Mudra Loan; മുദ്ര വായ്പയിലൂടെ ഇതുവരെ അനുവദിച്ചത് 33 ലക്ഷം കോടി

mudra loan; മുദ്ര യോജനയ്ക്ക് കീഴിൽ അനുവദിച്ചത് 33 ലക്ഷം കോടിയിലധികം രൂപയുടെ ഈടില്ലാത്ത വായ്പകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിരവധി വ്യക്തികൾക്ക് ഈ വായ്പകൾ അവരുടെ സംരംഭക കഴിവുകൾ പ്രകടിപ്പിക്കാൻ പ്രാപ്തമാക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ) പദ്ധതിയുടെ പത്താം വാർഷികത്തിൽ തന്റെ വസതിയിൽ പദ്ധതിയുടെ തിരഞ്ഞെടുത്ത ഗുണഭോക്താക്കളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ യുവാക്കൾക്കിടയിൽ സംരംഭകത്വ മനോഭാവം വളർത്തിയെടുക്കാനും തൊഴിൽ അന്വേഷകരേക്കാൾ തൊഴിൽ ദാതാക്കളാകാനുള്ള ആത്മവിശ്വാസം നൽകാനും പദ്ധതി സഹായിച്ചിട്ടുണ്ട്. ഫണ്ട് ഇല്ലാത്തവർക്ക് ധനസഹായം നൽകുക എന്ന ലക്ഷ്യത്തോടെ 2015 ഏപ്രിൽ 8 നാണ് പിഎംഎംവൈ ആരംഭിച്ചത്. മുദ്ര ഗുണഭോക്താക്കളിൽ പകുതിയും എസ്സി, എസ്ടി, ഒബിസി സമുദായങ്ങളിൽപ്പെട്ടവരാണെന്നും 70 ശതമാനത്തിലധികം ഗുണഭോക്താക്കളും സ്ത്രീകളാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഓരോ മുദ്ര വായ്പയും അന്തസ്സും, ആത്മാഭിമാനവും, അവസരവും നൽകുന്നു. കൂടാതെ പദ്ധതി സാമ്പത്തിക സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. മുദ്ര പദ്ധതിയിലാണ് ഏറ്റവും കൂടുതൽ സ്ത്രീകൾ മുന്നോട്ട് വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതൽ വായ്പകൾക്ക് അപേക്ഷിച്ചതും, ഏറ്റവും കൂടുതൽ വായ്പ ലഭിച്ചതും, ഏറ്റവും വേഗത്തിൽ തിരിച്ചടയ്ക്കുന്നതും സ്ത്രീകളാണ്. പദ്ധതി പുനഃപരിശോധിക്കുമെന്നും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. വരും കാലങ്ങളിലും, എല്ലാ സംരംഭകർക്കും വായ്പ ലഭ്യമാകുന്ന തരത്തിൽ ആത്മവിശ്വാസവും വളരാനുള്ള അവസരവും നൽകുന്ന ശക്തമായ ഒരു ആവാസവ്യവസ്ഥ ഉറപ്പാക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിഎംഎംവൈ പ്രകാരം, ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ, റീജിയണൽ റൂറൽ ബാങ്കുകൾ (ആർആർബി), ചെറുകിട ധനകാര്യ ബാങ്കുകൾ (എസ്എഫ്ബി), ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ (എൻബിഎഫ്സി), മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ (എംഎഫ്ഐ) തുടങ്ങിയ വായ്പാ സ്ഥാപനങ്ങൾ (എംഎൽഐ) 20 ലക്ഷം രൂപ വരെയുള്ള കൊളാറ്ററൽ രഹിത വായ്പകൾ നൽകുന്നു. ഉൽപ്പാദനം, വ്യാപാരം, സേവന മേഖലകളിലെ വരുമാനം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾക്കും കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമാണ് വായ്പ നൽകുന്നത്.