Driving License kerala

നമ്മുടെ ഡ്രൈവിങ് ടെസ്റ്റ് രീതികള്‍ അടിമുടി മാറാന്‍ പോകുകയാണ്. മേയ് ഒന്നുമുതല്‍ ഡ്രൈവിങ് ടെസ്റ്റ് അല്‍പ്പം കടുപ്പമാകും. എച്ചും റോഡ് ടെസ്റ്റും മാത്രം എടുത്ത് ലൈസന്‍സ് കരസ്ഥമാക്കാമെന്ന പഴയ രീതിയ മാറുന്നു. ഡ്രൈവിങ് നന്നായി അറിയാം എന്ന് ഉറപ്പാക്കുന്ന വിധത്തിലുള്ള സങ്കീര്‍ണ്ണമായ ടെസ്റ്റ് നടപ്പിലാക്കാന്‍ പോവുകയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍

2024 മേയ് ഒന്നിന് ശേഷം ലൈസന്‍സ് നേടുക എന്നത് പഴയപോലെ അത്ര ഈസിയാകില്ലയെന്ന് ഉറപ്പായിട്ടുണ്ട്. ശരിയായി ഡ്രൈവിങ് അറിയാത്തവര്‍ റോഡില്‍ അപകടഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങള്‍ വരുത്തുന്നത്. ഇതിനോടകം ഡ്രൈവിങ് ലൈസന്‍സ് നേടിയവര്‍ക്ക് വലിയ വെല്ലുവിളിയില്ലാതെ ടെസ്റ്റ് എന്ന കടമ്പ കടന്നു എന്നു ആശ്വസിക്കാം.

ഡ്രൈവിങ് ലൈസന്‍സ് എന്നതു കൊണ്ട് വാഹനം ഓടിക്കാനുള്ള ഒരു കാര്‍ഡ് എന്നതിന് അപ്പുറമുള്ള ഒട്ടേറെ ഉപകാരങ്ങളുമുണ്ട്. ഒരു വ്യക്തിയെ സംബന്ധിക്കുന്ന ആധികാരിക രേഖകളിലൊന്നായി ലൈസന്‍സ് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പല ആവശ്യങ്ങള്‍ക്കും ഡ്രൈവിങ് ലൈസന്‍സ് പ്രധാനപ്പെട്ട രേഖയായി നല്‍കാന്‍ സാധിക്കും. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളെ സംബന്ധിച്ചു ഓരോ രേഖയിലെയും അക്ഷരങ്ങള്‍ക്കും ചിഹ്നങ്ങള്‍ക്കും വരെ പ്രാധാന്യമുണ്ട്.

അതിനാല്‍ത്തന്നെ ആധികാരിക രേഖകളിലൊന്നായ ഡ്രൈവിങ് ലൈസന്‍സില്‍ പിഴവുകളില്ല എന്ന് ഉറപ്പാക്കേണ്ടിയിരിക്കുന്നു. മുന്‍പ് എന്തെങ്കിലും രേഖകളിലെ തെറ്റുതിരുത്തുക എന്നത് ലൈസന്‍സിനായി എച്ച് എടുക്കുന്നതിനെക്കാള്‍ കഷ്ടപ്പാടായിരുന്നു. കാരണം തിരുത്തലിനായി ബന്ധപ്പെട്ട ഓരോ ഓഫീസും കയറിയിറങ്ങണമായിരുന്നു. എന്നാല്‍ ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ പല സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമായതോടെ അത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവായിട്ടുണ്ട്.

ദിവസവും നാം നിരന്തരം ഉപയോഗിക്കേണ്ടി വരുന്ന, ഏറ്റവും കൂടുതല്‍ പേര്‍ കൈയില്‍ എപ്പോഴും കൊണ്ടു നടക്കുന്ന ഒരു രേഖയാണ് ഡ്രൈവിങ് ലൈസന്‍സ്. അത്രയും പ്രധാനപ്പെട്ട രേഖയില്‍ ഒരു തെറ്റു വന്നാല്‍ അതും വീടിന്റെ അഡ്രസ് ഉള്‍പ്പെടെ തെറ്റിപ്പോയാല്‍ അത് തിരുത്തേണ്ടത് അനിവാര്യമാണ്. കൂടാതെ വീട് മാറ്റം പോലുള്ള കാര്യങ്ങളുണ്ടായാലും അഡ്രസില്‍ തിരുത്തല്‍ വേണ്ടിവരും.

