Bright Business Kerala

SUCCESS STORIES

അലക്‌സിന്റെ ലൈസാക്ക്‌ ഹണിക്ക്‌ മധുരമൂറും വിജയം

അലക്‌സിന്റെ ലൈസാക്ക്‌ ഹണിക്ക്‌ മധുരമൂറും വിജയം
  • PublishedJanuary 16, 2026

ടെക്‌നോളജിയും കൃഷിയും തമ്മിൽ എന്താണ്‌ ബന്ധം എന്നാണ്‌ ചോദ്യമെങ്കിൽ ലൈസാക്ക്‌ ഹണി എന്ന തേൻ, തേൻ മൂല്യവർധിത ഉത്‌പന്നങ്ങളു‌ടെ സംരംഭകൻ അലക്‌സിന്റെ മറുപ‌ടി ഇങ്ങനെയാവും. ഇപ്പോഴും സൂപ്പർഹിറ്റായി നമ്മൾ ഉപയോഗിക്കുന്ന അതേ വാചകം, “”പ്രഥമദൃഷ്‌‌ട്യാ അകൽച്ചയിലാണെന്ന്‌ തോന്നുമെങ്കിലും ‌‌‌‍‍അവർക്കിടയിലെ അന്തർധാര സജീവമാണ്‌” എന്ന്‌. സംരംഭക വഴിയിൽ സ്വന്തമായി ആർജ്ജിച്ചെ‌ടുത്ത അനുഭവങ്ങളു‌ടെ പശ്‌ചാത്തലത്തിലാണ്‌ അലക്‌സ്‌ ഇങ്ങനെ പറയുന്നത്‌. “ലൈസാക്ക്‌’ എന്ന ബ്രാൻഡിൽ അദ്ദേഹത്തിന്റെ പാഷനും താത്‌പര്യവും ഉൾക്കാഴ്‌ചയും മുഴുവാനായും അലിഞ്ഞുചേർന്നിട്ടുണ്ട്‌. മൂന്നുവർഷം മുമ്പായിരുന്നു അലക്‌സ്‌ സ്വന്തമായി സംരംഭം തുടങ്ങിയത്‌. ഇന്നിപ്പോൾ കേരളത്തിൽ കാർഷികാധിഷ്ഠിത വ്യവസായ രംഗത്തെ പ്രമുഖ ബ്രാൻഡാണിത്‌. പരിശുദ്ധമെന്ന്‌ തന്നെ നൂറുശതമാനം ഉറപ്പിച്ചു പറയും, അലക്‌സിനൊപ്പം ഉത്‌പന്നങ്ങൾ വാങ്ങി ഉപയോഗിച്ച ഉപഭോക്‌താക്കളും. വിർച്വൽ റിയാലിറ്റി അധിഷ്‌ഠിതമായ ടെക്‌നോളജിയും കൃഷി അധിഷ്‌ഠിതമായ സംരംഭവും അലക്‌സിന്‌ സ്വന്തമായുണ്ട്‌. ഇവ രണ്ടും ചേരും പ‌ടി ഭംഗിയായി ചേർത്തുവച്ചിട്ടുമുണ്ട്‌ അലക്‌സ്‌. ലോകത്തെവി‌ടെ നിന്നും ഫാമും കൃഷിയുമുൾപ്പെ‌‌ടെ ഇമ്മേഴ്‌സീവ്‌ ‌ടെക്‌നോളജിയിലൂടെ അനുഭവിക്കാൻ കഴിയുന്ന പ്രൊജക്‌‌ടും അദ്ദേഹം നടപ്പിലാക്കി.
