Budget 2024-25: മൂന്നാം മോദി സർക്കാരിന്റെ ബജറ്റ്, 2024 ജൂലൈ മൂന്നാം വാരത്തിൽ അവതരിപ്പിക്കും. ആഗോള തലത്തിൽ നിരവധി അനിശ്ചിതാവസ്ഥകൾ നില നിൽക്കുന്ന സാഹചര്യത്തിലാണ് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരണം നടത്തുന്നത്. യു.എസ്,യൂറോപ്പ് തുടങ്ങിയ ഇടങ്ങളിലെ സാമ്പത്തിക വളർച്ചയിലെ മുരടിപ്പ്, റഷ്യ-യുക്രൈൻ, ഇസ്രയേൽ-പാലസ്തീൻ സംഘർഷ സാഹചര്യം തുടങ്ങിയവയെല്ലാം ആഗോള സാമ്പത്തിക രംഗത്ത് ആശങ്കകൾ സൃഷ്ടിക്കുന്ന സമയമാണിത്. ധൈര്യപൂർവ്വമുള്ള ചുവടുകളും, സാമ്പത്തിക അച്ചടക്കവും സമന്വയിക്കുന്ന ഒരു ബജറ്റ് അവതരണം എന്ന വെല്ലുവിളിയാണ് സർക്കാരിനു മുന്നിലുള്ളത്. ബജറ്റുമായി ബന്ധപ്പെട്ട പൊതുവായ ചില സംശയങ്ങളും, ഉത്തരങ്ങളുമാണ് ഇവിടെ നൽകിയിരിക്കുന്നത്.
1. എപ്പോഴാണ് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ 2024-25 വർഷത്തെ ബജറ്റ് അവതരണം നടത്തുക?
2024 ജൂലൈ മൂന്നാം വാരത്തോടെയായിരിക്കും കേന്ദ്ര ധനമന്ത്രി, പാർലമെന്റിൽ 2024-25 വർഷത്തേക്കുള്ള ബജറ്റ് അവതരണം നടത്തുക. ജൂലൈ 23/24 ദിവസങ്ങളിൽ എതെങ്കിലുമായിരിക്കും ബജറ്റ് അവതരണം നടക്കുകയെന്നാണ് റിപ്പോർട്ടുകൾ.
2. പാർലമെന്റിലെ ബജറ്റ് സെഷൻ എപ്പോഴാണ് ആരംഭിക്കുന്നത്? അവസാനിക്കുന്നതെപ്പോൾ?
പതിനെട്ടാം ലോക്സഭയുടെ ആദ്യ സെഷൻ ജൂലൈ 4ന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ അവസാനിക്കും. തുടർന്ന് ജൂലൈ 22ന് പാർലമെന്റിൽ മൺസൂൺ സെഷൻ ആരംഭിക്കും. ഇത് ആഗസ്റ്റ് 9 വരെ നീണ്ടു നിൽക്കും.
3. എപ്പോഴാണ് രാഷ്ട്രപതി ബജറ്റ് സെഷനു മുമ്പ് പാർലമെന്റിലെ ഇരു സഭകളേയും അഭിസംബോധന ചെയ്യുന്നത്?
രാഷ്ട്രപതി ദ്രൗപദി മുര‍്മു ലോക്സഭയുടെയും, രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ ജൂൺ 27ന് അഭിസംബോധന ചെയ്യും.
4. എന്താണ് സാമ്പത്തിക സർവ്വേ?
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ഒരു വർഷത്തെ പ്രകടനം/വളർച്ച സംബന്ധിച്ച റിപ്പോർട്ടാണ് സാമ്പത്തിക സർവ്വേ (Economic Survey) എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. സാമ്പത്തിക രംഗത്തെ പ്രധാനപ്പെട്ട വെല്ലുവിളികൾ, അവയുടെ പരിഹാരങ്ങൾ തുടങ്ങിയവ ഇതിലൂടെ ലഭ്യമാകുന്നു. ഇത്തവണത്തെ സാമ്പത്തിക സർവ്വേ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ ഡോ.എൻ. അനന്ത നാഗേശ്വരന്റെ നേതൃത്ത്വത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.
5. എന്താണ് ഒരു ഇടക്കാല ബജറ്റും, സമ്പൂർണ ബജറ്റും തമ്മിലുള്ള വ്യത്യാസം?
ഹ്രസ്വകാലത്തേക്ക് സർക്കാരിന്റെ ചെലവുകൾ മുന്നോട്ടു കൊണ്ടു പോകാൻ തയ്യാറാക്കുന്ന ഒരു താൽക്കാലിക സാമ്പത്തിക ബ്ലൂ പ്രിന്റാണ് ഇടക്കാല ബജറ്റ്. പുതിയ സർക്കാർ അധികാരം ഏറ്റെടുക്കുന്നതു വരെയാണ് ഇതിന് പ്രാബല്യം. കഴിഞ്ഞ ഫെബ്രുവരിയിൽ ഇത്തരത്തിൽ ഇടക്കാല ബജറ്റ് അവതരണമാണ് നടന്നത്. പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ ഈ സാമ്പത്തിക വർഷത്തിലെ അവശേഷിക്കുന്ന മാസങ്ങളിലേക്കായി സമഗ്രമായ ബജറ്റ് അവതരണമാണ് ഇനി നടക്കാൻ പോകുന്നത്.