Mar Baselios college; ഈ പിള്ളാര് വേറെ ലെവൽ, ഈ ഓട്ടോയിൽ പെട്രോളും കറൻ്റും പോകും

Mar Baselios college; ഇനി പെട്രോൾ ഇല്ലെങ്കിൽ ഓട്ടോറിക്ഷകൾ വഴിയിൽ കിടക്കേണ്ടി വരില്ല. വൈദ്യുതിയിലും പെട്രോളിലും ഓടുന്ന ഹൈബ്രിഡ് ഓട്ടോറിക്ഷ എംബിറ്റ്സ് എഞ്ചിനിയറിങ് കോളേജിലെ വിദ്യാർത്ഥികൾ കണ്ടുപിടിച്ചു. 15 വർഷം പിന്നിട്ട ഉപയോഗശൂന്യമായ ഓട്ടോറിക്ഷയാണ് വിദ്യാർത്ഥികളുടെ പരീക്ഷണത്തിലൂടെ ഹൈബ്രിഡ് കുട്ടപ്പനാക്കി പുതിയ രൂപത്തിലും ഭാവത്തിലുമാക്കി പുറത്തിറക്കിയത്. പെട്രോൾ തീർന്നാൽ വൈദ്യുതിയിലും വൈദ്യുതി തീർന്നാൽ പെടോളിലും അനായാസം വാഹനം ഓടിക്കാൻ സാധിക്കും. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർത്ഥികളാണ് തങ്ങളുടെ കോഴ്സ് പ്രൊജക്ടിൻ്റെ ഭാഗമായി ഹൈബ്രിഡ് ഓട്ടോറിക്ഷ രൂപകൽപ്പന ചെയ്തത്. മാനേജ്‌മെന്റ് ധനസഹായത്തോടെ ഒരുലക്ഷംരൂപ ചെലവഴിച്ച് ആറുമാസംകൊണ്ടാണ് വാഹനം നിർമിച്ചത്. ഇലക്ട്രിക് ആൻഡ് ഇലക്ടോണിക്‌സ് വിഭാഗം മേധാവി ഡോ. അരുൺ എൽദോ ഏലിയാസ്,മെക്കാനിക്കൽ വിഭാഗം ട്രേഡ് ഇൻസ്ട്രക്ടർ ബിനീഷ് ജോയി എന്നിവരുടെ മേൽനോട്ടത്തിൽ അതുൽ പി. മാണിക്കം, നിബിൻ ബിനോയ്, ഗൗതം മോഹൻ, അനന്തു അജികുമാർ, ജോയൽ ജോസ്, അലൻ ബെന്നി, മുഹമ്മദ് ബിലാൽ, മുഹമ്മദ് ഷാൽബിൻ എന്നിവരടങ്ങുന്ന വിദ്യാർഥികളാണ് ഇതിന് പിന്നിൽ. ഹൈബ്രിഡ് ഓട്ടോയുടെ കന്നിയാത്ര സാങ്കേതികശാസ്ത്ര സർവകലാശാലാ വൈസ് ചാൻസലർ ഡോ. കെ ശിവപ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു. കോളേജ് സെക്രട്ടറി ബിനോയ് തോമസ് മണ്ണഞ്ചേരി, ട്രഷറർ ബിനു കെ വർഗീസ്, ഡയറക്ടർ ഡോ. ഷാജൻ കുര്യാക്കോസ്, പ്രിൻസിപ്പൽ ഇൻ-ചാർജ് പ്രൊഫ. ജോണി ജോസഫ്, പ്രൊഫ. ലീന തോമസ്, ഡോ. അരുൺ എൽദോ ഏലിയാസ് എന്നിവർ പങ്കെടുത്തു.