തിരുവനന്തപുരത്ത്‌ ടെക്‌നോപാർക്കിൽ സീനിയർ ഐ.ടി എൻജിനിയറായിരുന്നു അലക്‌സ്‌, ഭാര്യ ഡോ. മീത, മീതയുടെ അച്‌ഛൻ ഡോ.സതീഷ്‌, അമ്മ ഡോ. സുനന്ദ എന്നിവർ ചേർന്നാണ്‌ ഈ സംരംഭത്തിന്‌ തുടക്കമിട്ടത്‌. മൂന്നു ഡോക്‌ടർമാരും ഒരു എൻജിനിയറും ചേർന്നുള്ള സംരംഭം എന്ന്‌ ലളിതമായി പറയാം. ഹെൽത്ത്‌ സർവീസിൽ നിന്നും സിവിൽ സർജനായി വിരമിച്ച ഡോ.സതീഷ്‌ ആണ്‌ അലക്‌സിന്റെ ഏറ്റവും വലിയ പിന്തുണ. ഡോ.സുനന്ദ തിരുവനന്തപുരത്തെ ശ്രീഗോകുലം മെഡിക്കൽ കോളേജിൽ സീനിയർ സർജനും യൂണിറ്റ്‌ ചീഫുമാണ്‌. ഡോ. മീത ഇപ്പോൾ വയനാട്‌ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ അസിസ്‌റ്റന്റ് പ്രൊഫസറാണ്‌. ഈ മൂന്നുപേരുടെയും മാർഗനിർദ്ദേശങ്ങൾ സംരംഭം പടുത്തുയർത്തുന്നതിന്‌ അലക്‌സിന്‌ വലിയ പ്രോത്സാഹനമേകി. മീതയും അമ്മ സുനന്ദയും ജോലിയുടെ തിരക്കിലേക്ക്‌ പോയപ്പോൾ അലക്‌സും സതീഷുമാണ്‌ ഇപ്പോൾ പാർട്ട്‌ണേഴ്‌സ്‌. ഒരിക്കലും അവകാശവാദങ്ങളുടെയും സ്യൂഡോ സയൻസിന്റെയും പശ്‌ചാത്തലത്തിൽ അലക്‌സ്‌ തന്റെ ഉത്‌പന്നങ്ങളെ മാർക്കറ്റ്‌ ചെയ്‌തിട്ടില്ല എന്നതാണ്‌ മറ്റൊരു പ്രത്യേകത. ശാസ്‌ത്രീയമായ കാര്യങ്ങൾ മാത്രം പ്രചരിപ്പിക്കുക, അതുവഴി കസ്‌റ്റമേഴ്‌സിൽ അവബോധം ഉണ്ടാക്കുക എന്നീ മാർഗങ്ങൾ മാത്രമേ സ്വീകരിക്കൂ എന്ന കാര്യത്തിലും അലക്‌സിന്‌ നിഷ്‌കർഷയുണ്ട്‌. അലക്‌സിനൊപ്പം കുടുംബവും ആ മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്നു.
ജോലിത്തിരക്കിലും കൃഷിയോ‌ടുള്ള താത്‌പര്യം അലക്‌സ്‌ മനസിൽ സൂക്ഷിച്ചിരുന്നു. അവിടെ നിന്നാണ്‌ തേൻ ഉത്‌പന്നങ്ങളുടെയും മൂല്യവർധിത വസ്തുക്കളുടെയും അമൂല്യശേഖരം എന്ന ചിന്തയിൽ നിന്നും ലൈസാക്ക്‌ ജന്മം കൊണ്ടത്‌. സ്വന്തം ഫാമിൽ നിന്നും ലൈസാക്ക്‌ സർട്ടിഫൈഡ്‌ കർഷകർ/ഫാമുകളിൽ നിന്നുമാണ്‌ തേനും മറ്റു അസംസ്‌കൃത വസ്‌തുക്കളും സംഭരിക്കുന്നത്‌. പച്ചക്കറി, പഴത്തോട്ടങ്ങളിൽ നിന്നും ശേഖരിക്കുന്ന മൾട്ടിഫ്ളോറൽ ഹണി ആണ്‌ അലക്‌സ്‌ തന്റെ ഉത്‌പന്നങ്ങളിൽ ഉപയോഗിക്കുന്നത്‌. ആ യാത്രയെ പരിശുദ്ധം