Bright Business Kerala

LATEST NEWS

കേരളത്തിന്റെ ആരോഗ്യ-സാമൂഹിക വികസനത്തിന് പൂർണ്ണ പിന്തുണയുമായി ആസ്റ്റർ;മുഖ്യമന്ത്രിയുമായി ഡോ. ആസാദ് മൂപ്പൻ കൂടിക്കാഴ്ച നടത്തി

കേരളത്തിന്റെ ആരോഗ്യ-സാമൂഹിക വികസനത്തിന് പൂർണ്ണ പിന്തുണയുമായി ആസ്റ്റർ;മുഖ്യമന്ത്രിയുമായി ഡോ. ആസാദ് മൂപ്പൻ കൂടിക്കാഴ്ച നടത്തി
  • PublishedJune 24, 2026

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലവസര സൃഷ്ടി, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക ക്ഷേമം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് പുരോഗമനപരവും വികസനോന്മുഖവുമായ ബജറ്റ് അവതരിപ്പിച്ചതിന് അദ്ദേഹം മുഖ്യമന്ത്രിയെ അഭിനന്ദിച്ചു. സംസ്ഥാനത്തുടനീളം ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ, മെഡിക്കൽ വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിലവസരങ്ങൾ, ഹെൽത്ത് കെയർ ടെക്നോളജി, മെഡിക്കൽ ടൂറിസം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളെ കുറിച്ചും ചർച്ച ചെയ്തു.

ആസ്റ്ററിന്റെ പ്രയാണത്തിൽ കേരളത്തിന് എപ്പോഴും സവിശേഷമായ സ്ഥാനമാനുള്ളതെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി. തങ്ങളുടെ ഏറ്റവും തന്ത്രപ്രധാനമായ വിപണികളിലൊന്നാണിതെന്നും ഇന്ത്യയിലും ലോകമെമ്പാടും ആദരിക്കപ്പെടുന്ന, അത്യന്തം വൈദഗ്ധ്യമുള്ള ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും ഉണ്ടെന്നത്‌ കേരളത്തിൻ്റെ വലിയ നേട്ടമാണെന്നും
ഇന്ത്യയിലെ പ്രമുഖ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലൊന്നായി കേരളത്തെ മാറ്റുകയെന്ന സർക്കാരിന്റെ ലക്ഷ്യത്തിൽ പങ്കാളികളാകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യ സംരക്ഷണ മേഖലയുടെ പുരോഗതി

ആസ്റ്ററും ക്വാളിറ്റി കെയർ ഇന്ത്യയും തമ്മിലുള്ള ലയനത്തോടെ, ഈ സംയുക്ത ശൃംഖലയ്ക്ക് കീഴിൽ കേരളത്തിൽ 4,575 കിടക്കകളുള്ള 11 ആശുപത്രികൾ പ്രവർത്തിക്കും. ഇത് അത്യാധുനിക ടെർഷ്യറി, ക്വാട്ടേണറി പരിചരണ സേവനങ്ങൾ നൽകിക്കൊണ്ട് ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തമായ ആരോഗ്യ ശൃംഖലകളിലൊന്നാകും. വരും വർഷങ്ങളിൽ കേരളത്തിൽ പുതുതായി 1,315 കിടക്കകൾ കൂടി കൂട്ടിച്ചേർക്കുന്നതിനായി 1,661 കോടി രൂപയുടെ അധിക നിക്ഷേപം നടത്താനും പദ്ധതിയുണ്ട്‌. നിലവിൽ 18,400-ലധികം ആരോഗ്യ പ്രവർത്തകർക്ക് തൊഴിൽ നൽകുന്ന ഗ്രൂപ്പ്, 7,900-ഓളം അധിക തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കും. ഇത് കേരളത്തിന്റെ ആരോഗ്യ പരിപാലന ശേഷിക്കും സാമ്പത്തിക വളർച്ചയ്ക്കും സംഭാവന നൽകും. ആസ്‌റ്റർ കേരളത്തിൽ 834 കിടക്കകൾ കൂട്ടിച്ചേർക്കാൻ പദ്ധതിയിടുന്നുണ്ട്. തിരുവനന്തപുരത്ത് ഉടൻ യാഥാർത്ഥ്യമാകുന്ന 454 കിടക്കകളുള്ള ആസ്റ്റർ ആശുപത്രി ഉൾപ്പെടെയാണിത്‌. ഇത് തെക്കൻ കേരളത്തിലെ അത്യാധുനിക ചികിൽസാ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും.

ജീവകാരുണ്യ പ്രവർത്തനങ്ങളും കമ്മ്യൂണിറ്റി കെയറും

ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക ക്ഷേമ പദ്ധതികൾ എന്നിവയിലൂടെ ദുർബല വിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ആസ്റ്ററിന്റെ പ്രതിബദ്ധതയും ഡോ. മൂപ്പൻ ആവർത്തിച്ചു. വയനാട്ടിലുണ്ടായ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെയുള്ള ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങളിൽ ‘ആസ്റ്റർ വോളന്റിയർമാർ’ സജീവ പങ്കുവഹിച്ചിരുന്നു. കമ്മ്യൂണിറ്റി വികസന, പുനരധിവാസ പ്രവർത്തനങ്ങൾക്ക് കാർഷിക വികസന കമ്മ്യൂണിറ്റി വികസന മന്ത്രി ‌ടി. സിദ്ദിഖ് നൽകിയ പിന്തുണയ്ക്കും താല്പര്യത്തിനും ഡോ. ആസാദ് മൂപ്പൻ നന്ദി അറിയിച്ചു.

ആസ്റ്റർ കാൻസർ കെയർ ഇനിഷ്യേറ്റീവ്

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അത്യാധുനിക കാൻസർ ചികിത്സയ്‌ക്കായി സ്ഥാപിക്കുന്ന ആസ്റ്ററിന്റെ ചരിത്രപരമായ 120 കോടി രൂപയുടെ കാൻസർ കെയർ സി.എസ്.ആർ പ്രോഗ്രാമിനെക്കുറിച്ചും ഡോ. മൂപ്പൻ വിശദീകരിച്ചു. ഈ പദ്ധതിക്ക് കീഴിലുള്ള ആദ്യ പ്രൊജക്റ്റ് വയനാട്ടിലെ അത്യാധുനിക ലീനിയർ ആക്സിലറേറ്ററിന്റെ സ്ഥാപനമാണ്. ഇതിലൂടെ പിന്നാക്ക മേഖലകളിൽ നിന്നുള്ള രോഗികൾക്ക് മെച്ചപ്പെട്ട റേഡിയേഷൻ തെറാപ്പി ലഭ്യമാകും. ആയിരക്കണക്കിന് കാൻസർ രോഗികൾക്ക് ഈ പദ്ധതി വലിയ അനുഗ്രഹമാകും. കേരളത്തിന്റെ ആരോഗ്യ-സാമൂഹിക വികസന മേഖലകളെ ശക്തിപ്പെടുത്തുന്നതിൽ മുഖ്യമന്ത്രി കാണിക്കുന്ന ശ്രദ്ധയ്ക്കും ഡോ. ആസാദ് മൂപ്പൻ നന്ദി അറിയിച്ചു.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *