CSR FUNDCSR FUND

സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് പ്രഥമ സോഷ്യൽ ഇന്നൊവേഷൻ ഉച്ചകോടി

കൊച്ചി: കേരളത്തിലെ സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കുന്നതിനുള്ള  ശ്രമങ്ങൾ നടത്തുമെന്ന് നാഷണൽ എൻ ജി ഓ കോൺഫെഡറേഷന്റെ പ്രഥമ സോഷ്യൽ ഇന്നൊവേഷൻ ഉച്ചകോടി അഭിപ്രായപ്പെട്ടു. 2021-22 സാമ്പത്തിക വർഷം കേരളത്തിൽ ലഭ്യമായ  സി എസ് ആർ ഫണ്ട് 240 കോടി രൂപയാണ്. എറണാകുളം ജില്ലയിലാണ്  ഏറ്റവും കൂടുതൽ സി എസ് ആർ ഫണ്ട് ലഭ്യമായിട്ടുള്ളത്. കേരളത്തിലെ സന്നദ്ധ സംഘടനകൾ ഈ വിഷയത്തിൽ കൂടുതലായി അവഗാഹം നേടുകയും കേരളത്തിന്റെ സാമൂഹിക ആവശ്യങ്ങൾക്ക് അനുസൃതമായി പദ്ധതികൾ വിഭാവനം ചെയ്യുന്നതിന് സഹായിക്കുന്ന സഹയോഗ് ആപ്പിന്റെ പ്രകാശനവും സമാപന സമ്മേളനവും ഹൈബി ഈഡൻ എം പി നിർവഹിച്ചു. 

ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ, മുതിർന്ന കോൺഗ്രസ് നേതാവ് അഡ്വ. ലാലി വിൻസെന്റ് നാഷണൽ എൻജിഒ കോൺഫെഡറേഷൻ കോഓഡിനേറ്റർ അനന്തു കൃഷ്ണൻ, പ്രൊഫസർ ശിവൻ അമ്പാട്ട് (എന്റർപ്രണർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ട്, അഹമ്മദാബാദ്), നാരി ഗഞ്ചൻ എൻ ജി ഓ സ്ഥാപക പദ്മശ്രീ സുധ വർഗീസ്,സിഎസ്‌ആർ ഉപദേഷ്ടാവായ നിഖിൽ പന്ത്, നാഷണൽ എൻജിഒ കോൺഫെഡറേഷൻ  ഡയറക്ടർ ബോർഡ് മെമ്പർന്മാരായ ബേബി കിഴക്കേഭാഗം, ഷീബ സുരേഷ്, ഹൈഫിക്ക് കൺസെൽട്ടൻസി ജനറൽ മാനേജർ മുകുന്ദൻ കെ മഠം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

നാഷണൽ എൻ ജി ഓ കോൺഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ ഹൈഫിക്ക് കൺസെൽട്ടൻസിയുടെ (HiFiC) നേതൃത്വത്തിലാണ് ഉച്ചകോടി സംഘടിപ്പിച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന ഉച്ചകോടിയിൽ സി എസ് ആർ ധനസമാഹരണം, സാമൂഹിക സ്റ്റാർട്ടപ്പുകൾ സമീപിക്കേണ്ട രീതികൾ തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗദ്ധർ ക്ലാസുകൾ നയിച്ചു. 

കേരളത്തിലെ സന്നദ്ധ സംഘടനകൾക്കും സാമൂഹിക സ്റ്റാർട്ടപ്പുകൾക്കും സന്നദ്ധ സേവനത്തിനു തയ്യാറായി വരുന്ന നവാഗതർക്കും സഹായകരമായ രീതിയിലാണ് സഹയോഗ് ആപ്പ് നിർമ്മിച്ചിട്ടുള്ളതെന്ന് നാഷണൽ എൻ ജി ഓ കോൺഫെഡറേഷൻ കോ ഓർഡിനേറ്റർ അനന്തു കൃഷ്ണൻ പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ 8000 സന്നദ്ധ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. ഇവരെ ഏകോപിപ്പിച്ചു കൊണ്ട് അവർക്ക് വേണ്ട സഹായങ്ങൾ നൽകുന്നതിനാണ് നാഷണൽ എൻ ജി ഓ കോൺഫെഡറേഷന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. വയനാട് പോലെയുള്ള പിന്നോക്ക ജില്ലകളിൽ കൂടുതൽ പദ്ധതികൾ ആവിഷ്ക്കരിച്ചു കൊണ്ട് സി എസ് ആർ ഫണ്ട് വിനിയോഗിക്കുന്നതിനുള്ള ശ്രമത്തിലാണ് കോൺഫെഡറേഷൻ. കേരളത്തിലെ സാമൂഹിക മാറ്റത്തിനു വേണ്ടി സർക്കാരിനൊപ്പം നിന്ന് കൊണ്ട് നിരവധി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനുള്ള ശ്രമമാണ് കേരളത്തിലെ സന്നദ്ധ സംഘടനകൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. 

സമൂഹത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നവീനമായ ആശയങ്ങൾ വിഭാവനം ചെയ്തു  നടപ്പിലാക്കുന്നതിന് സന്നദ്ധ സംഘടനകളെ സംയോജിപ്പിച്ചു കൊണ്ട്  അവർക്ക് വേണ്ടുന്ന ബോധവല്‌ക്കരണവും പരിശീലനവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിച്ചത്. ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്തരത്തിൽ സന്നദ്ധ സംഘടനകൾക്ക് മാത്രമായി ഒരു ഉച്ചകോടി സംഘടിപ്പിക്കുന്നത്. 

ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമായി 2000 ത്തോളം സന്നദ്ധപ്രവർത്തകരും സംഘടനകളും രണ്ടു ദിവസത്തെ ഉച്ചകോടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!