എന്നല്ലാതെ വിശേഷിപ്പിക്കാൻ സാധിക്കില്ല. പ്രകൃതിയോടു അത്രമേൽ ഇണങ്ങി, യാതൊരു കലർപ്പും രാസവസ്‌തുക്കളും ഒന്നുമില്ലാതെയാണ്‌ ഓരോ ഉത്‌പന്നങ്ങളെയും ലൈസാക്ക്‌ സൃഷ്‌‌ടിച്ചെടുക്കുന്നത്‌. ഒരു വയസിന്‌ മുകളിലുള്ള കുഞ്ഞുങ്ങൾക്ക്‌ പോലും ഉപയോഗിക്കാൻ കഴിയുന്ന അത്രയും നിർമ്മലമാണ്‌ ലൈസാക്ക്‌ ഉത്‌പന്നങ്ങളെന്ന്‌ ഉപയോഗിച്ചവർ പറയുന്നു. ആ ഉറപ്പ്‌ അലക്‌സിന്റേതു കൂ‌ടിയാണ്‌. അത്രമാത്രം മനസ്‌ അർപ്പിച്ചാണ്‌ അലക്‌സ്‌ സ്വന്തം സംരംഭം മുന്നോട്ട് കൊണ്ടുപോകുന്നത്‌. തിരുവനന്തപുരം മുട്ട‌ടയിൽ ജീവിതപങ്കാളിയുമൊത്ത്‌ സ്വന്തം വസതിയിലാണ്‌ ലൈസാക്‌ ഹണിയു‌ടെ പ്രവർത്തനങ്ങൾ. ഒരു വീ‌ടിന്റെ അന്തരീക്ഷത്തിൽ ഹോം മേയ്ഡായാണ്‌ ഉത്‌പന്നങ്ങളെല്ലാം തന്നെ നിർമ്മിച്ചെടുക്കുന്നത്‌.
ആദ്യം വേണ്ടത്‌ ക്ഷമ,
പിന്നെ പരിശ്രമം
പത്തനംതിട്ട പന്തളം സ്വദേശിയാണ്‌ ഞാൻ. കൃഷി താത്‌പര്യം കൊണ്ട്‌ തു‌ടങ്ങിയതാണ്‌. സ്വന്തം സംരംഭം തുടങ്ങണമെന്ന ആലോചന കുറേക്കാലമായി കൊണ്ടു നടക്കുകയായിരുന്നു. ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ബിസിനസ്‌ ചെയ്‌ത്‌ പരിചയമില്ല. അങ്ങനെ നോക്കുമ്പോൾ ഒന്നാംതലമുറ എന്നുതന്നെ പറയാം. തൊഴിലാളി എന്ന അതുവരെ ശീലിച്ച രീതിയിൽ നിന്നും മാറി തൊഴിൽ സംരംഭകനായി മാറുമ്പോൾ ആദ്യം മാറേണ്ടത്‌ കാഴ്ചപ്പാടുകളും മനോഭാവങ്ങളും തന്നെയാണ്‌. അതാണ്‌ ഒന്നാമത്തെ കാര്യം. രണ്ടാമത്തെ കാര്യം ക്ഷമയാണ്‌. തുടങ്ങിവയ്‌ക്കുന്ന സംരംഭം ഒറ്റദിവസം കൊണ്ട്‌ വിജയിക്കുമെന്ന്‌ കരുതരുത്‌. തുടങ്ങിവച്ച സംരംഭം നമ്മുടെ പ്രയത്‌നം കൊണ്ട്‌ സ്വന്തം ചുവട്‌ വയ്‌ക്കാൻ മൂന്നുവർഷമെങ്കിലും വേണം. ഒരു കുഞ്ഞിനെ വളർത്തിയെടുക്കുന്നതു പോലെ പൂർണസമയശ്രദ്ധ നൽകണം. നമ്മൾ തൊഴിലാളിയാണെങ്കിൽ ഇത്തരം ഗുണങ്ങൾ നമുക്ക്‌ കുറവായിരിക്കും. പക്ഷേ, സംരംഭകനാണെങ്കിൽ മറ്റു ഓപ്ഷനുകളില്ല. നമ്മൾ സംരംഭകനാണെങ്കിൽ ആദ്യം കാഴ്ചപ്പാട് മാറ്റേണ്ടി വരും. ഓ‌ടിയൊളിക്കാൻ പറ്റില്ല, ലീവെടുത്ത്‌ സമ്മർദ്ദത്തിൽ നിന്നും രക്ഷപ്പെടാനും കഴിയില്ല.
