കേരള ട്രാവല്‍ മാര്‍ട്ട് 2026 പ്രദര്‍ശനം തുടരുന്നു
- PublishedSeptember 26, 2026
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം-വാണിജ്യ മേളയായ കേരള ട്രാവൽ മാർട്ട് 2026 കൊച്ചിയിൽ പ്രദര്‍ശനം തുടരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 3,000ത്തിലധികം ബയർമാരാണ് ഇത്തവണത്തെ കെ.ടി.എമ്മിൽ പങ്കെടുക്കുന്നത്. ദേശീയ-അന്തർദേശീയ മാധ്യമപ്രവർത്തകരുടെ വലിയ പങ്കാളിത്തവും ഇത്തവണത്തെ കെ.ടി.എമ്മിന്റെ പ്രത്യേകതയാണ്. കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററുകളിലാണ് കെ.ടി.എമ്മിന്റെ പ്രധാന ബിസിനസ് കൂടിക്കാഴ്ചകളും സെമിനാറുകളും നടക്കുന്നത്. പ്രദർശനം നാളെ സമാപിക്കും.
കഴിഞ്ഞ ദിവസം ബോൾഗാട്ടിയിലെ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ കേരള ട്രാവൽ മാർട്ട് 2026 ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എക്സൈസ്-സഹകരണ മന്ത്രി എം. ലിജു മുഖ്യാതിഥിയായി.
കേരളത്തിന്റെ ഭാവി വികസനത്തിൽ ടൂറിസത്തിന് പ്രധാന സ്ഥാനമാണുള്ളതെന്ന് മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം, പശ്ചിമഘട്ടം, ജൈവവൈവിധ്യം, വനമേഖലകൾ, കടൽത്തീരം, നദികൾ, സാംസ്കാരിക പൈതൃകം എന്നിവ ലോകത്തിന് മുന്നിൽ കൂടുതൽ ശക്തമായി അവതരിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസം വികസനത്തിന്റെ ഭാഗമായി പോർട്ട് ടൂറിസത്തിനും ക്രൂയിസ് ടൂറിസത്തിനും പ്രത്യേക പ്രാധാന്യം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൊച്ചി തുറമുഖത്ത് ക്രൂയിസ് ടെർമിനൽ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കോഴിക്കോട്-വിഴിഞ്ഞം മേഖലകളിലും ക്രൂയിസ് ടൂറിസം വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊച്ചിയിൽ നിന്ന് ദുബായ്, ഗോവ, മാലിദ്വീപ്, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ക്രൂയിസ് സർവീസുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതകളും സർക്കാർ പരിശോധിക്കുന്നുണ്ട്. രണ്ടാം ഘട്ടത്തിൽ കേരളത്തിലെ 44 നദികളുമായി ക്രൂയിസ് ടൂറിസത്തെ ബന്ധിപ്പിക്കുന്ന പദ്ധതിയും ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ ഒരു പ്രധാന ഏവിയേഷൻ ഹബ്ബാക്കി മാറ്റുന്നതിനുള്ള പദ്ധതികളും സർക്കാർ മുന്നോട്ടുവയ്ക്കുന്നുണ്ട്. കൊച്ചി വിമാനത്താവളത്തിന് സമീപം അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ഗ്ലോബൽ കൺവെൻഷൻ സെന്റർ വികസിപ്പിക്കാനും പദ്ധതിയുണ്ട്. കൊച്ചിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഓഷ്യനേറിയം ആരംഭിക്കും. മുസിരിസ് ഉൾപ്പെടെയുള്ള കേരളത്തിന്റെ പുരാതന തുറമുഖങ്ങളും അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങളും ടൂറിസം വികസനത്തിന്റെ ഭാഗമായി കൂടുതൽ പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിക്ക് സമീപം പ്രഖ്യാപിച്ച ഫിലിം സിറ്റിയും കേരളത്തിലെ ടൂറിസം അനുഭവങ്ങളുടെ ഭാഗമാക്കും. കേരളത്തിലെത്തുന്ന സഞ്ചാരികൾ കുറഞ്ഞത് ഏഴ് ദിവസം സംസ്ഥാനത്ത് ചെലവഴിക്കുന്ന തരത്തിൽ വിവിധ ടൂറിസം ഡെസ്റ്റിനേഷനുകളെ ബന്ധിപ്പിച്ചുള്ള പദ്ധതികളും സർക്കാർ ആവിഷ്കരിക്കുന്നുണ്ട്.മുഖ്യമന്ത്രി പറഞ്ഞു. 2025ൽ കേരളത്തിലെത്തിയ വിദേശ സഞ്ചാരികളുടെ എണ്ണം 8.2 ലക്ഷമായിരുന്നുവെന്നും , ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 2.5 കോടിയിലധികമായിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. വരും വർഷങ്ങളിൽ വിദേശ സഞ്ചാരികളുടെ എണ്ണം 50 ലക്ഷമായും ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 10 കോടിയായും ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
