Bright Business Kerala

BUSINESS NEWS

ഇൻവെസ്റ്റ്‌ കേരള സമ്മിറ്റിലെ പ്രദർശനം

ഇൻവെസ്റ്റ്‌ കേരള സമ്മിറ്റിലെ പ്രദർശനം
  • PublishedApril 2, 2025

വ്യവസായ കേരളത്തിൻ്റെ നേർക്കാഴ്ചയായി രണ്ട് ദിവസമായി കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് മാറി. വ്യവസായ കേരളത്തിൻ്റെ കുതിപ്പും അവസരവും നിക്ഷേപ സാധ്യതയും വിളിച്ചോതി ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലെ പ്രദർശനം സമ്മിറ്റിലെ വേറിട്ട അനുഭവമായി. പരമ്പരാഗത വ്യവസായങ്ങൾ മുതൽ നാളെയുടെ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ നൂതന സ്റ്റാർട്ടപ്പുകളും അഭിമാന സ്തംഭങ്ങളായ വൻകിട വ്യവസായങ്ങൾ വരെ ആകർഷകമായ പ്രദർശനത്തിൽ ഉൾപ്പെടുന്നു. ആകെ 105 പ്രദർശന സ്റ്റാളുകളാണ് ലുലു ബോൾഗാട്ടി ഇൻറർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ദ്വിദിന ഉച്ചകോടിയിൽ ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ, സംസ്ഥാന മന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. കേരളത്തിൻ്റെ വ്യവസായ മേഖലയിലെ 22 മുൻഗണനാ മേഖലകളെ പ്രത്യേകം എടുത്തു കാട്ടുന്ന പ്രദർശനം വൈവിധ്യം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധയാകർഷിക്കുന്നു. നിക്ഷേപക സമൂഹത്തിൻ്റെ പ്രതീക്ഷയ്ക്കൊത്ത് വ്യവസായ കേരളം എന്താണെന്ന് കാട്ടിത്തരുന്ന പ്രദർശനമാണ് ഇൻവെസ്റ്റ് കേരളയിൽ ഒരുക്കിയിട്ടുള്ളതെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായ സൗഹൃദ നയത്തിൽ സംസ്ഥാനം എത്രകണ്ട് മുന്നോട്ടു പോയി എന്നതിൻ്റെ പ്രതിഫലനമാണിതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിൻറെ വ്യവസായ മുന്നേറ്റത്തിൻ്റെ ചാലക ശക്തിയായ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങളിൽ ഭക്ഷ്യസംസ്ക്കരണം, ഉത്പാദനമേഖല, റബ്ബർ എന്നിവ ഉൾപ്പെട്ടിരിക്കുന്നു. ആയുർവേദ-സൗഖ്യചികിത്സാ മേഖലയിലും വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. എണ്ണത്തോണി, ആയുർവേദ യാത്രാ കിറ്റ്, ആരോഗ്യസംരക്ഷണ ഭക്ഷ്യോത്പന്നങ്ങൾ എന്നിവ പ്രദർശിപ്പിച്ചിട്ടുണ്ട്.

രാജ്യത്തിൻ്റെ അഭിമാനമായ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിൻ്റെ മാതൃകയാണ് കൊച്ചിൻ ഷിപ്പ് യാർഡിൻ്റെ പവലിയനിൽ കാഴ്ചക്കാരെ സ്വീകരിക്കുന്നത്. ഇതിനു പുറമെ രാജ്യത്തെ ആദ്യ വാട്ടർ മെട്രോയുടെ മാതൃകയും ഒരുക്കിയിരിക്കുന്നു. വിഴിഞ്ഞം തുറമുഖത്തിൻ്റെ സാധ്യതകളും അവസരങ്ങളും പ്രത്യേക സ്റ്റാളിൽ പ്രദർശനത്തിനുണ്ട്. ആലപ്പുഴയിലെ സ്വകാര്യമേഖലയിലുള്ള സമുദ്ര ഷിപ്പ് യാർഡിൻ്റെ സ്റ്റാളും ഈ മേഖലയിലെ സംസ്ഥാനത്തിൻ്റെ നിക്ഷേപസാധ്യതകൾ അറിയിക്കുന്നു.