പഠിച്ച പാഠങ്ങൾ,
പഠിപ്പിച്ച അനുഭവങ്ങൾ
ഉത്‌ന്നപങ്ങളുടെ ഡെവലപ്പ്‌മെന്റ് സ്‌റ്റേജുകളിലൊന്നും ഞങ്ങൾക്ക്‌ കാര്യമായ പ്രശ്‌നങ്ങളുണ്ടായിട്ടില്ല.
അതേ സമയം സെയിൽസ്‌ ഭാഗമെത്തിയപ്പോൾ കുറേ കാര്യങ്ങൾ മനസിലാക്കാനും പഠിച്ചെടുക്കാനുമുണ്ടായിരുന്നു. ചെലവുകൾ, പ്രൈസിംഗ്‌, ലീഗൽ കാര്യങ്ങൾ ഇങ്ങനെ കുറേ കാര്യങ്ങൾ നമ്മൾ മനസിലാക്കാനും പഠിക്കാനും ശ്രദ്ധിക്കാനുമുണ്ട്‌. കർഷകനാണെങ്കിൽ ഉത്‌പന്നങ്ങളുടെ വിൽപ്പന മാത്രം നോക്കിയാൽ മതി. ഇവിടെ ഉത്‌പന്നങ്ങളും മൂല്യവർദ്ധിത ഉത്‌പന്നങ്ങളുമുണ്ട്‌. അപ്പോൾ ഉത്‌പാദനം മുതൽ വിപണനം വരെ ശ്രദ്ധിക്കാനേറെയുണ്ട്‌. അതേ പോലെ ഉത്‌പന്നത്തിന്റെ ക്വാളിറ്റി ശ്രദ്ധിക്കണം, ബ്രാൻഡ്‌ ട്രസ്റ്റ്‌ ഉറപ്പിക്കണം. അതാണ്‌ ഏറ്റവും പ്രധാനം. കുറച്ചുകാലം മുന്നോട്ടു പോകുമ്പോൾ കുറേ കാര്യങ്ങൾ പഠിക്കും. ചിലപ്പോൾ കസ്‌റ്റമേഴ്‌സ്‌ നിർദ്ദേശങ്ങൾ നൽകും. അത്‌ ശരിയാണെങ്കിൽ ആ കാര്യങ്ങൾ പരിശോധിച്ച്‌ നടപ്പിലാക്കണം. പലരും എന്നോ‌ട്‌ ചോദിക്കാറുണ്ട്‌. എന്തിനാണ്‌ പ്രൊഫഷണൽ രീതിയിൽ നാടൻ ഉത്‌പന്നങ്ങളുടെ ബോട്ടിലിൽ സ്‌റ്റിക്കർ പതിപ്പിക്കുന്നതെന്ന്‌. ഒരുത്‌പന്നം പരിചയപ്പെ‌ടുമ്പോൾ കസ്‌റ്റമേഴ്‌സിന്‌ കുറേയധികം സംശയങ്ങളുണ്ടാകും. പ്രത്യേകിച്ചും തേൻ ഉത്‌പന്നങ്ങൾക്ക്‌. സേഫാണോ, കുഞ്ഞുങ്ങൾക്ക്‌ നൽകാമോ, കട്ട പിടിക്കുമോ, ഫ്രിഡ്‌ജിൽ സൂക്ഷിക്കാമോ എന്നിങ്ങനെ സംശയങ്ങൾ നിരന്തരമുണ്ടാകാറുണ്ട്‌. ആ സ്‌റ്റിക്കറിൽ എല്ലാവിവരങ്ങളും ഉൾക്കൊളളിച്ചിട്ടുണ്ട്‌. അതേ പോലെ തങ്ങൾ ചെയ്യില്ലാത്ത കാര്യങ്ങൾ “NO’ ഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട് (ഉദാ: No Preservatives)‌.
