2025 ജെൻ ബീറ്റയുടെ കാലം…

2025 പുതിയൊരു വർഷം മാത്രമല്ല, പുതിയൊരു തലമുറയെ കൂടിയാണ് വരവേൽക്കുന്നത്. ജെൻ ബീറ്റ എന്നറിയപ്പെടുന്ന ഈ പുത്തൻ തലമുറയുടെ പ്രത്യേകതകൾ അറിഞ്ഞാലോ… 2025 ജനുവരി 1 മുതൽ ജനിക്കുന്ന കുട്ടികളെ ജനറേഷൻ ബീറ്റ (Gen Beta) എന്നറിയപ്പെടും. 22-ാം നൂറ്റാണ്ടിലെ ലോകത്തെ രൂപപ്പെടുത്തുന്നതിൽ ഇവർ നിർണായക പങ്ക് വഹിക്കുമെന്ന് ഗവേഷകർ പറയുന്നു. പൊതുവായ സാമൂഹികവും ചരിത്രപരവുമായ അനുഭവങ്ങൾ പങ്കിടുകയും ഒരേ സമയം ജീവിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകളെയാണ് ഒരു തലമുറയെന്ന് വിശേഷിപ്പിക്കുന്നത്.
നിങ്ങൾ ഏത് ജനറേഷനാണ് ?
1928 മുതൽ 1945 വരെ ഉള്ള കാലഘട്ടത്തിൽ ജനിച്ചവർ സൈലന്റ് ജനറേഷൻ അഥവാ നിശ്ശബ്ദ തലമുറയുടെ ഭാഗമായിരുന്നു. മഹാമാന്ദ്യത്തിന്റെയും രണ്ടാം ലോക മഹായുദ്ധത്തിന്റെയും സമയത്തിലൂടെ കടന്നു പോയ ഇവർക്ക് ടെക്നോളജിയുമായി വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല.1946 മുതൽ 1964 വരെയുള്ള കാലഘട്ടം ബേബി ബൂമേഴ്സിന്റേതാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള കാലത്താണ് ഇവർ ജനിച്ചത്. സാമ്പത്തിക കുതിച്ചു ചാട്ടമുണ്ടായ ആ കാലത്ത് വലിയ ജനസംഖ്യാ വർദ്ധനവാണ് ഉണ്ടായത്. ടിവിയുടെ ആവിർഭാവത്തിനും ചന്ദ്രനിൽ ഇറങ്ങിയതിനും കമ്പ്യൂട്ടർ യുഗത്തിന്റെ തുടക്കത്തിനും ഇവർ സാക്ഷിയായി. സാങ്കേതിക വിദ്യകളുമായി പൊരുത്തപ്പെടാൻ ഇവർക്ക് കഴിഞ്ഞില്ല. 1997 മുതൽ 2012 വരെ ജനിച്ച തലമുറ ജനറേഷൻ ഇസഡ് എന്നാണ് അറിയപ്പെടുന്നത്.ജെൻസീ എന്നും സെന്റെനിയൽസ് എന്നും വിളിക്കപ്പെടുന്നു. ഡിജിറ്റൽ ലോകത്ത് പൂർണ്ണമായും മുഴുകി വളർന്ന ആദ്യ തലമുറ. സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നവരും സാമൂഹിക ബോധമുള്ളവരും. ആഗോളതലത്തിലാണ് ഇവരുടെ കാഴ്ചപ്പാട്.
2013 മുതൽ 2024 വരെയുള്ള സമയത്ത് ജനിച്ചവർ ജനറേഷൻ ആൽഫ എന്നാണ് അറിയപ്പെടുന്നത്… നിലവിലുള്ള തലമുറ. വളരെ പെട്ടെന്ന് തന്നെ സാങ്കേതികമാറ്റങ്ങൾ നടക്കുന്ന ഒരു ലോകത്താണ് ഇവർ ജനിച്ചത്. ജനിച്ചപ്പോൾ മുതൽ മൊബൈൽ ഫോണും എ ഐ വിർച്വൽ റിയാലിറ്റിയുമെല്ലാം ഉപയോഗിക്കുന്നു. ഇതുവരെയുള്ള തലമുറയിൽ വെച്ച് ഏറ്റവും വിദ്യഭ്യാസ സമ്പന്നരും സാങ്കേതിക വിദ്യയുള്ള തലമുറയും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓൺലൈൻ പഠനം സാധ്യമാക്കിയവർ..
മനുഷ്യ ചരിത്രത്തിലെ യുഗങ്ങളെ സൂചിപ്പിക്കാൻ ഗ്രീക്ക് അക്ഷരമാലയിൽ നിന്ന് പേരുകൾ എടുക്കുന്ന ഒരു പതിവുണ്ട്. അതനുസരിച്ച് Gen Z (1996-2010 നുമിടയിൽ ജനിച്ചവർ), മില്ലേനിയൽസ് (1981-1996), Gen Alpha ( 2010, 2024) എന്നീ തലമുറകളാണ് ഉള്ളത്. ഇവരുടെ പിൻഗാമിയാണ് ജെൻ ബീറ്റ.
ഡിജിറ്റൽ ലോകത്തിൽ ജനിച്ചു വളരുന്ന ഇവർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി തുടങ്ങിയ സങ്കേതിക വിദ്യകളുമായി അടുത്ത ബന്ധം പുലർത്തും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും സ്മാർട്ട് ടെക്നോളജിയും ആൽഫ ജനറേഷൻ അനുഭവിച്ചിട്ടുണ്ടെങ്കിലും എഐ, ഓട്ടോമേഷൻ എന്നിവ ദൈനംദിന ജീവിതത്തിൽ പൂർണ്ണമായി ഉൾപ്പെടുത്തുന്ന കാലഘട്ടം ജനറേഷൻ ബീറ്റ തന്നെയായിരിക്കും. ആരോഗ്യ സംരക്ഷണത്തിലും സാങ്കേതിക വിദ്യയിലും കൂടുതൽ പുരോഗതി കൈവരിക്കുന്നതിലൂടെ ഈ കാലയളവിൽ ജനിക്കുന്ന കുട്ടികൾക്ക് ആയുസ്സ് കൂടുതലായിരിക്കും.
കാലാവസ്ഥാ വ്യതിയാനം, ആഗോള ജനസംഖ്യാ വ്യതിയാനം, നഗരവൽക്കരണം തുടങ്ങിയ പ്രശ്നങ്ങൾ വലിയ രീതിയിൽ ജനറേഷൻ ബീറ്റ നേരിടേണ്ടി വരും. ഒപ്പം 21-ാം നൂറ്റാണ്ടിലെ പാരിസ്ഥിതിക ആശങ്കകൾക്ക് പരിഹാരം കണ്ടെത്താനുള്ള ചുമതലയും ജനറേഷൻ ബീറ്റയുടേതാണ്.