ടി വരും. കൂടാതെ, ഒരു സാമ്പത്തിക വര്‍ഷത്തില്‍, ഓണ്‍ലൈന്‍, ഓഫ് ലൈന്‍ എന്നിങ്ങനെ വ്യത്യാസമില്ലാതെ ആകെയുള്ള പേയ്‌മെന്റ് 10 ലക്ഷം രൂപയില്‍ കവിഞ്ഞാലും അന്വേഷണം ഉണ്ടായേക്കും.
നികുതി വെട്ടിപ്പ് തടയുന്നതിനുള്ള ശ്രമങ്ങളില്‍ ആദായ നികുതി വകുപ്പ് കൂടുതല്‍ കര്‍ശനമായ നടപടികളാണ് കൈക്കൊള്ളുന്നത്. ഇവിടെ പരിധിയില്‍ കവിഞ്ഞുള്ള വിനിമയങ്ങള്‍ സംബന്ധിച്ച് വ്യക്തികള്‍ ജാഗ്രത പാലിക്കേണ്ടതാണ്. ഇത്തരം പരിധികള്‍ സംബന്ധിച്ച അവബോധം ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കുന്നതും, പിന്നീടുള്ള നിയമപരമായ സങ്കീര്‍ണതകളും തടയാന്‍ സഹായകമായിരിക്കും.