വ്യത്യസ്‌തം, പ്രകൃതിദത്തം
ഈ ഉത്‌പന്നങ്ങൾ
“ജിഞ്ചർ ഹണി’ എന്ന ഞങ്ങളുടെ ഉത്പന്നത്തിൽ മാരൻ എന്ന നാടൻ ഇഞ്ചി ഇനമാണ്‌ ഉപയോഗിക്കുന്നത്. മാരൻ ഇനം പരമ്പരാഗതമായി കൃഷി ചെയ്യുന്നവരുണ്ട്‌. അവരുടെ കയ്യിൽ നിന്നാണ് ശേഖരിക്കുന്നത്. അത് ചതച്ച് തേനിലിട്ടാണ് ജിഞ്ചർ ഹണി ഉണ്ടാക്കുന്നത്. കഫ്, കോൾഡ്, തൊണ്ടവേദന എന്നിവയ്‌ക്കു ഈ ഉത്‌പന്നം ആശ്വാസപ്രദമാണ്. ദഹനം നന്നാകാനും ശരീരഭാരം നിയന്ത്രിക്കാനും ഉദരാരോഗ്യത്തിനും ഏറെ നല്ലതാണ്‌ “ജിഞ്ചർ ഹണി’. ‌‌”ടർമറിക്ക്‌ ഹണി’ എന്ന ഉത്‌പന്നത്തിൽ പ്രതിഭ എന്ന നാ‌ടൻ ഇനമാണ്‌ ഉപയോഗിക്കുന്നത്‌. ഫ്രഷും പ്രകൃതിദത്തവുമായ പച്ചമഞ്ഞൾ ആണ്‌ ഉപയോഗിക്കുന്നത്‌. അല്ലാതെ, മഞ്ഞൾപ്പൊടിയോ, എക്‌സ്‌ട്രാറ്റോ അല്ല ഉപയോഗിക്കുന്നത്‌. അതുകൊണ്ടുതന്നെ “നാച്ചുറൽ കുർക്കുമിൻ’ റിച്ചാണ് മഞ്ഞൾ തേൻ. ഇമ്മ്യൂണിറ്റി നന്നാകാനും ചർമ്മത്തിന്റെ ആരോഗ്യം നിലനിറുത്താനും വേണ്ടിയാണ് ഇത്‌ ഉപയോഗിക്കുന്നത്. അതേ പോലെ ശരീരത്തിന്റെ കൊളാജിൻ ഉത്‌പാദനവും ത്വരിതപ്പെടുത്തും.
