2024 എന്ന വര്‍ഷം പിറന്നു നാലു മാസം പിന്നിടുമ്പോള്‍ 1000 കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് പറക്കുകയാണ് മലയാള സിനിമ. ഇതുവരെ റിലീസ് ചെയ്ത പടങ്ങളുടെ ആകെ കലക്‌ഷന്‍ പരിശോധിക്കുമ്പോള്‍ ലഭിക്കുന്ന കണക്കാണിത്.
മലയാള സിനിമയുടെ സുവര്‍ണകാലം എന്നു പല സന്ദര്‍ഭങ്ങളില്‍ പലരും പലതിനെയും വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതിനെയൊക്കെ നിഷ്പ്രഭമാക്കി ഇതാ യഥാർഥ സുവര്‍ണ്ണനാളുകള്‍ വന്നിരിക്കുന്നു. സിനിമ എത്ര വലിയ കലാരൂപമാണെന്നു പറഞ്ഞാലും ആത്യന്തികമായി അതു ഒരു വന്‍വ്യവസായം തന്നെയാണ്. കലാപരമായ ബിസിനസ് എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. ആര്‍ട്ട്ഹൗസ് സിനിമകള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന തരം ചിത്രങ്ങള്‍ ഏതാണ്ടു പൂര്‍ണമായി തന്നെ അന്യം നിന്നു പോവുകയും കലാപരമായി മികച്ചു നില്‍ക്കുന്ന വാണിജ്യസിനിമകള്‍ ഉണ്ടാവുകയും അവയൊക്കെ തന്നെ വന്‍ കലക്ഷന്‍ നേടുകയും ചെയ്തു എന്നത് ഏറെ കാലമായി മലയാളത്തില്‍ നിലനില്‍ക്കുന്ന ട്രെൻഡാണ്.
രാജേഷ് പിളളയുടെ ട്രാഫിക്കില്‍ തുടങ്ങി ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം, ദൃക്‌സാക്ഷിയും തൊണ്ടിമുതലും എന്നീ ചിത്രങ്ങളിലൂടെ വളര്‍ന്ന് ലിജോ ജോസ് പല്ലിശ്ശേരിയുടെ ആമേനില്‍ തളിര്‍ത്ത് അങ്ങനെ പടര്‍ന്ന് പന്തലിച്ച ഈ പ്രതിഭാസം ചെന്ന് എത്തി നില്‍ക്കുന്നത് പരശതം നവാഗത പ്രതിഭകളിലാണ്. എത്രയെത്ര യുവസംവിധായകരാണ് ഒന്നിനൊന്നു വ്യത്യസ്തമായ സിനിമകളുമായി നിത്യേന ഉദയം കൊളളുന്നത്. സിനിമ മുന്നോട്ടു വയ്ക്കുന്ന സ്‌റ്റോറി ഐഡിയ മുതല്‍ സ്‌ക്രീന്‍പ്ലേയിലും മേക്കിങ് സ്‌റ്റൈലിലും അവര്‍ പുലര്‍ത്തുന്ന പൊളിച്ചെഴുത്തുകളും പുതുമകളും അക്ഷരാര്‍ഥത്തില്‍ പ്രേക്ഷകരെ ഇളക്കി മറിച്ചിരിക്കുകയാണ്. സോപ്പുപെട്ടി കഥകളും ചര്‍വിതചര്‍വണം ചെയ്യപ്പെട്ട ചലച്ചിത്ര സമീപനങ്ങളുമായി ഇപ്പോഴും തലപൊക്കുന്നവര്‍ പതനത്തിന്റെ പാരമ്യതയിലേക്ക് പതിക്കുമ്പോള്‍ ഇന്നലെ വരെ ആരും അറിയാത്ത യുവാക്കള്‍ വലിയ എഴുത്തുകാരും ചലച്ചിത്രകാരന്‍മാരും താരങ്ങളുമായി പരിണമിക്കുന്നു.
