gold trading; അമ്പരപ്പിച്ച് സ്വർണ്ണവില!!! ചരിത്രത്തിലെ ഏറ്റവും കൂടിയ വിലയിൽ സ്വർണ്ണ വ്യാപാരം

gold trading; സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും റെക്കോഡ് ഉയർച്ച. സ്വർണ്ണം ഗ്രാമിന് 105 രൂപ വർധിച്ച് 8,920 രൂപയിലെത്തി. പവൻ വില 840 രൂപ കൂടി 71,360 രൂപയായി. ചരിത്രത്തിൽ ആദ്യമായാണ് സ്വർണ്ണത്തിന് ഇത്രയും വില രേഖപ്പെടുത്തുന്നത്. ലൈറ്റ് വെയിറ്റ് സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 7,350 രൂപയാണ്. വെള്ളിവില ഗ്രാമിന് 108 രൂപയായി തുടരുന്നു. ഈ വിലയിൽ സ്വർണ്ണം വാങ്ങാൻ ഒരുപവൻ സ്വർണ്ണത്തിന് വില 71,360 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വർണ്ണാഭരണം വാങ്ങാൻ കൂടുതൽ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വർണത്തിലും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാൾമാർക്ക് ചാർജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേർത്ത് കൃത്യമായി പറഞ്ഞാൽ 77,229 രൂപയാകും. ലോകസാമ്പത്തിക ശക്തികളായ യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം കടുത്തതോടെ സുരക്ഷിത നിക്ഷേപ മാർഗമമെന്ന നിലയിൽ കൂടുതൽ പേർ സ്വർണ്ണത്തെ പരിഗണിക്കുന്നതാണ് വില വർധനവിനുള്ള പ്രധാന കാരണം. തീരുവ വിഷയത്തിൽ ട്രംപിന്റെ അപ്രതീക്ഷിതമായ തീരുമാനങ്ങൾ ഡോളർ വിനിമയ നിരക്കിൽ കുറവുണ്ടാക്കിയതോടെ സ്വർണ്ണ വില പിടിവിട്ടു കുതിച്ചു. കൂടുതൽ മേഖലകളിൽ തീരുവ ചുമത്താനാകുമോ എന്ന് പരിശോധിക്കാൻ ട്രംപ് ഉത്തരവിട്ടതായും റിപ്പോർട്ടുകളുണ്ട്.