ചെറുപ്രായത്തിൽ തന്നെ കോടീശ്വര സ്റ്റാറ്റസ് കൈവരിക്കുകയെന്നു പറയുന്നത് ചെറിയ കാര്യമല്ല. ഫോർബ്സ് അടുത്തിടെ പുറത്തിറക്കിയ ലോക ശതകോടീശ്വര പട്ടികയിൽ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ പേരുകളിൽ ഒന്നാണ് ലിവിയ വോയ്ഗ്റ്റ്. ബ്രസീലിൽ നിന്നുള്ള ലിവിയ വോയ്ഗ്റ്റ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി ആണ്. വെറും 19 വയസ് മാത്രം പ്രായമുള്ള ലിവിയയുടെ ആസ്തി ഏകദേശം 9,100 കോടി രൂപയാണ്.
പാരമ്പര്യ സ്വത്ത് തന്നെയാണ് ഈ അഭൂതപൂർവമായ നേട്ടത്തിന് ഒരു കാരണം. ലോകത്തെ അറിയപ്പെടുന്ന ഇലക്ട്രിക്കൽ ഉപകരണ നിർമ്മാതാക്കളായ ഡബ്ല്യുഇജിയിൽ ന്യൂനപക്ഷ ഓഹരികളുള്ള ആളാണ് ലിവിയ വോയ്ഗ്റ്റ്. അവളുടെ പരേതനായ മുത്തച്ഛൻ വെർണർ റിക്കാർഡോ വോയ്ഗ്റ്റ് ആണ് ഈ കമ്പനി സ്ഥാപിച്ചത്. അന്തരിച്ച ശതകോടീശ്വരൻമാരായ എഗ്ഗോൺ ജോവോ ഡ സിൽവ, ജെറാൾഡോ വെർണിംഗ്ഹോസ് എന്നിവരും സഹസ്ഥാപകൻമാരാണ്.
റിപ്പോർട്ടുകൾ പ്രകാരം നിലവിൽ 19 വയസുകാരിയുടെ ആകെ ആസ്തി 1.1 ബില്യൺ ഡോളറാണ്. ലിവിയ വോയ്ഗ്റ്റിനൊപ്പം അവളുടെ മൂത്ത സഹോദരി ഡോറ വോയ്ഗ്റ്റ് ഡി അസിസും (26) ഫോർബ്സ് ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഡോറയ്്ക്കും 1.1 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ട്. തന്നേക്കാൾ രണ്ട് മാസം മാത്രം പ്രായമുള്ള ഇറ്റാലിയൻ കൗമാരക്കാരനായ ക്ലെമെന്റെ ഡെൽ വെച്ചിയോയിൽ നിന്നാണ് ലിവിയ വോയിഗ്റ്റ് ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ എന്ന പദവി തട്ടിയെടുത്തത്.
ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ഇലക്ട്രിക്കൽ മോട്ടോർ നിർമ്മാതാക്കളിൽ ഒന്നാണ് ഡബ്ല്യുഇജി. കമ്പനിയിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമകളിൽ ഒരാളാണ് ലിവിയ വോയ്ഗ്റ്റ്. നിലവിൽ ഒരു യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയാണ് അവൾ. ഇതുവരെ കമ്പനിബോർഡിന്റെ ഭാഗമായിട്ടില്ല.
പത്തിലധികം രാജ്യങ്ങളിൽ ഫാക്ടറികളുള്ള ഒരു വൻ നെറ്റ്‌വർക്ക് കമ്പനിക്കുണ്ട്. 2022 ലെ കണക്കുകൾ പ്രകാരം കമ്പനിക്ക് ഏകദേശം 6 ബില്യൺ ഡോളറിന്റെ വരുമാനമുണ്ടായിരുന്നു. ഫോർബ്‌സ് റിപ്പോർട്ട് പ്രകാരം, ഈ വർഷം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാർ സെറോദ സ്ഥാപകരായ നിതിൻ- നിഖിൽ കാമത്തും, ഫ്‌ലിപ്കാർട്ട് സ്ഥാപകരായ സച്ചിനും ബിന്നി ബൻസാലും ആണ്.