ഒരു മാസത്തിനുള്ളിൽ 50,000-ത്തിലധികം സ്ത്രീകൾ ചേർന്ന എൽഐസിയുടെ പുത്തൻ പദ്ധതികൾ

രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷുറൻസ് കമ്പനിയായ എൽഐസി അടുത്തിടെ ആരംഭിച്ച ബീമാ സഖി പദ്ധതിയിൽ ഒരു മാസത്തിനുള്ളിൽ സ്വയം രജിസ്റ്റർ ചെയ്തത് 50,000-ത്തിലധികം സ്ത്രീകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം ഡിസംബർ 9 ന് ഹരിയാനയിലെ പാനിപ്പത്തിൽ നിന്നാണ് എൽഐസി ബീമാ സഖി പദ്ധതിക്ക് തുടക്കമിട്ടത്. ഒരു മാസത്തിനുള്ളിൽ 52,511 സ്ത്രീകൾ സ്വയം രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇതിൽ 27,000-ത്തിലധികം സ്ത്രീകൾക്ക് മുഴുവൻ നടപടിക്രമങ്ങൾക്കും ശേഷം നിയമന കത്തുകളും അയച്ചിട്ടുണ്ട്. ബീമാ സഖി യോജനയ്ക്ക് കീഴിൽ, സ്ത്രീകൾക്ക് എൽഐസി ഏജന്റാകാൻ പൂർണ്ണ പരിശീലനം നൽകി വരികയായാണ്. ഇതോടൊപ്പം എല്ലാ മാസവും 5000 മുതൽ 7000 രൂപ വരെ നൽകുന്നുണ്ട്. പദ്ധതിയിൽ പരിശീലനം നേടുന്ന സ്ത്രീകൾക്ക് ആദ്യ വർഷം 7,000 രൂപയും രണ്ടാം വർഷം 6,000 രൂപയും മൂന്നാം വർഷം 5,000 രൂപയും പ്രതിമാസ അലവൻസ് നൽകാനും വ്യവസ്ഥയുണ്ട്.
ഈ പദ്ധതി സ്‌റ്റൈപ്പൻഡ് അടിസ്ഥാനമാക്കിയുള്ളതാണ്. ലക്ഷ്യം നേടുന്ന സ്ത്രീകൾക്ക് കമ്മീഷൻ അടിസ്ഥാനമാക്കിയുള്ള ഇൻസെന്റീവ് നൽകാനുള്ള സൗകര്യവും ഒരുക്കിയട്ടുണ്ട്. സ്‌റ്റൈപ്പൻഡ് സ്‌കീമിന് കീഴിൽ 3 വർഷത്തെ പരിശീലനം ലഭ്യമാണ്. മൂന്ന് വർഷത്തേക്ക് എൽഐസി ഏജന്റുമാരാകാനുള്ള പരിശീലനം നൽകുകയും തുടക്കത്തിൽ തന്നെ ചില പോളിസികൾക്ക് ടാർഗെറ്റ് നൽകുകയും സ്‌റ്റൈപ്പൻഡ് നൽകുകയും ചെയ്യുന്നു.എൽഐസിയുടെ ഈ സ്‌കീമിൽ ചേരുന്നത് എളുപ്പമാണ്, നിങ്ങൾക്ക് ഓൺലൈനായി ബീമാ സഖി സ്‌കീമിന് അപേക്ഷിക്കാം, അല്ലെങ്കിൽ അടുത്തുള്ള ബ്രാഞ്ച് സന്ദർശിച്ചും അപേക്ഷിക്കാം. ഈ പദ്ധതിയിൽ ചേരാൻ സ്ത്രീക്ക് പ്രായ സർട്ടിഫിക്കറ്റ്, റസിഡൻസ് സർട്ടിഫിക്കറ്റ്, പത്താം ക്ലാസ് പാസായതിൻ്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ ഉണ്ടായിരിക്കണം.