“ബീ വാക്‌സ്‌’ കൊണ്ടുള്ള ഉല്പന്നങ്ങളാണ് മറ്റൊരു വിഭാഗം. അതിലെ “ബോഡി ബട്ടർ’ ഏറെ ഹിറ്റാണ്‌. ചർമ്മത്തിന്റെ സ്വാഭാവികത നിലനിറുത്താനായാണ്‌ ഇതും ഉപയോഗിക്കുന്നത്‌. ഒലിവ് ഓയിൽ, ഷിയ ബട്ടർ, എസൻഷ്യൽ ഓയിൽ എന്നിവ മാത്രമാണ്‌ ഉപയോഗിക്കുന്നത്‌. നാച്വറൽ വസ്‌തുക്കൾ മാത്രം ഉളള “ഫൂട്ട്‌ ക്രീം’ പാദസംരക്ഷണത്തിനാണ്‌ ഉപയോഗിക്കുന്നത്‌. ബീറ്റ്‌റൂട്ട്‌ ഒക്കെയാണ്‌ ലിപ്‌ ബാമിൽ ഉപയോഗിക്കുന്നത്‌. ബീറ്റ്‌റൂട്ട്‌, സ്‌ട്രോബറിയൊക്കെ ഉണക്കിപ്പൊ‌ടിച്ചാണ്‌ ഫേസ്‌ സ്‌ക്രബ്‌ തയ്യാറാക്കുന്നത്‌. ഇവയിലൊന്നും മായവുമില്ല, രാസവസ്‌തുക്കളുമില്ല, പെ‌ട്രോളിയം ഉത്‌പന്നങ്ങളൊന്നും തന്നെ ഉപയോഗിക്കുന്നുമില്ല. നൂറുശതമാനവും പ്രകൃതിദത്തമായ വസ്തുക്കൾ മാത്രമാണ്‌ ചേരുവകൾ‌. ഗ്രൂമിംഗിന്‌ ശേഷം പൂച്ച, നായക്കുട്ടികൾ തു‌ടങ്ങിയ അരുമമൃഗങ്ങളു‌ടെ ചർമ്മാരോഗ്യം നിലനിറുത്താൻ മൂക്കിലും കാൽപ്പാദത്തിലും മറ്റും പുരാട്ടാൻ പോ &‌ സ്‌നോട്ട്‌ ബട്ടറാണ്‌ ആളുകൾ ചോദിച്ചു വാങ്ങുന്ന മറ്റൊരു ഉത്‌പന്നം.
ടേസ്‌റ്റേഴ്‌സ്‌ വഴി
സ്വന്തമാക്കിയ കസ്‌റ്റമേഴ്‌സ്‌
കൺസ്യൂമർ മേള, എക്‌സിബിഷൻ എന്നിവ വഴിയാണ്‌ ഉത്‌പന്നങ്ങളെ കസ്‌റ്റമേഴ്‌സിന്റെ മുന്നിലെത്തിക്കുന്നത്‌. അവി‌‌ടെ ടേസ്‌റ്റേഴ്‌സ്‌ ഉണ്ടാകും. അത്‌ രുചിച്ചു നോക്കി ആളുകൾക്ക്‌ ഉത്പന്നത്തിന്റെ ഗുണമേന്മ എക്സ്പീരിയൻസ് ചെയ്ത് വാങ്ങാം. അവരുടെ ഏത്‌ സംശയത്തിനും സ്‌റ്റാളുകളിൽ നിന്നും ഉത്തരം ലഭിക്കും. അതേ പോലെ വിവിധ ഉത്പന്നങ്ങളുടെ പ്രത്യേകതകളും മനസിലാക്കാം. തേനിന്റെയും മറ്റു മൂല്യവർധിത ഉത്‌പന്നങ്ങളുടെയും അവബോധം അവർക്ക്‌ കൃത്യമായി മനസിലാക്കാൻ സാധിക്കും. കസ്‌റ്റമേഴ്‌സിന്‌ ഇതോടെ ഉത്‌പന്നങ്ങളെ കുറിച്ച്‌ കൃത്യമായ ഉൾക്കാഴ്‌ച ലഭിക്കും. നല്ല അനുഭവത്തിലൂടെ സ്ഥിരമായി ഉത്‌പന്നങ്ങൾ വാങ്ങുന്നവരുണ്ട്‌. ഞങ്ങളുടെ പകുതിയോളം കസ്‌റ്റമേഴ്‌സും ഇങ്ങനെ ലഭിച്ചവരാണ്‌. കേരളത്തിൽ മൂന്ന്‌ പ്രധാനജില്ലകളിലെ – തിരുവനന്തപുരം, എറണാകുളം, തൃശൂർ – പ്രമുഖ റീട്ടെയ്‌ൽ ഷോപ്പുകളിൽ ഉത്‌പന്നങ്ങൾ ലഭിക്കും. ഡിഫൻസ്‌ ഷോപ്പുകളിലും ഞങ്ങളുടെ ഉത്‌പന്നങ്ങൾ ലഭ്യമാണ്‌. അവിടെയും ഉത്‌പന്നങ്ങൾ ‌ടേസ്‌റ്റ്‌ ചെയ്‌തു നോക്കാൻ ടേസ്‌റ്റേഴ്‌സുകൾ വച്ചിട്ടുണ്ട്‌. ഓൺലൈൻ സെയിൽസും സജീവമാണ്‌. ഈ
ഉത്‌പന്നങ്ങളെല്ലാം ആമസോണിൽ ലിസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. അതുവഴിയും സെയിൽസ്‌ മുന്നോട്ട്‌ പോകുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ ഫോമുകളും ഞങ്ങൾ ഉപയോഗിക്കുന്നുണ്ട്‌. അതിനായി ഇൻഹൗസിൽ ഞങ്ങൾക്കൊരു ടീമുണ്ട്‌.
