Bright Business Kerala

BUSINESS NEWS INDUSTRIAL NEWS TECHNOLOGY NEWS

മഴയും, വെയിലും ഏശില്ല; ഏത് കാലാവസ്ഥയിലും ധരിക്കാം, ഫാഷൻ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി പി.സി.എം വസ്ത്രങ്ങൾ

മഴയും, വെയിലും ഏശില്ല; ഏത് കാലാവസ്ഥയിലും ധരിക്കാം, ഫാഷൻ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി പി.സി.എം വസ്ത്രങ്ങൾ
  • PublishedMarch 10, 2025

കഴിഞ്ഞ വേനൽക്കാലത്തെ വസ്ത്രം ഈ മഴക്കാലത്ത് മാറ്റി വെക്കേണ്ടി വന്ന ആളാണോ നിങ്ങൾ? കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് പ്രിയപ്പെട്ട വസ്ത്രങ്ങൾ ധരിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിക്കുന്ന വ്യക്തിയാണോ? എങ്കിൽ ഇതാ നിങ്ങൾക്കൊരു സന്തോഷ വാർത്ത. സീസൺ മാറിയാലും നിങ്ങൾക്കിഷ്ടപ്പെട്ട സ്റ്റൈലിഷ് വസ്ത്രം മാറ്റി വെക്കേണ്ടതില്ലെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുകയാണ്. ടെക്സ്റ്റൈൽസ് മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. PCM എന്ന ചുരുക്കപ്പെരിൽ അറിയപ്പെടുന്ന ടെക്നോളജി ടെക്സ്റ്റൈൽ മേഖലയ്ക്ക് ഊർജ്ജമേകും.​

​പണിപ്പുരയിൽ ഒരുങ്ങുന്നത് ഫാഷൻ വിപ്ലവം​

എല്ലാ സീസണിലും ധരിക്കാൻ യോജ്യമായ വസ്ത്രങ്ങൾ നിർമിക്കുന്ന ടെക്നോളജിയാണ് പണിപ്പുരയിലുള്ളത്. ഇന്ത്യയിലെ മാറി വരുന്ന കാലവസ്ഥകളിൽ ഇടയ്ക്കിടെ വസ്ത്രങ്ങളുടെ തരം മാറ്റുന്നതിന് ഇതോടെ അറുതിയാകും. കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയവും, പ്രീമിയർ ടെക് & ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് എല്ലാ കാലാവസ്ഥയിലും ഉപയോ​ഗിക്കാൻ സാധിക്കുന്ന തുണിത്തരങ്ങൾ (All weather clothing) വികസിപ്പിക്കുന്നത്. പുതിയ വസ്ത്രത്തിന്റെ പേര് കുറച്ച് വിചിത്രമാണ്. ‘Indigenious encapsulated Phase Change Material’-PCM അധിഷ്ഠിത ആക്ടീവ് വെയറാണ് കാലാവസ്ഥകളെ വെല്ലുവിളിക്കാൻ ഒരുങ്ങുന്നത്.

ഇന്ത്യയിലെ വിവിധ കാലാവസ്ഥാ സാഹചര്യങ്ങളിൽ ഉപയോ​ഗിക്കുന്ന വെറുമൊരു തുണിത്തരമല്ല ഇത്. സുഖപ്രദമായി ധരിക്കാവുന്ന സ്റ്റൈലിഷ് തുണിത്തരങ്ങളായിരിക്കും നെയ്തെടുക്കുന്നത്. ഇതോടെ വിവിധ കാലാവസ്ഥകൾക്ക് പല സെറ്റ് വസ്ത്രങ്ങൾ ഉപയോ​ഗിക്കേണ്ട സാഹചര്യം ഇല്ലാതെയാകും.