അഡ്രസ് തെറ്റിപ്പോയതുകൊണ്ടോ, വിലാസം മാറിയതു കൊണ്ടോ ലൈസന്‍സില്‍ തിരുത്തല്‍ ആവശ്യമായി വന്നാല്‍ വളരെ ഈസിയായി നമുക്ക് തന്നെ ശരിയാക്കാം. പ്രധാനമായും രണ്ടു വിധത്തിലാണ് ഡ്രൈവിങ് ലൈസന്‍സിലെ അഡ്രസ് മാറ്റം സാധ്യമാകുക. ഒന്ന് ആര്‍ടി ഓഫീസ് നേരിട്ട് സന്ദര്‍ശിച്ചും അതല്ലാതെ ഓണ്‍ലൈനിലും. അതില്‍ ഓണ്‍ലൈനില്‍ എങ്ങനെ അഡ്രസ് മാറ്റാം എന്നു നോക്കാം.

ഡ്രൈവിങ് ലൈസന്‍സിലെ അഡ്രസ് മാറ്റുന്നതിന് ചെയ്യേണ്ടത്:

പരിവാഹന്‍ സാരഥിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://sarathi.parivahan.gov.in-സന്ദര്‍ശിക്കുക. ഹോംപേജില്‍ ദൃശ്യമാകുന്ന ഡ്രോപ്പ്ഡൗണ്‍ മെനുവില്‍ നിന്ന് നിങ്ങളുടെ നിലവിലെ അവസ്ഥ തിരഞ്ഞെടുക്കുക. ഇപ്പോള്‍ വ്യത്യസ്ത സേവനങ്ങളുടെ ഒരു പേജ് ദൃശ്യമാകും. അതില്‍ വിലാസം മാറ്റുന്നതിന് അപേക്ഷിക്കുക എന്ന ഓപ്ഷനില്‍ ക്ലിക്കുചെയ്യുക.

തുടര്‍ന്ന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ പേജ് ദൃശ്യമാകും. നിര്‍ദ്ദേശങ്ങള്‍ വായിച്ചശേഷം Continue ക്ലിക്ക് ചെയ്യുക. ലൈസന്‍സ് (DL) നമ്പര്‍, ജനനത്തീയതി, ക്യാപ്ച കോഡ് എന്നിവ നല്‍കുക. ഇപ്പോള്‍ Get DL Details ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അടുത്ത പേജില്‍ കാണിക്കും. അവിടെ Yes എന്നു നല്‍കി വിശദാംശങ്ങള്‍ സ്ഥിരീകരിക്കുക.

തുടര്‍ന്ന് ലൈസന്‍സിന്റെ വിഭാഗം തിരഞ്ഞെടുത്ത് നിലവിലെ വിലാസത്തിന്റെ പിന്‍കോഡ് നല്‍കി Continue ക്ലിക്ക് ചെയ്യുക. അപ്പോള്‍ എഡിറ്റ് ചെയ്യുന്നതിനുള്ള പേജ് തുറക്കും. അവിടെ പുതിയ വിലാസവും ക്യാപ്ചയും നല്‍കുക. തുടര്‍ന്ന് കണ്ടിന്യൂ ബട്ടണ്‍ സെലക്ട് ചെയ്യുക. ആപ്ലിക്കേഷന്‍ നമ്പറിന്റെ പ്രിന്റ് എടുക്കുക.

ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത ശേഷം ഫീസ് അടയ്ക്കുക. വിജയകരമായി പണമടച്ചതിന് ശേഷം പ്രിന്റ് രസീത് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഈ രസീത് പിന്നീട് ഭാവി ആവശ്യങ്ങള്‍ക്ക് ആവശ്യം വന്നേക്കും. ഇത്രയും കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുകയും ലൈസന്‍സ് പുതിയ അഡ്രസില്‍ ലഭ്യമാകുകയും ചെയ്യും.

ഡ്രൈവിങ് ലൈസന്‍സിലെ അഡ്രസ് തിരുത്താന്‍ വേണ്ട രേഖകള്‍:

ഫോം 33-ലെ അപേക്ഷ, വാഹനത്തിന്റെ ആര്‍സി, പുതിയ വിലാസത്തിന്റെ തെളിവ്, സാധുവായ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ്, സ്മാര്‍ട്ട് കാര്‍ഡ് ഫീസ്, ഫിനാന്‍സിയറില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അല്ലെങ്കില്‍ ഫോം 60, ഫോം 61 (ബാധകമനുസരിച്ച്). ഷാസി & എഞ്ചിന്‍ പെന്‍സില്‍ പ്രിന്റ്, ഉടമയുടെ ഒപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!