തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു പൊതുമേഖലാ സ്ഥാപനം ലുലു മാളിൽ ഷോറൂം തുറക്കുന്നു. കേരള സ്റ്റേറ്റ് കയർ കോർപ്പറേഷന്റെ അത്യാധുനിക ‘മാട്രസ് എക്‌സ്പീരിയൻസ് ഷോറൂം’ ജൂലൈ 10-ന് വൈകുന്നേരം 6 മണിക്ക് വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
1000 ച.അടി വിസ്തൃതിയിൽ പ്രവർത്തിക്കുന്ന ഈ ഷോറൂം, 5000 രൂപ മുതൽ 2 ലക്ഷം രൂപ വരെ വിലയിലുള്ള മെത്തകളുടെ വൈവിധ്യമാര്‍ന്ന ശേഖരം വാഗ്ദാനം ചെയ്യുന്നു. കേരളത്തിന്റെ പ്രത്യേകതയായ കയർ ഉൽപ്പന്നങ്ങളുടെ പ്രദർശന-വിപണന സൗകര്യവും ഇവിടെ ലഭ്യമാകും. വാൾമാർട്ട് തുടങ്ങിയ അന്താരാഷ്ട്ര കമ്പനികൾക്ക് കയറ്റുമതി ചെയ്യുന്ന കേരള സ്റ്റേറ്റ് കയർ കോർപ്പറേഷന്റെ ഉൽപ്പന്നങ്ങൾക്ക് ഈ ഷോറൂം വഴി പുതിയ വിപണി വികസിപ്പിക്കാനും ആഗോള തലത്തിൽ അംഗീകാരം നേടാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചടങ്ങിൽ കയർ കോർപ്പറേഷൻ ചെയർമാൻ ജി. വേണുഗോപാൽ, കയർ വകുപ്പ് ഡയറക്ടർ ആനി ജൂലാ തോമസ്, ബി.പി.ടി ചെയർമാൻ അജിത് കുമാർ, കയർ കോർപ്പറേഷൻ എം.ഡി. ഡോ. പ്രതീഷ് ജി. പണിക്കർ എന്നിവർ പങ്കെടുക്കും. കേരളത്തിന്റെ പരമ്പരാഗത കയർ വ്യവസായത്തിന് ഒരു പുതിയ യുഗം ഉണ്ടാക്കാനുള്ള ശ്രമമാണ് ഈ ഷോറൂം.