സ്വര്‍ണ്ണത്തെ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. സ്വര്‍ണ്ണത്തിന്റെ പേരില്‍ നമ്മുടെ നാട്ടില്‍ നടക്കുന്ന പുകിലുകള്‍ക്ക് ഒരു കുറവുമില്ല. എങ്കിലും സ്വര്‍ണ്ണവില മുകളിലേക്ക് തന്നെയാണ്. കൈയില്‍ അല്‍പ്പം കാശ് വന്നാല്‍ കുറഞ്ഞ് സ്വര്‍ണ്ണം വാങ്ങി വയ്ക്കുന്ന ആളുകള്‍ ധാരാളം. കുടുംബത്തിലെ സ്ത്രീകളെ പ്രീതിപ്പെടുത്താനും സ്വര്‍ണ്ണാഭരണങ്ങള്‍ ഒരു മികച്ച വഴിയാണ്.
എന്നാല്‍ സ്വര്‍ണ്ണത്തിന്റെ ഉയര്‍ന്ന ഡിമാന്‍ഡ് കാരണം തന്നെ പലവിധത്തിലുള്ള സ്വര്‍ണ്ണ തട്ടിപ്പുകളും നടക്കാറുണ്ട്. ജ്വല്ലറികളില്‍ നിന്ന് നേരിട്ട് പോയി സ്വര്‍ണ്ണം വാങ്ങിയാല്‍ പോലും അത് പരിശുദ്ധമാണോ എന്ന സംശയം പലര്‍ക്കും ഉണ്ടാകാറുണ്ട്. എന്നാല്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ കൈയിലുണ്ടെങ്കില്‍ ഇങ്ങനെ ആശങ്കപ്പെടേണ്ട കാര്യമില്ല.
ബിഐഎസ് കെയര്‍ ആപ്പ്
സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കാന്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ ‘ബിഐഎസ് കെയര്‍ ആപ്പ്’ (BIS Care app ) ഉപയോക്താക്കളെ സഹായിക്കും. കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പിന് കീഴിലുള്ള ഇന്ത്യയുടെ ദേശീയ സ്റ്റാന്‍ഡേര്‍ഡ് ബോഡിയാണ്, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് ( ബിഐഎസ് ).
സ്വര്‍ണം വാങ്ങുന്നവരെ സഹായിക്കാനായിട്ടാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് ‘ബിഐഎസ് കെയര്‍ ആപ്പ്’ ഒരുക്കിയിരിക്കുന്നത്. വാങ്ങുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധി നേരിട്ട് ഉറപ്പാക്കാന്‍ ഈ ബിഐഎസ് കെയര്‍ ആപ്പിന്റെ സേവനം ഉപയോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ഐഎസ്ഐ ഹാള്‍മാര്‍ക്ക് സാക്ഷ്യപ്പെടുത്തിയ എല്ലാ സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങളും ട്രാക്ക് ചെയ്യാന്‍ ‘ബിഐഎസ് കെയര്‍’ ആപ്പിന് കഴിയും.
ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ബിഐഎസ് കെയര്‍ ആപ്പ് ലഭ്യമാണ്. ഗൂഗിള്‍ പ്ലേയിലും ആപ്പ് സ്റ്റോറിലും ഈ ആപ്പ് ലഭ്യമാണ്. ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണ്ണാഭരണങ്ങളുടെ പരിശുദ്ധി തത്സമയം പരിശോധിക്കാന്‍ ആപ്പ് ഉപഭോക്താക്കളെ അനുവദിക്കുന്നു. ഇതുപയോഗിച്ച് ഏതാരാള്‍ക്കും വാങ്ങുന്ന സ്വര്‍ണ്ണത്തിന്റെ ആധികാരികത ഉറപ്പാക്കാം.
‘ബിഐഎസ് കെയര്‍’ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം
ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അതത് ആപ്പ് സ്റ്റോറുകള്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ബിഐഎസ് കെയര്‍ ആപ്പ് ഉപയോക്താക്കള്‍ക്ക് ഐഎസ്‌ഐയുടെ ഗുണനിലവാരം പരിശോധിക്കാം. അതിന് ഉപയോക്താക്കള്‍ ആദ്യം ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
ബിഐഎസ് വെബ്സൈറ്റിലെ പതിവുചോദ്യങ്ങള്‍ അനുസരിച്ച്, സ്വര്‍ണ്ണാഭരണങ്ങളുടെ ഹാള്‍മാര്‍ക്കിംഗ് 14K, 18K, 20K, 22K, 23K, 24K എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായി അനുവദിച്ചിരിക്കുന്നു. ബിഐഎസ് കെയര്‍ ആപ്പില്‍ സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്നതിന് ആദ്യം ഫോണില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. തുടര്‍ന്ന് സ്വയം രജിസ്റ്റര്‍ ചെയ്യണം.
രജിസ്‌ട്രേഷനായി, ഉപയോക്താവിന്റെ പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ ഉള്‍പ്പെടെയുള്ള ചില വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. തുടര്‍ന്ന് ഫോണില്‍ ഒടിപി ലഭിക്കും, അത് നിങ്ങളുടെ നമ്പര്‍ പരിശോധിച്ചുറപ്പിക്കുന്നതിന് ആപ്പില്‍ നല്‍കണം. ശേഷം ഉപയോക്താവിന് ആപ്പ് ഉപയോഗിച്ചു തുടങ്ങുകയും ഏതെങ്കിലും സ്വര്‍ണ്ണമോ വെള്ളിയോ ആഭരണങ്ങളുടെ പരിശുദ്ധി പരിശോധിക്കുകയും ചെയ്യാം.
ആഭരണത്തിന്റെ പ്രസക്തമായ ഡീറ്റെയില്‍സ് ലഭിക്കുന്നതിന് ആപ്ലിക്കേഷനിലെ ‘Verify HUID’ ഓപ്ഷനില്‍ ക്ലിക്കുചെയ്ത് 6 അക്ക HUID നമ്പര്‍ നല്‍കേണ്ടതുണ്ട്. ഹാള്‍മാര്‍ക്ക് യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ എന്നതിന്റെ ചുരുക്ക രൂപമാണ് HUID. ബില്ലില്‍ ആറക്ക HUID കോഡ് പരാമര്‍ശിക്കണമെന്ന് നിര്‍ബന്ധമില്ല. അതിനാല്‍ സ്വര്‍ണ്ണം വാങ്ങുന്ന സ്റ്റോറില്‍നിന്ന് ഈ നമ്പര്‍ നേടാം.
ഇതിലൂടെ ആഭരണത്തിന്റെ ഡീറ്റെയില്‍സ് അറിയാം. കൂടാതെ, ആഭരണത്തിലെ ഐഎസ്‌ഐ നമ്പര്‍ നല്‍കി ആപ്പിലെ വെരിഫൈ ലൈസന്‍സ് ഡീറ്റെയില്‍സ് ഓപ്ഷന്‍ ഉപയോഗിച്ച് ആധികാരികത പരിശോധിക്കാം. ഇവ കൂടാതെ നോ യുവര്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (Know your Standards) ഓപ്ഷനുമുണ്ട്. സ്വര്‍ണ്ണത്തിന് നിലവാരം കുറവാണെന്ന് ബോധ്യപ്പെടുകയോ, അനധികൃതമായി വ്യാപാര മുദ്രകള്‍ ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പരാതികള്‍ അറിയിക്കാന്‍ കംപ്ലയിന്റ് ഫീച്ചര്‍ ഉപയോഗിക്കാം.