2024 എന്ന ഭാഗ്യവര്‍ഷം
2024 ഇത്തരം മാറ്റങ്ങള്‍ക്ക് വളക്കൂറുളള കാലമായി പരിണമിച്ചു എന്നതാണ് ഏറെ ആശാസ്യമായ വസ്തുത. 2023 ഡിസംബര്‍ അവസാന വാരം റിലീസ് ചെയ്ത നേര് എന്ന ജീത്തു ജോസഫ് ചിത്രം സാങ്കേതികമായി പിന്നിട്ട വര്‍ഷത്തിന്റെ സന്തതിയാണെങ്കിലും അതിന്റെ കലക്‌ഷനില്‍ സിംഹഭാഗവും സംഭവിച്ചത് 2024 ലാണ്. അതുകൊണ്ട് തന്നെ ആ സിനിമയും ഈ മാറ്റത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താം.
കോര്‍ട്ട് റൂം ഡ്രാമ എന്ന അപൂര്‍വ ജനുസില്‍ പെടുന്ന നേരിന്റെ വിജയം രണ്ടു തലത്തിലാണ് ശ്രദ്ധേയമാവുന്നത്. മുന്‍പും മലയാളത്തില്‍ കോര്‍ട്ട് റൂം ഡ്രാമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ക്ലച്ച് പിടിച്ചിട്ടില്ല. അതിലുപരി മോഹന്‍ലാല്‍ എന്ന നടന്റെ സിനിമകള്‍ തുടര്‍ച്ചയായി ബോക്സോഫിസില്‍ വീണുകൊണ്ടിരിക്കുന്ന സമയത്താണ് നേര് എന്ന മാസ് നേച്ചറില്ലാത്ത പടം വലിയ പരസ്യ കോലാഹലങ്ങളില്ലാതെ നിശബ്ദമായി വന്ന് നൂറുകോടി ക്ലബ്ബിലേക്ക് അനായാസം നടന്നു കയറിയത്.
എന്തായിരുന്നു ഈ സിനിമയുടെ വിജയരഹസ്യം? പുതുമയുളള കഥാതന്തുവും ട്രീറ്റ്‌മെന്റിലെ ക്ലീഷേ സ്വഭാവവും മാറ്റി നിര്‍ത്തി, ആദ്യന്തം ആളുകള്‍ക്ക് രസിക്കുന്ന തരത്തില്‍ അടുക്കും ചിട്ടയും വെടിപ്പുമുളള ഒരു തിരക്കഥയെ അവലംബിച്ച് നിര്‍മിച്ചു എന്നത് തന്നെയാണ്. പൊതുവെ വിഷ്വല്‍ ഗിമ്മിക്കുകളില്‍ വിശ്വസിക്കുന്ന സംവിധായകനല്ല ജിത്തു. അനാവശ്യമായ ബില്‍ഡ് അപ്പ് ഷോട്ടുകള്‍ കൊണ്ട് അമ്മാനമാടുന്നതും ദൃശ്യഭംഗിക്ക് അമിതപ്രാധാന്യം നല്‍കുന്നതും കഥ പറച്ചിലിന്റെ ഒഴുക്ക് നഷ്ടപ്പെടുത്തുമെന്നും കാണികളുടെ ശ്രദ്ധ വഴിതിരിച്ചു വിടുമെന്നും അദ്ദേഹത്തിനറിയാം. കഥാഗതിയിലും കഥാപാത്രങ്ങളിലും ഊന്നി നിന്നുകൊണ്ട് കാണികളെ ഒപ്പം കൊണ്ടു പോകുന്നതാണ് ജിത്തുവിന്റെ രീതി.
വിജയം തിയറ്ററിൽ നിന്നും
ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ദൃശ്യം എന്ന സിനിമയില്‍ പോലും ജോര്‍ജു കുട്ടിക്കും കുടുംബത്തിനും എന്ത് സംഭവിക്കും, ഈ പ്രതിസന്ധിഘട്ടത്തെ അവര്‍ അതിജീവിക്കുമോ, എന്ന് അറിയാനുളള കാഴ്ചക്കാരന്റെ ഉദ്വേഗം ക്രമാനുസൃതമായി വളര്‍ത്തി അതിന്റെ പരമകാഷ്ഠയില്‍ എത്തിച്ച് ഒടുവില്‍ ആശ്വാസകരമായ കഥാന്ത്യത്തിലെത്തിക്കുന്ന പതിവ് സമീപനം തന്നെയാണ് നേരും സ്വീകരിക്കുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ആസ്വാദനക്ഷമമായ ചിത്രം എന്നതു തന്നെയാണ് നേരിനെ വന്‍വിജയത്തിലെത്തിച്ചത്.
