വിലക്കുറവില്‍ ടിക്കറ്റ് വില്‍പന നടത്തുന്ന പ്രത്യേക ഓഫറുമായി എയര്‍ അറേബ്യ. സൂപ്പര്‍ സീറ്റ് സെയില്‍ എന്നാണ് എയര്‍ അറേബ്യ ഇതിനു പേരിട്ടിരിക്കുന്നത്. ഇതിലൂടെ കമ്പനിയുടെ സര്‍വീസ് ശൃംഖലയില്‍ ഒന്നര ലക്ഷം ടിക്കറ്റുകള്‍ വില്‍ക്കുമെന്നാണ് എയര്‍ അറേബ്യ പ്രഖ്യാപിച്ചത്. ഏപ്രില്‍ 22 മുതല്‍ മേയ് അഞ്ച് വരെയാണ് ഈ ഓഫര്‍. ഈ ഓഫറിലെടുക്കുന്ന ടിക്കറ്റുകള്‍ വഴി 2024 ഒക്ടോബര്‍ 27 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 29 വരെ യാത്ര ചെയ്യാനാകുക. ഗള്‍ഫ് മേഖലയിലേക്ക് ചെലവു കറഞ്ഞ വിമാന സര്‍വീസുകള്‍ നടത്തുന്ന കമ്പനിയാണ് എയര്‍ അറേബ്യ.
ഈ ഓഫറില്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റുകളും ഉള്‍പ്പെടുന്നു.കേരളവും ഇതിലുണ്ട്. കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്ന് ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ വിമാനത്താവളങ്ങളിലേക്കും മുംബൈ, ഡല്‍ഹി, അഹ്മദാബാദ്, ജയ്പൂര്‍, നാഗ്പൂര്‍, കൊല്‍ക്കത്ത, ഗോവ, ബംഗളുരു, ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യാം. 5,677 രൂപ മുതല്‍ ആണ് ടിക്കറ്റുകള്‍ ലഭിക്കുക.