ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയും കേന്ദ്ര പൊതുമേഖലാ സ്ഥാപനവുമായ എല്‍ഐസി, ആരോഗ്യ ഇന്‍ഷുറന്‍സ് സേവനത്തിലേക്കും. ഒരു പ്രമുഖ സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയെ ഏറ്റെടുത്ത് കൊണ്ടായിരിക്കും ഇത്. നിലവില്‍ ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിക്ക് ഒരേസമയം ലൈഫ്, ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ വിതരണം ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല. അതേസമയം, ഇത് തരണം ചെയ്യാനായി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കോമ്പസിറ്റ് ലൈസന്‍സ് അനുവദിക്കുന്നത് പരിഗണിക്കണമെന്ന് ഈ വര്‍ഷാദ്യം ഒരു പാര്‍ലമെന്‍ററി പാനല്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.
പിന്നീട് രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് കടന്നതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര തീരുമാനമുണ്ടായില്ല. മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. കോമ്പസിറ്റ് ലൈസന്‍സ് ലഭിക്കുന്നതോടെ ഒരേസമയം ലൈഫ്, ജനറല്‍, ഹെല്‍ത്ത് പോളിസികളുടെ വില്‍പനയും നടത്താനാകും.
ഓഹരിവില മുന്നോട്ട്
ഹെല്‍ത്ത് ഇന്‍ഷുറന്‍സിലേക്കും കടക്കാനുള്ള നീക്കത്തിന്‍റെ പശ്ചാത്തലത്തില്‍ എല്‍ഐസി ഓഹരിവില ഇന്ന് വ്യാപാരത്തിനിടെ 6.8 ശതമാനം ഉയര്‍ന്ന് 1,071 രൂപവരെ എത്തി. നിലവില്‍ 1,070 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 9ന് കുറിച്ച 1,175 രൂപയാണ് 52-ആഴ്ചയിലെ ഉയര്‍ന്നവില.