ജോണര്‍ ഏതായാലും അഭിനയിക്കുന്നവര്‍ ആരായാലും ആര് സംവിധാനം ചെയ്താലും ബാനര്‍ ഏതായാലും ഇന്ന് പ്രേക്ഷകന് ഒരു വിഷയമല്ല. കൊടുക്കുന്ന പണം മുതലാകുന്നുണ്ടോ എന്ന് മാത്രമാണ് അവര്‍ നോക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി സിനിമാ നിര്‍മാണം വന്‍മുതല്‍മുടക്ക് ആവശ്യമായ ബിസിനസാണ്. ഒരു ലോബജറ്റ് ചിത്രത്തിന് പോലും ഇന്ന് നാലു മുതല്‍ അഞ്ചും ആറും കോടി വരെയാണ് നിര്‍മാണച്ചെലവ്.
കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വലിയ തുക നല്‍കി സിനിമകള്‍ വിലയ്ക്ക് എടുത്തിരുന്നു. ഇന്ന് ഒടിടിയും ടിവി ചാനലുകളും തിയറ്ററുകളില്‍ വന്‍വിജയം നേടുന്ന സിനിമകള്‍ മാത്രമാണ് സീകരിക്കുന്നത്. അതും മുന്‍കാലങ്ങളിലെ പോലെ മോഹവില നല്‍കാതെ നന്നായി ബാര്‍ഗെയിന്‍ ചെയ്ത് തന്നെ സിനിമകള്‍ വാങ്ങുന്നു. വെബ് സീരിസുകളും മറ്റും വ്യാപമായതോടെ ഒരുപാട് സിനിമകള്‍ വാങ്ങിക്കൂട്ടേണ്ട ആവശ്യകതയും അവര്‍ക്കില്ല.
അത്തരമൊരു സാഹചര്യത്തില്‍ സിനിമകള്‍ തിയറ്ററുകളില്‍ നിന്ന് പരമാവധി കലക്‌ഷന്‍ ഉറപ്പാക്കുക എന്നതാണ് അഭികാമ്യം. എന്നാല്‍ പിന്നിട്ട വര്‍ഷങ്ങളില്‍ ഇരുനൂറില്‍ പരം സിനിമകള്‍ റിലീസ് ചെയ്തിടത്ത് പത്തില്‍ താഴെ സിനിമകള്‍ മാത്രമായിരുന്നു വിജയം കൈവരിച്ചിരുന്നത്. അവയില്‍ പലതും കഷ്ടിച്ച് മുതല്‍ മുടക്കും നേരിയ ലാഭവും തിരിച്ചു പിടിച്ചു എന്നതിനപ്പുറം മഹാവിജയങ്ങളായിരുന്നില്ല.
ആര്‍ഡിഎക്‌സ്, 2018 തുടങ്ങി അപൂര്‍വം ചില സിനിമകള്‍ മാത്രമാണ് ഇതിന് അപവാദമായിരുന്നത്. 2024 ഈ അവസ്ഥകളെല്ലാം തച്ചുടച്ചു. നല്ല സിനിമയുമായി ആരു വന്നാലും താരമൂല്യമോ മറ്റ് ഘടകങ്ങളോ കാര്യമാക്കാതെ ആളുകള്‍ സ്വീകരിച്ചു. പഴയ കാലത്തെ പോലെ ഒരു സിനിമ തന്നെ പല തവണ തിയറ്ററില്‍ പോയി കാണാന്‍ പ്രേക്ഷകർ സന്നദ്ധരായി. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് തിയറ്ററുകളിലേക്കുളള ജനങ്ങളുടെ ഒഴുക്ക് തടസപ്പെടുത്തി എന്നു പരിതപിച്ചിരുന്നവരെ അമ്പരപ്പിച്ചുകൊണ്ട് ഹൗസ്ഫുള്‍ ബോര്‍ഡുകള്‍ നിരന്തരം പ്രത്യക്ഷപ്പെട്ടു. ബുക്ക് മൈ ഷോയില്‍ ഒറ്റ സീറ്റ് പോലും ഒഴിവില്ലാത്ത അവസ്ഥ വന്നു.