ഭക്ഷ്യ, മൈക്രോബയോളജി ലാബുമായി ഗോദ്‌റെജ്

ഗോദ്‌റെജ് ഗ്രൂപ്പിന്റെ അപ്ലയൻസസ് ബിസിനസ് വിഭാഗമായ ഗോദ്‌റെജ് ആൻഡ് ബോയ്‌സ് ഭക്ഷ്യ, മൈക്രോബയോളജി ലാബ് അവതരിപ്പിച്ചു. ഭക്ഷണത്തിന്റെ സ്വഭാവം, സംരക്ഷണ രീതികൾ, ശുചിത്വ ഘടകങ്ങൾ എന്നിവ ശാസ്ത്രീയമായി പഠിക്കാൻ ഈ സൗകര്യം ഗോദ്‌റെജിനെ സഹായിക്കുന്നു. പിഎച്ച് ലെവലുകൾ, പാകമാകുന്ന വിവിധ ഘട്ടങ്ങൾ, ഈർപ്പ നിയന്ത്രണം, രുചി, ഘടന, രൂപം, സൂക്ഷ്മജീവികളുടെ പ്രവർത്തനം തുടങ്ങി വൈവിധ്യമാർന്ന ശാസ്ത്രീയ അളവുകൾ വിലയിരുത്താൻ സജ്ജമായ ഈ ലാബ് ഉൽപ്പന്ന ശേഷി വർദ്ധിപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു.
ആധുനിക ജീവിതശൈലി, മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ ശീലങ്ങൾ, ആരോഗ്യത്തെപ്പറ്റി ബോധ്യമുള്ള തിരഞ്ഞെടുപ്പുകൾ എന്നിവയ്ക്ക് അനുയോജ്യമായതും ലോക ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചും ഉപകരണങ്ങൾ വികസിപ്പിക്കാനുള്ള ശാസ്ത്രീയ ഗവേഷണങ്ങളെ തടസമില്ലാതെ ഇത് സംയോജിപ്പിക്കുന്നു. ഭക്ഷ്യ ശാസ്ത്രജ്ഞരും മൈക്രോബയോളജിസ്റ്റുകളും അടങ്ങുന്ന ഒരു സംഘം നിയന്ത്രിക്കുകയും, അപ്ലയൻസസ് ബിസിനസ് ഇന്നൊവേഷൻ മേധാവി മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന ഈ ലാബ് ദൈനംദിന ജീവിതത്തെ മെച്ചപ്പെടുത്തുന്ന പരിഹാരങ്ങൾക്കായി സമർപ്പിച്ചിരിക്കുന്നു. ഭക്ഷ്യ, മൈക്രോബയോളജി ലാബ് റഫ്രിജറേറ്റർ, മൈക്രോവേവ് ഓവൻ തുടങ്ങിയ വിഭാഗങ്ങളെ പിന്തുണയ്ക്കുന്നു. എയർ-കണ്ടീഷനിങ്, റഫ്രിജറേഷൻ തുടങ്ങിയ കൂളിങ് അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങൾ മുതൽ ക്ലീനിങ് വിഭാഗങ്ങളായ വാഷിങ് മെഷീനുകൾക്കുവരെ മൈക്രോബയോളജി അടിസ്ഥാനമാക്കിയുള്ള ഗവേഷണങ്ങളിലൂടെ പിന്തുണ നൽകുന്നതിനും ആലോചനയുണ്ട്.