Gst day

ഇന്ന് ജി.എസ്.ടി ദിനം. ഇന്ത്യയുടെ നികുതി സംവിധാനത്തിൽ വിപ്ലവം സൃഷ്ടിച്ചു കൊണ്ടാണ് ഗുഡ്സ് & സർവീസസ് ടാക്സ് (GST) അവതരിപ്പിക്കട്ടത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയിരുന്ന പലതരം സങ്കീർണമായ നികുതികൾ ഒഴിവാക്കി സമഗ്രമായ നികുതി ഘടനയിലേക്ക് ചുവടുമാറാൻ ജി.എസ്.ടിയിലൂടെ സാധിച്ചു. രാജ്യത്തെ പലവിധ നികുതികളെ ഒന്നാക്കി മാറ്റിയതിലൂടെ കാര്യക്ഷമതയും, സുതാര്യതയും വർധിപ്പിക്കാനും ജി.എസ്.ടി സഹായിച്ചു. 2017 ജൂലൈ 1ാം തിയ്യതിയാണ് ഇന്ത്യയിൽ ജി.എസ്.ടി ആദ്യമായി നടപ്പാക്കിയത്.


ജി.എസ്.ടി -ചരിത്രം ഇങ്ങനെ
ഗുഡ്സ് & സർവീസസ് ടാക്സ് എന്ന ആശയം 2000 കാലഘട്ടത്തിന്റെ തുടക്കത്തിലാണ് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. സങ്കീർണമായ നികുതിഘടനകളെ ഉടച്ചുവാർക്കുക എന്നതായിരുന്നു ലക്ഷ്യം.കാലഹരണപ്പെട്ട നികുതികൾ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെപ്പോലും ദോഷകരമായി ബാധിക്കുന്നുവെന്ന വിലയിരുത്തലിൽ കേൽകാർ ടാസ്ക് ഫോഴ്സ് (Kelkar Task Force) എന്ന ഡെഡിക്കേറ്റഡ് ടീമാണ് സമഗ്രമായ നികുതിഘടന എന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ചത്

2016 ആഗസ്റ്റിൽ, ഭരണ ഘടനയുടെ 101ാം ഭേദഗതി കേന്ദ്രസർക്കാരിന് ജി,എസ്.ടി ചുമത്താനും, ഈടാക്കാനുമുള്ള അധികാരം ലഭ്യമാക്കി. തുടർന്ന് കേന്ദ്ര ധനകാര്യ മന്ത്രി, വിവിധ സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാർ തുടങ്ങിയവരെ ഉൾപ്പെടുത്തി ജി.എസ്.ടി കൗൺസിലിന് ഭാരത സർക്കാർ രൂപം കൊടുത്തു. ജി.എസ്.ടി നിരക്കുകൾ, എക്സംപ്ഷൻസ്, നികുതി സംബന്ധിച്ച ആശങ്കകൾ തുടങ്ങിയവയിൽ തീരുമാനമെടുക്കാനായി വിഷയങ്ങളിൽ ജി.എസ്.ടി കൗൺസിൽ നിരവധി യോഗങ്ങൾ ചേർന്നു.

ജി.എസ്.ടി ദിനം ഇന്ത്യയിലെ നികുതി സംവിധാനത്തെ സംബന്ധിച്ച് ചരിത്രം സൃഷ്ടിച്ച മുഹൂർത്തമാണ്. സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യാപാരം മെച്ചപ്പെടുത്താനും, നികുതി വ്യവസ്ഥയും അതുവഴി സമ്പദ്ഘടനയും മെച്ചപ്പെടുത്താനും ഇത് സഹായിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കിയിരുന്ന പല പരോക്ഷ നികുതികളും ഒഴിവാക്കപ്പെട്ടു. എക്സൈസ് ഡ്യൂട്ടി, സർവീസ് ടാക്സ്, വാല്യു ആഡഡ് ടാക്സ് (VAT) തുടങ്ങിയവ അവയിൽ ചിലതാണ്. ഇത്തരത്തിൽ നികുതി സംവിധാനം കൂടുതൽ ലളിതവും, വ്യക്തവുമായി മാറി. കേന്ദ്ര-സംസ്ഥാന നികുതി ഘടന 5%,12%,18%,28% എന്നിങ്ങനെ വിവിധ ടാക്സ് സ്ലാബുകളായി നിശ്ചയിക്കപ്പെട്ടു.

ജി.എസ്.ടിയെക്കുറിച്ച് പ്രമുഖർ

  • “ഭരണഘടനാ ഭേദഗതിയിലൂടെ ജി.എസ്.ടി നടപ്പാക്കിയത് വലിയ മാറ്റത്തിന്റെ തുടക്കമാണ്. ഇതിലൂടെ മാത്രമേ ഇന്ത്യയ്ക്ക് മത്സരാധിഷ്ഠിതമായി നിലനിൽക്കാനും, നിക്ഷേപങ്ങളെ ആകർഷിക്കാനും സാധിക്കുമായിരുന്നുള്ളൂ” – നരേന്ദ്ര മോദി
  • “ഇന്ത്യ ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ നികുതി പരിഷ്ക്കാരമാണ് ജി.എസ്.ടി”-അരുൺ ജയ്റ്റ്ലി
  • “ജി.എസ്.ടി ചരിത്രം കുറിച്ച നികുതി പരിഷ്ക്കാരമാണ്. അതിലൂടെ ഇന്ത്യ വളർച്ചയുടെയും, വികസനത്തിന്റെയുപം പുതിയ ഉയരങ്ങളിലെത്തും”-നിതിൻ‍ ഗഡ്കരി
  • “ഇന്ത്യൻ സമ്പദ് വ്യവസ്ഥ റീസെറ്റ് ചെയ്യാൻ വളരെയധികം ആവശ്യമുണ്ടായിരുന്ന ഒരു ബട്ടൺ ആയിരുന്നു ജി.എസ്.ടി”-നന്ദൻ നിലേകനി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!