Bright Business Kerala

BUSINESS NEWS

അഞ്ച് വർഷത്തിനുള്ളിൽ അദാനി ഗ്രൂപ്പ് കേരളത്തിൽ 30,000 കോടി നിക്ഷേപിക്കും: കരൺ അദാനി

അഞ്ച് വർഷത്തിനുള്ളിൽ അദാനി ഗ്രൂപ്പ് കേരളത്തിൽ 30,000 കോടി നിക്ഷേപിക്കും: കരൺ അദാനി
  • PublishedApril 2, 2025

കേരളത്തിൽ കോടികളുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച് അദാനി ​ഗ്രൂപ്പ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അദാനി ഗ്രൂപ്പ് കേരളത്തിലെ വിവിധ പദ്ധതികളിലായി 30,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി പോർട്സ് ആൻഡ് സെസ് ലിമിറ്റഡ് (എപിഎസ്ഇഇസെഡ്) എംഡി കരൺ അദാനി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിനായുള്ള 20,000 കോടി രൂപയുടെ അധിക നിക്ഷേപവും ഇതിൽ ഉൾപ്പെടും. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ (ഐകെജിഎസ് 2025) ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് കേരളത്തിൽ കോടികളുടെ നിക്ഷേപം നടത്തുമെന്ന് കരൺ അദാനി അറിയിച്ചത്. ആഗോള വാണിജ്യമേഖലയുടെ സുപ്രധാന സ്ഥാനത്ത് ഇന്ത്യയെ നിലനിർത്താൻ വിഴിഞ്ഞം തുറമുഖത്തിലൂടെ സാധിക്കും. 2015 ൽ വിഴിഞ്ഞം പോർട്ടിന് നേതൃത്വം നൽകിയ അദാനി ഗ്രൂപ്പ് ഇതിനകം 5,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും 20,000 കോടി രൂപയുടെ അധിക നിക്ഷേപം നടത്തുമെന്നും കരൺ അദാനി പറഞ്ഞു.

ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതയിലാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത്. തുറമുഖം കമ്മീഷൻ ചെയ്യുന്നതിന് മുമ്പുതന്നെ 24,000 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ ഇന്ത്യയിലാദ്യമായി വിഴിഞ്ഞത്ത് എത്തിയിരുന്നു. ഇതിലൂടെ തുറമുഖം ചരിത്രം സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്പ്മെൻ്റ് ഹബ്ബെന്നത് മാത്രമല്ല, ഈ ഭാഗത്തെ ഏറ്റവും വലിയ ട്രാൻസ്ഷിപ്പ്മെൻ്റ് തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും കരൺ അദാനി പറഞ്ഞു. 5,500 കോടി രൂപയുടെ നിക്ഷേപിക്കുന്നതിലൂടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ശേഷി 4.5 ദശലക്ഷം യാത്രക്കാരിൽ നിന്ന് 12 ദശലക്ഷമായി വർദ്ധിപ്പിക്കും. കൊച്ചിയിൽ ലോജിസ്റ്റിക്സ് ആൻഡ് ഇ-കൊമേഴ്സ് ഹബ്ബ് സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Written By
Businesskerala

Leave a Reply

Your email address will not be published. Required fields are marked *