പ്രതിരോധ സാങ്കേതികവിദ്യയിൽ ഏറെ സങ്കീർണമായ പ്രക്രിയയായിരുന്നു ബ്രഹ്മോസ് സൂപ്പർസോണിക് മിസൈൽ സുഖോയ്- 30 പോർവിമാനത്തിൽ ഘടിപ്പിക്കുകയെന്നത്. ഇത് സാധ്യമാക്കിയ തിരുവനന്തപുരത്തെ ബ്രഹ്മോസ് കേന്ദ്രത്തിൻ്റെ പ്രദർശനം രാജ്യത്തിൻ്റെ അഭിമാന നേട്ടം വിവരിക്കുന്നതാണ്. സംസ്ഥാന സർക്കാരിൻ്റെ സ്ഥാപനങ്ങളായ കേരള കയർ കോർപറേഷൻ, കെൽട്രോൺ, കേരള സംസ്ഥാന ബാംബൂ മിഷൻ, ഹാൻടെക്സ്, ഖാദി, കശുവണ്ടി വികസന കോർപറേഷൻ, കേരള സോപ്സ്, കെഫോൺ എന്നിവയുടെ പ്രദർശനം പൊതുമേഖലാ സ്ഥാപനങ്ങളുടെ കരുത്ത് വിളിച്ചോതുന്നു. സംസ്ഥാനത്തിൻ്റെ അഭിമാന സ്റ്റാർട്ടപ്പുകളായ ജെൻ റോബോട്ടിക്സ്, ഐറോവ് ടെക്നോളജീസ് എന്നിവയുടെ പ്രദർശനവും കൗതുകമുണർത്തുന്നതാണ്. മാൻഹോളുകൾ വൃത്തിയാക്കുന്നതിൽ ലോകത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച ബാൻഡികൂട്ട് റോബോട്ടാണ് പ്രദർശനത്തിലെ താരം. 300 മീറ്റർ ആഴത്തിൽ വരെ പോയി സമുദ്രാന്തർ ഗവേഷണം നടത്താൻ സഹായിക്കുന്ന ഡ്രോണായ ഐറോവ് ട്യൂണയും പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്. യുകെ അടക്കമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ഓർഡർ ലഭിച്ച കാർഷികാവശ്യ ഡ്രോൺ നിർമ്മാതാക്കളായ ഫ്യൂസലേജ് ഇനോവേഷനും ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും ചടുലമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ കേരളമാണെന്നതിൻ്റെ സാക്ഷ്യപത്രമാണ് പ്രദർശനത്തിലുള്ളത്. എക്സ്ആർ ഹൊറൈസൺസ്, സെൻട്രിഫ്, നാട്യ, സീപോഡ്സ്, റൂമിൻഡോ, ഡോക്കർവിഷൻ, ഭൂഷൺസ് ജൂനിയർ, ആക്രി, എൻട്രി, വെബ്സിആർഎസ്, ക്യൂഓർട്, ഡ്രിസിലിൻ, ബൻസൻ സ്റ്റുഡിയോ, പ്രോഫേസ്, ഗ്രോകോൺസ്, സിസ്റ്റ ടെക്നോളജീസ് എന്നീ സ്റ്റാർട്ടപ്പുകളാണ് സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്ത് നിന്നുള്ള ലോകോത്തര ആരോഗ്യ ഉത്പന്ന നിർമ്മാണ കമ്പനികളും പ്രദർശനത്തിലുണ്ട്. രക്തബാഗുകളും മറ്റ് ഉപകരണങ്ങളും നിർമ്മിക്കുന്ന അഗാപ്പെ, ഡെൻ്റ് കെയർ ലാബ്, നീറ്റാജെലാറ്റിൻ തുടങ്ങിയ കമ്പനികളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നു. ആസ്ട്രെക് ഇനോവേഷൻ്റെ രോഗീസഹായ റോബോട്ടും കാഴ്ചക്കാരെ ഏറെ ആകർഷിച്ചു. ചെരുപ്പ് വ്യവസായം, കയർ, പ്ലാൻറേഷൻ, ടൂറിസം, നിർമ്മാണ വ്യവസായം, ഇലക്ട്രിക്കൽ, ക്രെയിൻ നിർമ്മാതാക്കൾ, ഓട്ടോമോട്ടീവ് മേഖലകളിലെ പ്രമുഖരും പ്രദർശനമൊരുക്കിയിട്ടുണ്ടായിരുന്നു.

Written By
Businesskerala

Leave a Reply

Your email address will not be published. Required fields are marked *