Bright Business Kerala

BUSINESS NEWS Finance

12 ലക്ഷം കോടിയുടെ വായ്പ എഴുതിത്തള്ളി

12 ലക്ഷം കോടിയുടെ വായ്പ എഴുതിത്തള്ളി
  • PublishedMarch 21, 2025

കഴിഞ്ഞ പത്തു വർഷത്തിനിടയിൽ രാജ്യത്തെ വാണിജ്യ ബാങ്കുകൾ എഴുതിത്തള്ളിയത് 12.3 ലക്ഷം കോടി രൂപയുടെ വായ്പയാണ്. ഇതിൽ 53% (6.5 ലക്ഷം കോടി) രൂപ എഴുതിത്തള്ളിയത് പൊതുമേഖലാ ബാങ്കുകളും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുള്ള (2020- 24 സാമ്പത്തിക വർഷം) കണക്കാണിത്. പാർലമെന്റിലെ ചോദ്യങ്ങൾക്ക് സർക്കാർ നൽകിയ മറുപടിയിലാണ് ഈ കണക്ക് വ്യക്തമായത്. 2015 ൽ ആരംഭിച്ച ആസ്തി ഗുണനിലവാര അവലോകനത്തെ തുടർന്ന് 2019 സാമ്പത്തിക വർഷത്തിൽ ബാങ്കിംഗ് മേഖലയുടെ വായ്പ എഴുതിത്തള്ളൽ 2.4 ലക്ഷം കോടി രൂപയിലെത്തിയെന്ന് രേഖകൾ വ്യക്തമാക്കുന്നു. 2019 സാമ്പത്തിക വർഷത്തിൽ ബാങ്കിംഗ് മേഖലയുടെ വായ്പ എഴുതിത്തള്ളൽ നിരക്ക് 2.4 ലക്ഷം കോടിയെന്ന ഉയർന്ന തലത്തിൽ എത്തിയിരുന്നു. 2024 സാമ്പത്തികത്തിൽ ഇത് 1.7 ലക്ഷം കോടി എന്ന കുറഞ്ഞ തലത്തിൽ എത്തി.

പൊതുമേഖലാ ബാങ്കുകളുടെ ഇൻക്രിമെന്റൽ ക്രെഡിറ്റ് നിരക്ക് നിലവിൽ ബാങ്കിംഗ് മേഖലയുടെ 51% ആണ്. എന്നാൽ ഇത് 2023 സാമ്പത്തിക വർഷത്തെ 54% നിരക്കിൽ നിന്ന് താഴ്ന്നിട്ടുണ്ട്. 2024 സെപ്തംബർ 30 വരെ പൊതുമേഖലാ ബാങ്കുകളുടെയും, സ്വകാര്യമേഖലാ ബാങ്കുകളുടെയും മൊത്തം അറ്റ നിഷ്‌ക്രിയ ആസ്തി (എൻപിഎ) യഥാക്രമം 3,16,331 കോടി രൂപയും,1,34,339 കോടി രൂപയുമാണെന്ന് ആർബിഐ കണക്കുകൾ ഉദ്ധരിച്ച് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി.

എൻപിഎ ശതമാന കണക്കുകളിലേയ്ക്ക് വരുമ്പോൾ പൊതുമേഖല ബാങ്കുകളുടേത് 3.01 ശതമാനവും, സ്വകാര്യ മേഖലയുടേത് 1.86 ശതമാനവുമാണ്. 2020 – 24 സാമ്പത്തിക വർഷം എസ്ബിഐ 1,46,652 കോടിയുടെ വായ്പ എഴുതിത്തള്ളി. പിഎൻബി (82,449 കോടി), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (82,323 കോടി), ബാങ്ക് ഓഫ് ബറോഡ (77,177 കോടി), ബാങ്ക് ഓഫ് ഇന്ത്യ (45,467 കോടി) എന്നിങ്ങനെയാണ് എഴുതിത്തള്ളൽ.
നടപ്പു സാമ്പത്തിക വർഷം സെപ്റ്റംബർ അവസാനം വരെയുള്ള കാലയളവിൽ പൊതുമേഖലാ ബാങ്കുകൾ 42,000 കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ 6.5 ലക്ഷം കോടി രൂപ എഴുതിത്തള്ളി. ബാങ്കുകൾ എഴുതിത്തള്ളുന്ന എൻപിഎകൾ നാല് വർഷം പൂർത്തിയാകുമ്പോൾ, ആർബിഐ മാർഗനിർദ്ദേശങ്ങൾക്കും, ബാങ്കുകളുടെ ബോർഡുകൾ അംഗീകരിച്ച നയവും അനുസരിച്ച് പൂർണ്ണമായ പ്രൊവിഷനിംഗിന് വിധേയമാക്കിയിട്ടുണ്ടെന്ന് ചൗധരി വ്യക്തമാക്കി.

അതായത് ഇത്തരം എഴുതിത്തള്ളൽ കടം വാങ്ങിയവരെ ബാധ്യതയിൽ നിന്ന് ഒഴിവാക്കുന്നില്ല. മറിച്ച് ബാങ്കുകളുടെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. അതിനാൽ ഇത് കടം വാങ്ങുന്നയാൾക്ക് പ്രയോജനം ചെയ്യില്ല. ബാങ്കുകൾ വീണ്ടെടുക്കൽ നടപടികൾ തുടരും. റിക്കവറി രീതികളിൽ സിവിൽ കോടതികൾ, ഡെബിറ്റ് റിക്കവറി ട്രിബ്യൂണൽ, ഫിനാൻഷ്യൽ അസറ്റുകളുടെ സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ, 2002 ലെ സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്റ്റ് എൻഫോഴ്സ്മെന്റ്, പാപ്പരത്വത്തിന് കീഴിൽ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ നടപടികൾ എന്നിവ ഉൾപ്പെടുന്നു.

Written By
Businesskerala

Leave a Reply

Your email address will not be published. Required fields are marked *