മാർഗനിർദ്ദേശം പകർന്ന്‌ ഹോർട്ടികോർപ്പും ബെന്നി ഡാനിയേലും
ഓരോ ദിവസം മുന്നോട്ടേക്ക് കുതിക്കുന്ന സ്വന്തം സംരംഭത്തിനൊപ്പം അലക്‌സ് ചേർത്തുവയ്ക്കാൻ ആഗ്രഹിക്കുന്ന പേരുകളാണ്‌ ഹോർട്ടികോർപ്പും ബെന്നി ഡാനിയേലും. സംരംഭത്തിന്റെ തുടക്കകാലത്ത്‌ വേണ്ടത്ര നിർദ്ദേശം നൽകുകയും തേനീച്ച കൃഷിയെ കുറിച്ച്‌ ശാസ്‌ത്രീയമായി തന്നെ കൂടുതൽ പഠിപ്പിക്കുകയും ചെയ്‌തത്‌ ‌ഹോർട്ടികോർപ്പ്‌ ബീ കീപ്പിംഗ്‌ സെന്ററും അതിന്റെ റീജിയണൽ മാനേജരായ ബി.സുനിലുമായിരുന്നു. തേനീച്ച വളർത്തലിനെ കുറിച്ചും പരിപാലനത്തെക്കുറിച്ചും ഹോർട്ടികോർപ്പ്‌ നടത്തുന്ന വിശദമായ സർട്ടിഫിക്കറ്റ് കോഴ്‌സ്‌ വിജയകരമായി പഠിച്ച്‌ പൂർത്തിയാക്കിയ ആൾ കൂ‌ടിയാണ്‌ അലക്‌സ്‌.
ഹോർട്ടി കോർപ്പിൽ പ്രോഗ്രാം ഓഫീസറായിരുന്ന ബെന്നി ഡാനിയേൽ അലക്‌സിന്റെ ആശയങ്ങൾക്കൊപ്പം എന്നും കൂടെയുണ്ടായിരുന്നു. നാൽപ്പതിലേറെ വർഷങ്ങൾ ഈ രംഗത്ത് പ്രവൃത്തിപരിചയമുള്ള ബെന്നി ഹോർട്ടിക്കോർപ്പിൽനിന്നും വിരമിച്ചശേഷം ലൈസാക്ക്‌ ഹണിയിൽ സീനിയർ കൺസൾട്ടന്റായി കൂടെത്തന്നെയുണ്ട്. സംരംഭത്തെക്കുറിച്ചുള്ള ഏതൊരു ആശയവും അലക്‌സ്‌ ആദ്യം പങ്കുവയ്ക്കുന്നത് അദ്ദേഹത്തോടാണ്‌. അത് എങ്ങനെ ഏറ്റവും മികച്ച ലക്ഷ്യപ്രാപ്തിയിലെത്തിക്കാമെന്ന ബെന്നിയുടെ നിർദ്ദേശങ്ങളും കൂടി ചേർത്ത്‌ മുന്നോട്ടു പോകും. തന്റെ വിജയത്തിനൊപ്പം അതിൽ പങ്കാളികളായ ഓരോരുത്തരെയും അലക്‌സ് ചേർത്ത് നിർത്തുന്നു.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *