കൊച്ചി: കാലാവസ്ഥാ വ്യതിയാനം മത്സ്യമേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) മത്സ്യത്തൊഴിലാളികൾക്കിടയിൽ ബോധവൽകരണം നടത്തി. സിഎംഎഫ്ആർഐയുടെ നാഷണൽ ഇന്നൊവേഷൻ ഇൻ ക്ലൈമറ്റ് റെസിലൻ്റ് അഗ്രികൾച്ചർ (NICRA) പദ്ധതിയുടെ ഭാഗമായി കുഴിപ്പിള്ളി, ചെല്ലാനം പഞ്ചായത്തുകളിലാണ് ബോധവൽകരണം നടത്തിയത്. കാലാവസ്ഥാ വ്യതിയാനത്തിന് പിന്നിലെ ശാസ്ത്രം, മത്സ്യബന്ധനത്തിൽ അതിൻ്റെ പ്രത്യാഘാതങ്ങൾ, മത്സ്യത്തൊഴിലാളി സമൂഹത്തിൻ്റെ ഉപജീവനത്തിൽ അതിൻ്റെ ആഘാതം കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവ വിശദീകരിച്ചു. (CMFRI with awareness on climate change)
സമുദ്രോപരിതലത്തിലെ ചൂട് വർധിക്കുന്നത് മത്സ്യസമ്പത്തിന്റെ ലഭ്യതയെ സാരമായി ബാധിക്കുന്നുണ്ടെന്ന് സിഎംഎഫ്ആർഐയിലെ വിദഗ്ധർ പറഞ്ഞു. ചൂട് കൂടുന്നത് കാരണം വാണിജ്യപ്രധാനമായ പല മത്സ്യങ്ങളും താരതമ്യേന ചൂട് കുറഞ്ഞ ഭാഗങ്ങളിലേക്ക് പാലായനം ചെയ്യുന്നതാണ് കാരണം. ചൂട് കൂടുന്നത് ഉൾനാടൻ ജലാശയങ്ങളിലെ ഓക്സിജൻ അളവ് കുറയുന്നതിനും കാരണമാകുന്നുണ്ട്. ഇത് ജലാശയങ്ങളിൽ മത്സ്യങ്ങൾ ചാകുന്നതിനും രോഗബാധ കൂടുന്നതിനും വഴിവെക്കുന്നുണ്ടെന്നും അവർ വിശദീകരിച്ചു.
പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ.ഗ്രിൻസൺ ജോർജ്ജ്, സെൻ്റർ കോ-ഓർഡിനേറ്റർ ഡോ.രതീഷ് കുമാർ ആർ, ഡോ. രേഷ്മ ഗിൽസ് കോ-പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ എന്നിവരാണ് ബോധവൽകരണ പരിപാടിക്ക് നേതൃത്വം നൽകിയത്.
മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ മത്സ്യത്തൊഴിലാളികൾ സിഎംഎഫ്ആർഐ സംഘത്തിന് മുന്നിൽ അവതരിപ്പിച്ചു. ചൂട് കൂടുന്നത് കാരണം പിടിച്ചെടുക്കുന്ന മത്സ്യങ്ങൾ പെട്ടെന്ന് നശിക്കുന്ന സാഹചര്യമാണുള്ളത്. ഇത് പരിഹരിക്കുന്നതിനായി ചെല്ലാനം പഞ്ചായത്തിലെ മത്സ്യത്തൊഴിലാളി വനിതകൾക്ക് 37 ഐസ് പെട്ടികൾ സിഎംഎഫ്ആർഐ വിതരണം ചെയ്തു. വീശുവല, വട്ടവല, മീൻ സൂക്ഷിക്കാനുള്ള പാത്രങ്ങൾ, കാളാഞ്ചി മത്സ്യക്കുഞ്ഞുങ്ങൾ എന്നിവയും മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കൈമാറി.
രണ്ട് പഞ്ചായത്തുകളിലായി നടന്ന പരിപാടികളിൽ കുഴിപ്പിള്ളി പഞ്ചായത്ത് പ്രസിഡൻ്റ് നിബിൻ കെ എസ്, ചെല്ലാനം പഞ്ചായത്ത് പ്രസിഡൻ്റ് കെ എൽ ജോസഫ്, ചെല്ലാനം മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രസാദ്, വാർഡ് അംഗങ്ങളായ കെ കെ കൃഷ്ണകുമാർ, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.