​ഞെട്ടിക്കാൻ PCM​

PCM എന്ന പുതിയ അവതാരം,സ്പോർട്സ്, ഹോം വെയർ, പ്രോട്ടക്ടീവ് ടെക്സ്റ്റൈൽസ് തുടങ്ങിയ വിവിധ മേഖലകൾക്ക് അനുയോജ്യമാണെന്ന് കണ്ടെത്തിക്കഴിഞ്ഞു. പൊതുവെ സൈനികർ ഇത്തരം PCM അധിഷ്ഠിത വസ്ത്രങ്ങൾ ഉപയോ​ഗിക്കുന്നുണ്ട്. ജമ്മുവിലെ മരം കോച്ചുന്ന തണുപ്പിൽ നിന്ന് രാജസ്ഥാൻ, തെലങ്കാന, ബീഹാർ എന്നിവിടങ്ങളിലെ ഉഷ്ണ ഭൂമികകളിലേക്ക് യാത്ര ചെയ്യേണ്ടി വരുമ്പോൾ PCM രാജ്യം കാക്കുന്ന സൈനികർക്കു പോലും രക്ഷയായി മാറുന്നു.

നാഷണൽ ടെക്നിക്കൽ ടെക്സ്റ്റൈൽ മിഷൻ (NTTM) പ്രൊജക്ടായി പുതിയ പദ്ധതിക്ക് അം​ഗീകാരം ലഭിച്ചു കഴിഞ്ഞു. ഡൽഹി, രൂപാർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, തെലങ്കാന ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി എന്നിവർ പുതിയ പ്രൊജക്ടിനായി ഇഴ ചേർന്ന് പ്രവർത്തിക്കും.

​ചൂടുകാലത്ത് തണുപ്പ്, തണുപ്പ് കാലത്ത് ചൂട്​

അന്തരീക്ഷ താപനില കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന വിധമായിരിക്കും പുതിയ തുണിത്തരം രൂപകല്പന ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളിൽ പുറത്തെ ഊർജ്ജം വലിയ തോതിൽ വലിച്ചെടുക്കാനും, പുറത്തു വിടാനും സാധിക്കുന്ന മെറ്റീരിയലാണ് PCM. പ്രധാനമായും ഖര-​ദ്രവ വ്യതിയാനങ്ങളിൽ ഇത് മികച്ച രീതിയിൽ പ്രവർത്തിക്കും.

ഈ പ്രത്യേകത കാരണം ചൂടുകാലത്ത് തെർമൽ ഊർജ്ജത്തെ വലിച്ചെടുക്കാൻ സാധിക്കുന്നു. ഇത് PCM മെറ്റീരിയൽ ഉപയോ​ഗിച്ചു നിർമിച്ച വസ്ത്രം ധരിച്ച വ്യക്തിക്ക് കൂളിങ് ഇഫക്ടാണ് ലഭിക്കുന്നത്. തണുപ്പു കാലത്ത് ‘ചൂടു കായുന്ന’ സുഖവും ലഭിക്കും. PCM വസ്ത്രങ്ങളിൽ ഒപ്ടിമം താപം നിലനിർത്താൻ സാധിക്കുന്നതിനാലാണ് ഇത്.

​മാറ്റത്തിനൊരുങ്ങുന്ന ഫാഷൻ സമവാക്യങ്ങൾ​

പരമ്പരാ​ഗത വസ്ത്രങ്ങൾ കൂടുതൽ ചൂട് ആ​ഗിരണം ചെയ്യുന്നവയാണ്. ഈ ഊർജ്ജ രൂപം സൂക്ഷിക്കാൻ കൂടുതൽ വോളിയവും ആവശ്യമാണ്. അതേ സമയം കുറഞ്ഞ മെറ്റീരിയലിൽ കൂടുതൽ താപത്തെ ആ​ഗിരണം ചെയ്യാൻ PCM തുണിത്തരങ്ങൾക്ക് സാധിക്കും. ഡൈനാമിക് ഡിസൈനുകളിൽ പുറത്തിറങ്ങാൻ പോകുന്ന PCM ടെക്സ്റ്റൈൽസ്- ഫാഷൻ മേഖലകളിൽ തരം​ഗം തീർക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെ സ്റ്റൈലിഷ്-ഫങ്ഷണൽ ക്ലോത്തിങ് എന്ന പുതിയ ഫാഷൻ സമവാക്യവും രൂപപ്പെടും. ടെക്സ്റ്റൈൽ മേഖലയിലെ ബിസിനസ് വോളിയത്തിലും പുതിയ സാങ്കേതിക വിദ്യയുടെ സ്വാധീനമുണ്ടായിരിക്കും.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *