ന്യൂഡൽഹി ഏറ്റവും പുതിയ കയറ്റുമതി സന്നദ്ധതാ സൂചികയിൽ കേരളം പതിനൊന്നാം സ്ഥാനത്തെത്തി. മഹാരാഷ്ട്രയാണ് ഒന്നാമത്. നിതി ആയോഗ് പുറത്തുവിട്ട പട്ടികയിൽ 2022ൽ 19ാം സ്ഥാനത്തായിരുന്ന കേരളം ഇക്കുറി 11ലെത്തി. വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതും ഏകജാലക സംവിധാനത്തിന്റെ ഫലപ്രദമായ വിനിയോഗവും സൂചികയിൽ കേരളത്തിന് തുണയായി. മുൻവർഷങ്ങളിൽ ഒന്നാംസ്ഥാനത്തായിരുന്ന തമിഴ്നാട് ഇക്കുറി രണ്ടാമതായി. ഗുജറാത്ത്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവയാണ് യഥാക്രമം തൊട്ടുപിന്നിൽ. കയറ്റുമതിക്കുള്ള അടിസ്ഥാന സൗകര്യം, ബിസിനസ് ആവാസവ്യവസ്ഥ, നയങ്ങളും ഭരണസംവിധാനവും, കയറ്റുമതി പ്രകടനം എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്കിങ്. ഇതിൽ കേരളത്തിന് 53.76 സ്കോറാണ് ലഭിച്ചത്. ഒന്നാമതെത്തിയ മഹാരാഷ്ട്രയ്ക്ക് 68.01. വരും വർഷങ്ങളിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടംപിടിക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.