ആപ്പിളിന്റെയും സാംസങിന്റെയും ഫോണുകളും മറ്റു ഉപകരണങ്ങളുമാണോ കൈവശമിരിക്കുന്നത്?. എങ്കിൽ ഓഎസും സുരക്ഷാ സംവിധാനങ്ങളും എത്രയും വേഗം അപ്ഡേറ്റ് ചെയ്യാൻ ശ്രദ്ധിക്കണേ. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ നോഡൽ ഏജൻസിയായ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി ടീം അഥവാ സെർട് ഇൻ ഉപയോക്താക്കൾക്കു ഹൈ റിസ്ക് അലർട്ട് നല്‍കിയിരിക്കുകയാണ്. ഡാറ്റയും ഉപകരണവും പ്രശ്നത്തിലാകുന്ന ചില പിഴവുകള്‍ കണ്ടെത്തിയിരിക്കുന്നുവത്രെ.
ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് (CERT-In)ടീമിന്റെ റിപ്പോര്‍ട്ട് പ്രകാരം, ആപ്പിൾ (Apple) ഉപകരണങ്ങളിൽ ഉപയോക്താക്കളുടെ സെൻസിറ്റീവ് വിവരങ്ങൾ ആക്സസ് ചെയ്യാൻ ഹാക്കർമാരെ അനുവദിക്കുന്ന നിരവധി പിഴവുകൾ ഉണ്ട്. ഐഓഎസ്, ഐപാഡ്ഓസ്, മാക്ഒഎസ്, ടിവിഓഎസ്, വാച്ച്ഓഎസ്, സഫാരി ബ്രൗസർ എന്നിവയെയായിരിക്കും ബാധിക്കുക.
ഉപയോക്താക്കൾ അവരുടെ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ, പ്രത്യേകിച്ച് വെബ് ബ്രൗസ് ചെയ്യുമ്പോഴോ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോഴോ അറ്റാച്ച്മെന്റുകൾ തുറക്കുമ്പോഴോ ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുന്നു.
ഉപകരണങ്ങളിൽ എന്തെങ്കിലും സംശയാസ്പദമായ പ്രവർത്തനമോ സന്ദേശങ്ങളോ ഉണ്ടോയെന്നും ശ്രദ്ധിക്കണം. ഈ ഉപകരണങ്ങളിലേതെങ്കിലും അപ്ഡേറ്റ് ഉണ്ടെങ്കിൽ, പുതിയ പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നത് ഉറപ്പാക്കുക, കാരണം അതിൽ നിർണായകമായ സുരക്ഷാ പാച്ചുകൾ അടങ്ങിയിരിക്കാം. അതേപോലെ സാംസങിന്റെയും പഴയതും പുതിയതുമായ നിരവധി മോഡലുകളിലും സുരക്ഷാപ്രശ്നങ്ങൾ നിലനിൽക്കുന്നു.
ഓഎസ് എത്രയും വേഗം അപ്ഡേറ്റ് ചെയ്യണമെന്ന മുന്നറിയിപ്പാണ് സെർട് ഇന്‍ ടിം നൽകുന്നത്. സെൻസിറ്റീവ് വിവരങ്ങൾ ആക്സസ് ചെയ്യാനും ടാർഗെറ്റുചെയ്ത ഡിവൈസിൽ കോഡ് നടപ്പിലാക്കാനും ആക്രമണകാരിയെ അനുവദിക്കുന്ന രീതിയിലുള്ള പിഴവുകളാണ് സാംസങ് ആൻഡ്രോയിഡ് പതിപ്പുകളിലുള്ളത്. ആപ്പിളും സാംസങ്ങും സാങ്കേതിക ലോകത്തെ ഏറ്റവും വിശ്വസനീയമായ സ്മാർട്ട്ഫോൺ ബ്രാൻഡുകളിലൊന്നാണെങ്കിലും, അവ സൈബർ ആക്രമണങ്ങളിൽ നിന്നു മുക്തമല്ല. ഉപയോക്താക്കൾ എപ്പോഴും ജാഗരൂകരായിരിക്കണം കൂടാതെ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ച് ബോധവാന്മാരായിരിക്കണം.