KFC; ബജറ്റിനോളം വരും ഈ സ്ഥാപനങ്ങളുടെ ബിസിനസും; വിഴിഞ്ഞം പദ്ധതിക്കും കെഫ്സി പണം നൽകിയെന്ന് ധനമന്ത്രി

KFC; കെഎസ്എഫ്ഇ യും, കേരള ഫിനാൻസ് കോർപ്പറേഷനും ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ കേരളത്തിൻ്റെ ബജറ്റ് തുകയോളം വരുന്ന ബിസിനസ് ലക്ഷ്യത്തിലേക്ക് എത്തുന്നതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. കെഎസ്എഫ്ഇ അധികം വൈകാതെ തന്നെ ഒരു ലക്ഷം കോടി രൂപ എന്ന ലക്ഷ്യം കൈവരിക്കും. കേരള ഫിനാൻസ് കോർപ്പറേഷനും 10,000 കോടി രൂപയുടെ ബിസിനസ് ലക്ഷ്യമിട്ട് മുന്നേറുകയാണ്. കേരള ഫിനാൻസ് കോർപ്പറേഷൻ ലോണുകളുടെ പലിശ നിരക്ക് 11 ശതമാനത്തിൽ നിന്ന് 9 ശതമാനമായി കുറയ്കാനായത് ലോൺ വിതരണം ഉയരാനും സഹായകരമായി. വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി കേന്ദ്ര സർക്കാർ ഒരു രൂപ പോലും നൽകിയില്ലെങ്കിലും കേരള സർക്കാർ പണം കണ്ടെത്തി. രാജ്യത്തിൻ്റെ മുഴുവൻ പ്രതീക്ഷയായ വിഴിഞ്ഞം പദ്ധതിക്കായി കെഎഫ്സിക്കും നൽകാനായി ഒരു വിഹിതം. 500 രൂപ കണ്ടെത്തിയത് കേരള ഫിനാൻസ് കോർപ്പറേഷനിൽ നിന്നാണെന്നും ധനമന്ത്രി പറഞ്ഞു.
ഏറ്റവും ഉയർന്ന വായ്പാ വിതരണം
2025 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ മികച്ച അറ്റാദായം നേടിയിരുന്നു. 98.16 കോടി രൂപയാണ് അറ്റാദായത്തിലെ വർധന. മുൻ വർഷത്തേക്കാൾ 32.56 ശതമാനം വർധനവാണ് കമ്പനി നേടിയത്. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ലാഭമായിരുന്നു ഇത്. കോർപ്പറേഷന്റെ വായ്പാ പോർട്ട്‌ഫോളിയോ ആദ്യമായി 8,000 കോടി രൂപ പിന്നിട്ടിരുന്നു എന്നതും ശ്രദ്ധേയമാണ്. ലോൺ പോർട്ട്ഫോളിയോ 8,011.99 കോടി രൂപയിലാണ്. കെഎഫ്‌സിയുടെ ആസ്തി 1,328.83 കോടി രൂപയായി ഉയർന്നിട്ടുണ്ട്. കെഎഫ്‌സിയുടെ വളർച്ച കേരളത്തിന്റെ വ്യാവസായിക മേഖലയ്ക്കും ഗുണകരമാണെന്ന് ധനമന്ത്രി വ്യക്തമാക്കി. സർക്കാരിൻ്റെ ഓഹരി മൂലധനം കെഎഫ്‌സിയുടെ മൂലധന പര്യാപ്തതാ അനുപാതം ശക്തിപ്പെടുത്താൻ സഹായകരമായി. 28.26 ശതമാനമാണിത്. എൻബിഎഫ്‌സികൾക്ക് ആർബിഐ നിർദ്ദേശിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ നിരക്കായ 15 ശതമാനത്തേക്കാൾ ഉയർന്ന തുകയാണിത്. കൂടാതെ നിഷ്ക്രിയാസ്തി 2.88 ശതമാനത്തി ൽ നിന്ന് 2.67 ശതമാനമായി കുറഞ്ഞതായും നേരത്തെ കേരള ഫിനാൻസ് കോർപ്പറേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.